2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുണ്ടറ പീഡനം: പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

കൊട്ടാരക്കര: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍. വിക്ടര്‍ ഡാനിയേല്‍ (ഞണ്ട് വിജയന്‍-62) ആണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. 2015 ഏപ്രില്‍ മുതല്‍ പീഡിപ്പിച്ചുവരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മുത്തച്ഛന്‍ കഴിഞ്ഞ നാലു ദിവസമായി പൊലിസ് കസ്റ്റഡിയിലായിരുന്നു. ഇയാളോടൊപ്പം കസ്റ്റഡിയിലായിരുന്ന മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തച്ഛന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മകള്‍ ഷീജയും പേരക്കുട്ടികളും പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴിനല്‍കി. ഇതുവരെ അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കേസിന്റെ സത്യാവസ്ഥ പുറത്തായത്. പൊലിസിലെ മനഃശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിങ്ങിന് ശേഷമാണ് ഇവര്‍ ചോദ്യംചെയ്യലിനോട് സഹകരിക്കാന്‍ തയാറായത്.
പെണ്‍കുട്ടിയുടെ അമ്മയെയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ പിതാവായ ജോസ് കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് നേരത്തേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിനെ തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും വിക്ടറിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.