
ശരീരത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവയവമായി കിഡ്നിയെ വിലയിരുത്താവുന്നതാണ്. രക്ത ശുദ്ധീകരണമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രക്തത്തിലെ മാലിന്യങ്ങള്‍ പുറം തള്ളുകയും ഫഌയിഡ് നില വ്യതിയാനം വരാതെ നകോകുന്നതുമൊക്കെ കിഡ്നിയുടെ ധര്‍മങ്ങളില്‍ പെടുന്നു. കിഡ്നി ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ചിലപ്പോള്‍ കിഡ്നിയില്‍ ചെറുകല്ലുകള്‍ രൂപപ്പെടാറുണ്ട്. ഉപ്പുള്പ്പെടെയുള്ള ലവണങ്ങള്‍ പരലുകളായി രൂപപ്പെടുന്നതാണ് കാരണം. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്റെ ധാരാളിത്തവും സോഡിയം, റിഫൈന്‍ഡ് ഷുഗര്‍, ഫ്രക്ടോസ്, മുന്തിരിച്ചാറ്, ആപ്പിള്‍ ജൂസ് തുടങ്ങിയവയും ചീര, നിലക്കടല, ചോക്കലേറ്റ്, കൊകോ, സ്ട്രോബറി തുടങ്ങിയവയുടെ അമിതോപയോഗവും ഇതിനു കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു.
കട്ടിയുള്ള പിണ്ഡമാണ് കല്ലുകള്‍ എന്നറിയപ്പെടുന്നത്. ഇത് വലുപ്പമുള്ളതാണെങ്കില്‍ ഓപ്പറേഷന് നടത്തിവേണം നീക്കം ചെയ്യാന്‍. അതേസമയം കല്ലുകള്‍ ചെറുതാണെങ്കില്‍ ആഹാരപദാര്‍ഥങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുറംതള്ളാന്‍ സാധിക്കും. അതിന് സഹായകരമായ ആഹാരസാധനങ്ങളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇത് കിഡ്നിസ്റ്റോണ്‍ സുഖപ്പെടുത്താനും വരാതെ സൂക്ഷിക്കാനും ഉപകരിക്കും.
കിഡ്നിയിലും മറ്റ് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യത്തെ പുറംതള്ളാന്‍ കണ്‍കണ്ട ഔഷധമാണ് മാതളനാരങ്ങ അഥവാ പൊമിഗ്രാനേറ്റ്. കിഡ്നിയില്‍ നിന്നു മാത്രമല്ല, നമ്മുടെ ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളില്‍ നിന്നും മാലിന്യം പുറംതള്ളാനും മാതളം സഹായിക്കുന്നു.
നാരങ്ങയുടെ നീരും ഒലിവ് ഓയിലും കിഡ്നി സ്റ്റോണിനെ തടയുകയും ഉണ്ടെങ്കില്‍ അതിനെ പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. നാല് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ കാല്‍കപ്പ് നാരങ്ങാനീരില്‍ ചേര്‍ത്ത് കഴിക്കുക. പിന്നാലെ ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ദിവസവും ആവര്‍ത്തിക്കുന്നത് രോഗശമനം വരുത്തും.
നാരങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. നാരങ്ങാവെള്ളം കാത്സ്യം രൂപമെടുക്കുന്നത് തടയും. അത് കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നതിനെ തടയുകയും ചെയ്യും.
കൊടിത്തൂവയുടെ ഇല ഉണക്കി രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു കപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ക്കുക. 10-15 മിനിറ്റ് നേരം കുതിരാന്‍ അനുവദിക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. ഈ വെള്ളം ദിവസം രണ്ടോ മൂന്നോ പ്രാവശ്യമായി ആഴ്ചകള്‍ ആവര്‍ത്തിക്കുക. അത് ഗുണകരമായ മാറ്റമുണ്ടാക്കും.
അമരപ്പയര്‍ തലേദിവസം വെള്ളത്തില്‍ ഇട്ടുവയ്ക്കുക. പിറ്റേന്ന് കുക്കറിലോ മറ്റോ വേവിയ്ക്കുക. ഒരു കണ്ണകന്ന തുണിയുപയോഗിച്ച് വെള്ളം അരിച്ചെടുക്കുക. ഈ വെള്ളം ഏഴ് എട്ട് മണിക്കൂര്‍ അനക്കാതെ വയ്ക്കുക. ഈ വെള്ളം ദിവസവും കുറേശ്ശെ കഴിക്കുക.
ഇന്ന് പച്ചക്കറിക്കടകളില്‍ കാണുന്ന സെലറിയെന്ന പച്ചക്കറിയുടെ വിത്ത് സ്റ്റോണിനെ പ്രതിരോധിക്കും. രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ സെലറി വിത്ത് ഇടുക. സിമ്മറിലാക്കി ചൂടാക്കുക.
കുറച്ചു സമയത്തിനുശേഷം ഈ മിശ്രിതം തണുക്കാന്‍ അനുവദിക്കുക. തുണിയില്‍ അരിച്ചെടുത്ത വെള്ളം ദിവസത്തില്‍ ഒരിക്കലെന്ന കണക്കില്‍ കുറേശ്ശെ കുടിക്കുക.
തിളച്ച വെള്ളത്തിലേക്ക് അഞ്ചോ ആറോ തുളസി ഇലകള്‍ ചേര്‍ക്കുക. പത്ത് മിനിറ്റ് തിളയ്ക്കാന്‍ അനുവദിക്കുക. പിന്നീട് അരിച്ചെടുത്ത് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ തുളസിയില ചവച്ച് കഴിക്കുന്നതും സ്റ്റോണിനെ പുറംതള്ളാന്‍ സഹായിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ അപ്പക്കാരം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. യൂറിക് ആസിഡ് മൂലം രൂപപ്പെടുന്ന കിഡ്നി സ്റ്റോണിനെ അലിയിച്ചുകളയാന്‍ ഈ മിശ്രിതത്തിന് ശേഷിയുണ്ട്. അതുപോലെ സ്റ്റോണ്‍ മൂലമുണ്ടാകുന്ന വേദന അകറ്റാനും ഉപകരിക്കും.
ആപ്പിള്‍ സിഡര്‍ വിനീഗര്‍ തേനുമായി രണ്ടിന് ഒന്ന് എന്ന അനുപാതത്തില്‍ ചേര്‍ക്കുക. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ ഈ മിശ്രിതം ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം കഴിക്കുന്നതും കിഡ്നി സ്റ്റോണിന് പരിഹാരമാണ്.
ഇവ കൂടാതെ ഓറഞ്ച്, പഴം, മുന്തിരി, തക്കാളി എന്നിവ കാത്സ്യത്തെ ലയിക്കാന്‍ സഹായിക്കുന്നു. ഇതുവഴി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.