2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുട്ടിയെ അടിക്കുമ്പോള്‍…

നവാസ് മൂന്നാംകൈ 9847 321 323

കുട്ടികള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ പൊന്നോമനകള്‍ തന്നെയായിരിക്കും.ഏറെ കരുതലോടെയാണ് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത്. എന്നാല്‍ ചില രക്ഷിതാക്കള്‍ കഠിനഹൃദയമുള്ളവര്‍ ആയിരിക്കും. കുട്ടികളെ വരച്ച വരയില്‍ നിര്‍ത്താനാവും അവരുടെ ശ്രമം. അനുസരിച്ചില്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുവാനും അവര്‍ തയ്യാറാകും. ശിക്ഷ കൊണ്ട് കുട്ടികള്‍ നേരെയാകുമെന്ന്അവര്‍ തെറ്റിദ്ധരിക്കുന്നു.

കുട്ടികള്‍ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നവരാണ്. രക്ഷകര്‍ത്താവിന്റെ സ്‌നേഹത്തിനും പരിഗണനയ്ക്കും പകരംവയ്ക്കാവുന്ന മറ്റൊന്നുമില്ല. അവര്‍ എപ്പോഴും കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ പ്രോത്സാഹനത്തിന്റേതാവണം. അത് അവര്‍ക്ക് നല്‍കേണ്ടതിന്റെ ഉത്തരവാദിത്വംരക്ഷിതാക്കള്‍ക്കാണ്. പഠനകാലത്ത് ക്ലാസ്സിലിരുന്ന് ചിത്രം വരച്ച അഡോള്‍ഫ് ഹിറ്റ്‌ലറെ പ്രോത്സാഹിപ്പിക്കുന്നതിന് പകരംവളരെ ക്രൂരമായാണ് അവന്റെ അച്ഛന്‍ പെരുമാറിയത്. മനസ്സില്‍ കരുണയുള്ള ആളായിരുന്നില്ല അദ്ദേഹം.ബാല്യകാല അനുഭവങ്ങളാണ് ഹിറ്റ്‌ലറെ മാനവചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനാക്കിയത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ അദ്ദേഹം അറുപത് ലക്ഷം യഹൂദരെ കൊന്നൊടുക്കി. കലാകാരന്‍മാരെയും വികലാംഗരെയും തിരഞ്ഞ്പിടിച്ച് വെടിവെച്ചുകൊന്നു. സ്വന്തം അച്ഛന്റെയും മുത്തശ്ശിയുടെയും കുഴിമാടത്തിലൂടെയുദ്ധടാങ്കറുകള്‍ ഓടിച്ചുകയറ്റിയ ഏകാധിപതിയായി ഹിറ്റ്‌ലര്‍ മാറിയത് അച്ഛന്റെ അമിതമായ ശിക്ഷ കൊണ്ടായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നതു മാത്രമാണ് അയാള്‍ കണ്ടത്.അഞ്ചാമത്തെ വയസ്സില്‍ മാതാവ് ഒളിച്ചോടി. പട്ടികളോടെന്നപോലെയാണ് പിതാവ് പിന്നീട് പെരുമാറിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി മര്‍ദ്ദിച്ചു. ശാപവും ശകാരവുമല്ലാതെ ഹിറ്റ്‌ലര്‍ കേട്ടിരുന്നില്ല. ഒടുവില്‍ അവര്‍ ഒന്നുറപ്പിച്ചു. ഇതിനെല്ലാം ഞാന്‍ പകരം വീട്ടും. സംഹാരമനസ്സ് വളര്‍ന്നുവലുതായി. അവസാനം ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനായി ഹിറ്റ്‌ലര്‍ മാറുകയായിരുന്നു. മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളും അപശബ്ദങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടികള്‍ കേള്‍ക്കാനിടവരും. കുട്ടികളെ തരംതാണ വാക്കുകള്‍കൊണ്ട് സംബോധന ചെയ്യുന്നതും ശപിക്കുന്നതും ശകാരിക്കുന്നതുമെല്ലാം കുട്ടികളില്‍ അരക്ഷിത ബോധം സൃഷ്ടിക്കാനും താളം തെറ്റിയ മാനസികാവസ്ഥ രൂപപ്പെടാനും കാരണമാകും.

പരസ്പരം സ്‌നേഹിക്കാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌നേഹിക്കാനോ അവരില്‍ സുരക്ഷിതത്വബോധം ജനിപ്പിക്കാനോ കഴിയില്ല. കുട്ടിക്ക് വേണ്ടത് ഉപാധിയില്ലാത്ത സ്‌നേഹമാണ്. അനുഭവങ്ങള്‍ ഉപദേശത്തേക്കാള്‍ ഫലം ചെയ്യും. അതിനാല്‍ നല്ല അനുഭവങ്ങള്‍ നല്‍കാന്‍ കഴിയണം. രണ്ടായിരത്തിഇരുപതോളം കുടുംബങ്ങളില്‍ നാല് വയസ്സിനും പതിനാല് വയസ്സിനുമിടയിലുള്ള കുട്ടികളെ കണ്ടെത്തിആല്‍ഡ്രിയ ഹാസന്‍ ഒരു ഗവേഷണം നടത്തി. പിതാക്കളുടെ തല്ലും കുത്തും ചീത്തവിളികളും കേട്ട് ജീവിക്കേണ്ടിവരുന്ന അമ്മമാരെ കണ്ട് വളരുന്ന കുട്ടി ആക്രമണത്തിന്റെ വഴി തേടുന്നുവെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് മാനസികാരോഗ്യം വളരെ കുറവായിരിക്കും. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളെ സ്വാധീനിക്കുന്നു. ഭര്‍ത്താവില്‍ നിന്നും സ്ഥിരമായി കിട്ടുന്ന പീഢനം മക്കളോടുള്ള മാതാവിന്റെ സമീപനത്തെ സ്വാധീനിക്കുന്നു.

ചെറുപ്രായത്തില്‍ രക്ഷിതാക്കളുമായാണ് കുട്ടികള്‍ കൂടുതല്‍ ഇടപഴകുന്നത്. അത്‌കൊണ്ട്തന്നെമാതാപിതാക്കളുടെ ഓരോ പ്രവൃത്തിയും, പെരുമാറ്റവും, നോട്ടവും, പുഞ്ചിരിയും, തലോടലും, സ്‌നേഹത്തിന്റെ കുളിര്‍മ്മയുള്ള ഭാവങ്ങളും വഴി അവരുടെ ഓരോ നിമിഷവും സദ്പ്രവൃത്തികളും സദ്‌വികാരങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും കണ്ട്, അനുഭവിച്ച്, അനുകരിച്ച്, അറിഞ്ഞ് കുട്ടി വളരണം. നമ്മുടെ ജീവിതത്തിലൂടെ നാം അവര്‍ക്ക് സജീവമായ മാതൃകയാവണം. നമ്മുടെ സത്യസന്ധത, ആത്മാര്‍ത്ഥത, സ്‌നേഹം, സഹാനുഭൂതി, ആദര്‍ശനിഷ്ഠ, ശാന്തമായ പെരുമാറ്റം, മനോനിയന്ത്രണം, ആത്മവിശ്വാസം, സഹകരണം ഇവയൊക്കെ കുട്ടി മനസ്സിലാക്കും. അനുകരിക്കും. പഠിക്കും. സ്വന്തമാക്കും. നമ്മുടെ പെരുമാറ്റം മറിച്ചാണെങ്കിലോ? നമ്മുടെ പൊട്ടിത്തെറി, അനിയന്ത്രിതമായ വികാരവിസ്‌ഫോടനം, ദേഷ്യം, വഴക്കുണ്ടാക്കല്‍, കലിതുള്ളല്‍, കളവ് പറയല്‍, അറപ്പ്, വെറുപ്പ്, പുച്ഛം, അവഗണന, അതിമോഹം, ചതി, സ്വാര്‍ത്ഥത, ക്രൂരത ഇതുപോലെയുള്ള മോശമായ പ്രതികരണങ്ങള്‍ കുട്ടി കണ്ടെത്തും. അനുകരിക്കുകയും സ്വന്തമാക്കുകയും ചെയ്യും. കുട്ടിപോലുമറിയാതെ ചിന്തയും പെരുമാറ്റവും പ്രവൃത്തിയും ദുഷിക്കും. അവന്റെ വ്യക്തിത്വംവികലമാകും. പുഞ്ചിരിക്കേണ്ട കുട്ടി പൊട്ടിത്തെറിക്കും. സ്‌നേഹിക്കേണ്ട കുട്ടി വെറുക്കും. കൂട്ടംകൂടി നടക്കേണ്ട കുട്ടി കൂട്ടംതെറ്റി നടക്കും. കൂട്ടുകാരുണ്ടാകേണ്ട കുട്ടിക്ക് ശത്രുക്കള്‍ ഉണ്ടാകും. എന്നാല്‍ സത്യത്തില്‍ രക്ഷിതാക്കളെ അനുകരിക്കുക മാത്രമാണ് ഇവിടെ കുട്ടി ചെയ്തതെന്നോര്‍ക്കണം.

വെറുപ്പ് ഊട്ടിയല്ല നാം കുട്ടികളെ വളര്‍ത്തേണ്ടത്. വിദ്വേഷമല്ല നമുക്ക് വേണ്ടത്. സ്‌നേഹത്തിന്റെ നിറവായ്, പുഴയായ് നമ്മുടെ മക്കള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കണം. കുറവുകളില്‍ നിന്ന് നിറവുകള്‍ സൃഷ്ടിക്കുന്നതിലാണ് ജീവിതവിജയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.