2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കിനാവു പൂക്കുന്ന കഥകള്‍

ആരിഫ അസൈനാര്‍

‘അല്ലാഹു അക്ബറല്ലാഹു അക്ബര്‍’

വലിയപള്ളിയില്‍നിന്ന് സുബ്ഹി ബാങ്കുയര്‍ന്നു. നീരുവന്നു വണ്ണംവച്ച കാല്‍മുട്ടുകളില്‍ അമര്‍ത്തിപ്പിടിച്ച് കുഞ്ഞിക്കദിയുമ്മ തിടുക്കത്തില്‍ കുന്ന് കയറിത്തുടങ്ങി. കുന്നിന്‍ മുകളിലെ ഉപ്പാപ്പാന്റെ ദര്‍ഗയാണു ലക്ഷ്യം. ഒരോട്ടത്തിനു കയറിയിരുന്ന കുന്നാണ്. ഇന്ന് ഒരടി നടക്കാന്‍ കഴിയാത്തത്ര ക്ഷീണം.
പ്രായം വരുത്തിയ മാറ്റങ്ങളോര്‍ത്ത് കദിയുമ്മ ആരോടെന്നില്ലാതെ വ്യസനപ്പെട്ടു.
നിത്യേനയുള്ളതാണീ പോക്ക്. വഴിയിലുടനീളമുള്ള കല്ലിനും പുല്ലിനും വരെ കദിയുമ്മയെ അറിയാം. അവിടെയെത്തുന്നതുവരെ തന്റെ സകല ആവലാതികളും പറഞ്ഞാണു നടപ്പ്. പറയാനുള്ളതൊക്കെ മകന്‍ ഖാദറിനെ കുറിച്ചാണ്. ദിവസവും ഓരോരോ കഥകള്‍!
അന്നൊക്കെ ഓന്റെ കജ്ജും പുട്ച്ചാണ് പ്പാപ്പാന്റെ മഖാമിക്ക് പോന്നീര്ന്ന്. ഓന് അഞ്ച് വയസ്ള്ള സമേത്താണ് ഒരു പനി വര്ണ്. കടക്കുമ്പോ ഒരു ചല്‍ദോസം പോലൂല്ല. നേരം വെള്ത്തപ്പക്കും തൊട്ടാ പൊള്ളണ പനി ! കുട്ടി കജ്ജ്ന്ന് പോയ്ക്കുണൂന്ന് ഉണ്ണി വൈദേര് പറഞ്ഞപ്പോ കണ്ണ്‌റ്ട്ടടക്ക്ണ പോലെ തോന്നി. അപ്പക്കപ്പളെ മമ്മദ്ഹാജ്യേരെ ജീപ്പില് ചീക്ക്ക്ക് മണ്ടി. ഔട്‌ത്തെ ലാക്കട്ടറ് പറ്ഞ്ഞു ഒന്നും പറേനായിട്ടില്ലാന്ന്. ഏയാം പക്കോം ഓന്‍ കണ്ണ് തൊറന്നില.
നെയ്‌സൂനെ അബടെ നിര്‍ത്തീട്ട് ഞാന്ങ്ങ്ട്ട് പോന്നു. പാപ്പാന്റെ മഖാമ്ക്ക്. അവ്‌ടെ നിന്നങ്ങ്ട്ട് നെലോള്ച്ചു.
‘ഞാന് ഇന്നും ന്നലീം വരാന്‍ തൊടങ്ങേതല്ല ങ്ങളേര്ത്ത്ക്ക്. ങ്ങള് പറഞ്ഞാ പടച്ചോന്‍ വേഗം കേക്കൂല്ലേ. ച്ച്‌ന്റെ കുട്ടിനെ ങ്ങ്ട്ട് വാണം. ല്ലെങ്കി പിന്നെ ഞാനീ ദുനിയാവില്ണ്ടാകൂല്ല’
പൊതനോട് പൊതന്‍, എട്ടാംപക്കം ഓന്‍ കണ്ണ് തൊറന്നു. മ്മാന്ന് വിള്ച്ചു. പാപ്പാന്റെ പേരില് നീര്‍ച്ച വെച്ചീര്ന്ന പുഗ്ഗന്‍ കോയീനെ അറ്ത്ത് എല്ലാരീം വിള്ച്ച് മൗലൂദ് ണ്ടാക്കി. എന്തൊരു പൊലിവായ്ന്നു അന്ന്!’
വഴിയരികിലെ ഒടിച്ചുത്തിച്ചെടി എല്ലാം കേട്ടെന്ന മട്ടില്‍ തലയാട്ടി. കദിയുമ്മ മൂക്കു ചീറ്റി കണ്ണു തുടച്ച് വേച്ചുവേച്ചു നടന്നു. ചെറിയ ദര്‍ഗയാണത്. അധികമാരും വരാത്തതുകൊണ്ടു തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ വഴിയാണ് ദര്‍ഗയിലേക്ക്. മൂസ മുസ്‌ലിയാരാണ് അതു നോക്കിനടത്തുന്നത്. പണ്ഡിതനാണ്. പാപ്പാന്റെ ഖാദിമീങ്ങളുടെ പരമ്പരയിലെ ഒരു കണ്ണിയാണത്രെ മൂപ്പര്. ഒരു പക്ഷേ അവസാനത്തേതുമാകാം.
കദിയുമ്മ ദര്‍ഗയിലേക്കു കയറി. കിതപ്പു മാറും വരെ ഒരു മൂലയിലിരുന്നു. തലയിലെ പുള്ളിമക്കന നേരെയിട്ടു. തുണിയുടെ കോന്തലയില്‍നിന്ന് നൂറുരൂപ നോട്ടെടുത്തു.
‘മോല്യേരെ, ദ് ങ്ങള് ആ തലക്കും പാത്ത് വെച്ച്ട്ട് ഒന്ന് ദൊയര്‍ന്നേരീം’
‘കദിയാത്താ, ങ്ങക്കെന്തേലും എടങ്ങേറ് ണ്ടോ? മോത്തൊരു വല്ലായ്മ?’
‘ച്ചല്ല, ഖാദറിനാ. ഓന്റെ കച്ചോടത്തില് എന്തൊ നട്ടം പറ്റീക്കുണു. ഊണും ഒറക്കൊന്നില്ലാതെ നടക്ക്ണ് ണ്ട് നാലഞ്ചീസായ്ട്ട് ‘
മൂസ മുസ്‌ലിയാര്‍ അതു വാങ്ങി ദുആ ചെയ്ത് കദിയുമ്മയുടെ കൈയില്‍ തന്നെ കൊടുത്തു.
‘പടച്ചോനേ, ന്റെ കുട്ടിന്റെ എല്ലാ ഹാജത്തും നിറവേറ്റിക്കൊടുക്കണേ..
കടം കൊണ്ട് ജ്ജ് ഓനെ വലക്കര്ത് റബ്ബേ..’
കദിയുമ്മ ഖബറിനെ പുതപ്പിച്ച പട്ടിന്റെ നാലു മൂലയിലും പിടിച്ചു ദുആ ചെയ്ത് നോട്ട് മടക്കിച്ചുരുട്ടി പെട്ടിയിലിട്ടു.
കൈയിലെ തസ്ബീഹ് മാല അവിടെ തൂക്കിയിട്ട് ദര്‍ഗയുടെ പടികളിറങ്ങി.
കുത്തനെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെ നടന്നുനീങ്ങുമ്പോള്‍ കദിയുമ്മ വീണ്ടും പറഞ്ഞുതുടങ്ങി.
‘ങ്ങക്ക് കേക്കണോ? ഓനൊക്കെ പ്പൊ ആകെ മാറി. പാപ്പാന്റവ്ട്ക്ക് വരാന്‍ പറ്റൂല്ല. തസ്ബീ മാല പറ്റൂല്ല ദിക്‌റ് പറ്റൂല്ല. ഒക്കെ ശിര്‍ക്കാത്തരേ..’
‘ഓനിന്നോടൊന്ന് മുണ്ടീട്ട്, ന്റേര്‌ത്തൊന്ന് വന്നിര്ന്ന്ട്ട്, എത്തരീസായീന്നറ്യോ? അയ്‌നൊന്നും കൊയപ്പല്ലേര്ക്കും..’
മക്കനത്തലപ്പു കൊണ്ട് മുഖം തുടച്ച് കദിയുമ്മ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. പടിഞ്ഞാറു തിരിഞ്ഞുനിന്ന് ഇരു കൈകളുമുയര്‍ത്തി.
‘അല്ലാ, ന്റെ കുട്ട്യേള്‌ക്കൊന്നും വര്ത്തര്‌തേ..’
ഉതിര്‍ന്നുവീണ കണ്ണീരിനെ തട്ടിത്തെറിപ്പിച്ചുകൊണ്ടൊരു കാറ്റ് കദിയുമ്മയെ തഴുകി കടന്നുപോയി. കിനാവുകളില്‍ തട്ടിത്തടഞ്ഞ് കദിയുമ്മ വീണ്ടും കുന്നിറങ്ങിത്തുടങ്ങി…

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.