2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കിങ്‌സ് കപ്പ്: ക്വാര്‍ട്ടറില്‍ ബാഴ്‌സയ്ക്ക് നാട്ടങ്കം

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് പോരാട്ടത്തിന്റെ ക്വര്‍ട്ടറിലേക്ക് മുന്നേറി. രണ്ടാം പാദ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. നേരത്തെ ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ ബാഴ്‌സ- സെല്‍റ്റ വിഗോയോട് 1-1ന് സമനില വഴങ്ങിയിരുന്നു. സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ അവര്‍ ഇരു പാദങ്ങളിലുമായി 6-1ന്റെ വിജയമാണ് കുറിച്ചത്.
സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ വിജയിച്ചത്. കളിയുടെ 13, 15 മിനുട്ടുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വല ചലിപ്പിച്ചത്. ശേഷിച്ച ഗോളുകള്‍ ജോര്‍ദി ആല്‍ബ, ലൂയീസ് സുവാരസ്, റാകിറ്റിച് എന്നിവരും വലയിലാക്കി. ബാഴ്‌സയുടെ ആദ്യ നാല് ഗോളുകളും ഒന്നാം പകുതിയില്‍ തന്നെ പിറന്നു.
മറ്റ് മത്സരങ്ങളില്‍ എസ്പാന്യോള്‍ ലെവാന്റെയെ 2-0ത്തിന് വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ പാദത്തില്‍ 2-1ന് പരാജയപ്പെട്ട എസ്പാന്യോള്‍ നിര്‍ണായകമായ രണ്ടാം പാദത്തില്‍ രണ്ട് എവേ ഗോളുകള്‍ നേടി ഇരു പാദ പോരാട്ടം 3-2ന് സ്വന്തമാക്കുകയായിരുന്നു. കരുത്തരായ സെവിയ്യ 2-1ന് കാഡിസിനെ വീഴ്ത്തി ഇരു പാദങ്ങളിലുമായി 4-1ന്റെ വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ബാഴ്‌സയ്ക്ക് മറ്റൊരു കറ്റാലന്‍ ടീമായ എസ്പാന്യോളാണ് എതിരാളികള്‍. ഇതോടെ ബാഴ്‌സയുടെ അവസാന എട്ടിലെ മത്സരം നാട്ടങ്കമായി മാറി. റയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ നേരത്തെ തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു. റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ ലെഗാനസുമായും അത്‌ലറ്റിക്കോ മാഡ്രിഡ്- സെവിയ്യയുമായും ഏറ്റുമുട്ടും. വലന്‍സിയക്ക് ആലാവസാണ് എതിരാളികള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.