2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കിലയുടെ സിറ്റി സാനിറ്റേഷന്‍ പ്രോഗ്രാം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചു

കോട്ടയം: നഗരത്തിലെ കുടിവെള്ളം-ശുചിത്വം തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും കിലയുടെ ഗവേഷണ വിഭാഗം തയ്യാറാക്കിയ സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ നഗരസഭാ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചു.
അടുത്ത 30 വര്‍ഷത്തേക്ക് നഗരസഭയില്‍ നടപ്പാക്കേണ്ട മിഷന്‍ പദ്ധതിയുടെ രൂപരേഖയാണ് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ചത്. നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണം, മാലിന്യനിര്‍മാര്‍ജനം, ഡ്രെയ്‌നേജ് സംവിധാനം, സാനിറ്റേഷന്‍ പ്രശ്‌നങ്ങള്‍ തുടങ്ങി അഞ്ച് മേഖലകളായി തിരിച്ചാണ് പദ്ധതികളും പരിഹാരനിര്‍ദേശങ്ങളുമാണ് പദ്ധതി മുന്നോട്ട് വക്കുന്നത്. കൗണ്‍സിലില്‍ വിശദമായി ചര്‍ച്ച നടത്തിയ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് ഓരോ മേഖലകള്‍ തിരിച്ച് വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതിനുശേഷമാണ് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ക്ക് അംഗീകാരത്തിനായി റിപോര്‍ട്ട് കൈമാറുക.
കുടിവെള്ളപ്രശ്‌നവും മാലിന്യനിര്‍മാര്‍ജനവും പ്രധാന വെല്ലുവിളികളാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് നഗരസഭയുടെ വിവിധ മേഖലകളില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിക്കണം. ചില സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നഗരസഭയില്‍ പൊതുസ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങി ടാങ്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കുടിവെള്ള വിതരണത്തിലെ പോരായ്മ കാരണം പലയിടത്തും ആഴ്ചയിലൊരിക്കല്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. പമ്പിങ് കൃത്യമായി നടക്കാത്തതും കാലപ്പഴക്കം ചെന്നതും വിസ്തീര്‍ണം കുറഞ്ഞതുമായ പഴയ പൈപ്പുകള്‍വഴിയുള്ള ജലവിതരണവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
നഗരസഭാ പരിധിയില്‍ റെയില്‍വേയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ല. കോട്ടയം മെഡിക്കല്‍ കോളജിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും പ്രവര്‍ത്തന രഹിതമാണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മെഡിക്കല്‍ കോളജില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ ഡോ. പി ആര്‍ സോന അറിയിച്ചു. നഗരത്തില്‍ 10 ഇടങ്ങളില്‍ പൊതു ശൗചാലയം നിര്‍മിക്കുമെന്നതാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ നാഗമ്പടം, പച്ചക്കറി മാര്‍ക്കറ്റ്, തിരുനക്ക ബസ് സ്റ്റാന്റ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിലാണ് പൊതുശൗചാലയങ്ങളുള്ളത്. എന്നാല്‍, ഇവയില്‍ പലതും ഉപയോഗശൂന്യമാണ്. തിരുനക്കരയില്‍ സ്ഥാപിച്ച ഇ- ടോയിലറ്റ് നാഗമ്പടത്തേക്കുമാറ്റി സ്ഥാപിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. മദ്യക്കുപ്പികള്‍കൊണ്ടും സാമൂഹിക വിരുദ്ധരുടെ ശല്യംകൊണ്ട് മോശാവസ്ഥയിലായ സാഹചര്യത്തിലാണ് തിരുനക്കരയിലെ ഇ- ടോയ്‌ലറ്റ് നാഗമ്പടത്തേക്ക് മാറ്റാന്‍ നഗരസഭ ആലോചിക്കുന്നത്. നാഗമ്പടം, തിരുനക്കര, പോലിസ് മൈതാനം എന്നിവിടങ്ങളിലായി മൂന്ന് ഷീ ടോയ്‌ലറ്റുകളാണ് നഗരസഭാ പരിധിയിലുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.