2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കുടുംബശ്രീയുമായി ചേര്‍ന്ന് കാഞ്ഞങ്ങാട്ട് ഷീ ലോഡ്ജും ഷീ ടാക്‌സിയും

കാഞ്ഞങ്ങാട്: കുടുംബശ്രീയുമായി സഹകരിച്ച് കാഞ്ഞങ്ങാട് നഗരസഭയില്‍ നിരവധി ജനക്ഷേമ പരിപാടികള്‍ ആരംഭിക്കുന്നതിന് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘സ്വീപ്-2020 ‘ശില്‍പശാലയില്‍ തീരുമാനമായി. വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം നേരിട്ട് ശേഖരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലെത്തിക്കാന്‍ സംവിധാനമൊരുക്കുന്ന ഹരിതകര്‍മസേന ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിക്കും. സ്ത്രീസുരക്ഷക്ക് പ്രാധാന്യംനല്‍കി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ ഷീ ടാക്‌സി സര്‍വിസും നഗരസഭയില്‍ ആരംഭിക്കും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും വിവിധ ഉപജീവന പരിശീലന പരിപാടികള്‍ക്കുമായി പ്രത്യേക കേന്ദ്രം ഈവര്‍ഷം ആരംഭിക്കും.
അതേസമയം നിര്‍മാണമേഖലയില്‍ സ്ത്രീസാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെട്ടിടനിര്‍മാണത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കി കുടുംബശ്രീയുടെ കീഴില്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. കൂടാതെ ഒരു ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കൂലിപ്പണി, ഇലക്ട്രീഷ്യന്‍, കംപ്യൂട്ടര്‍ സര്‍വിസിങ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും.
പരിപാടി നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍. സുലൈഖ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗംഗാ രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി പി.എന്‍ അനീഷ്, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ പി.ആര്‍ രാജശേഖരന്‍ നായര്‍, കുടുംബശ്രീ എ.ഡി.എം സി. ജോസഫ് പെരുകില്‍, സി. ഹരിദാസന്‍, പി.വി ജയചന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ ടി.വി പ്രേമ, സുജിനി സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.