2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു

പാലക്കാട്: മാനസികമായും ശാരീരികമായും അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമ പരിരക്ഷ ഉറപ്പുവരുത്താന്‍ കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു. സ്‌നേഹിതയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നത്. പാലക്കാട് സിവില്‍ സ്‌റ്റേഷനു സമീപം ( ഫയര്‍ സ്റ്റേഷന്‍ റോഡ്) കല്ലേക്കാട് റസിഡന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌കില്‍ എല്ലാ ബുധനാഴ്ച്ചകളിലും അഡ്വ. മിനി ഫ്രാന്‍സിസിന്റെ നേതൃത്വത്തിലാണ് നിയമ സഹായം ലഭ്യമാക്കുക. കൂടാതെ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഏജന്‍സിയില്‍ എല്ലാ ശനിയാഴ്ചകളിലും സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌കിലെ കൗണ്‍സിലറുടെ സേവനവും ഉണ്ടാകും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള നാനാതരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ അഭയമൊരുക്കുന്നതിനും കുടുംബശ്രീയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്. കൂടുതല്‍ ജനകീയവും കാര്യക്ഷമവുമായി സ്‌നേഹിതയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി മൂന്നാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്‌നേഹിതയുടെ മൂന്നാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര നിര്‍വഹിച്ചു. ഡെല്‍സയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ തുഷാര്‍.എം അദ്ധ്യക്ഷനായി.
വിശ്വാസ് ഏജന്‍സിയുടെ സെക്രട്ടറി പ്രേംനാഥ്, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജംഷീന നന്ദിയും പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരു സാമുഹ്യയിടം സൃഷ്ടിക്കുന്നതിനും അവരുടെ ഉപജീവനത്തിനും അതിജീവനത്തിനും സഹായകമാകുന്ന പിന്തുണകള്‍ ലഭ്യമാക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിത ശിശുസഹായ കേന്ദ്രമാണ് സ്‌നേഹിത. 2015 ഏപ്രില്‍ മാസം മുതല്‍ പാലക്കാട് ജില്ലയില്‍ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരുന്നു. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 5 സേവനദാതാക്കളും 2 കൗണ്‍സിലര്‍മാരും വിവിധ ചുമതലകളുള്ള 4 പേരുമടക്കം പതിനൊന്ന് ജീവനക്കാര്‍ സദാ സന്നദ്ധരായി സ്‌നേഹിതയിലുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള താല്‍കാലിക അഭയം, യാത്രക്കിടയില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക ആശ്രയം, 24 മണിക്കൂര്‍ സൗജന്യ കൗണ്‍സിലിംഗ്, പോലീസ് നിയമ കൗണ്‍സിലിംഗ് സഹായങ്ങള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യസഹായം, സുരക്ഷ അതിജീവനം ഉപജീവനം എന്നിവയ്ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍, മിനി ലൈബ്രറി & റീഡിംഗ് റൂം, റിക്രിയേഷണല്‍ സൗകര്യം എന്നിവയാണ് സ്‌നേഹിത നല്‍കുന്ന സേവനങ്ങള്‍.
പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍, ബ്ലോക്ക് ലെവല്‍ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍, മൈഗ്രേഷന്‍ സെന്ററുകള്‍, അട്ടപ്പാടി ഷെല്‍ട്ടര്‍ ഹോം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും സ്‌നേഹിതയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാന്‍ 18004252018 എന്ന ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.