2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കാസര്‍കോട് നഗരസഭയില്‍ ‘എല്ലാം ശരിയായി..!’ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു കൂട്ട സ്ഥലം മാറ്റം 21 വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു കൂട്ടസ്ഥലമാറ്റം. കഴിഞ്ഞ 23 നാണു സെക്രട്ടറിയടക്കമുള്ള 15 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴുപേര്‍ പുതുതായി ചാര്‍ജെടുത്തുവെങ്കിലും സെക്രട്ടറിയടക്കമുള്ളവര്‍ എത്താത്തതിനെ തുടര്‍ന്നു നഗരസഭയിലെ ഓഫിസ് നിര്‍വഹണം താറുമാറായി. പുതിയ സെക്രട്ടറി ചാര്‍ജെടുക്കാത്തതിനെ തുടര്‍ന്നു ജൂലൈയിലെ ശമ്പളവും കൗണ്‍സലര്‍മാരുടെയടക്കം അലവന്‍സും വിതരണം ചെയ്യാനായില്ല. 21 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണു കാസര്‍കോട് ശമ്പളം മുടങ്ങുന്നതെന്ന് നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ‘സുപ്രഭാത ‘ത്തോടു പറഞ്ഞു.
കഴിഞ്ഞ 23നാണു നഗരസഭാ സെക്രട്ടറി, സെക്രട്ടറിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് , രണ്ടു സൂപ്രണ്ടുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സീനിയര്‍ ക്ലര്‍ക്ക്, ഹെല്‍ത്ത് സൂപ്രണ്ട് എന്നിങ്ങനെ 15 ഉദ്യോസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് രണ്ടു സൂപ്രണ്ടുമാരടക്കം ഏഴുപേര്‍ നഗരസഭയില്‍ ചുമതലയേറ്റുവെങ്കിലും സെക്രട്ടറിയുടേതടക്കമുള്ള സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതുമൂലം നഗരസഭയിലെ ഭരണ നിര്‍വഹണം പൂര്‍ണമായും സ്തംഭിച്ചു.
കൗണ്‍സില്‍ യോഗങ്ങളിലും മറ്റും പാസാക്കുന്ന അജണ്ടകളില്‍ ഒപ്പുവെക്കാന്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ കഴിയുന്നില്ല. ഇതുകാരണം ഭരണ സ്തംഭനമാണ് ഉണ്ടായിരിക്കുന്നത്. സ്ഥലം മാറിപോയ സെക്രട്ടറിക്കു പകരം ആളുവരാത്തിനാല്‍ ശമ്പള ബില്ല്, ചെക്കുകള്‍, ഇന്‍ഷൂറന്‍സ് തുക, വൈദ്യുതി ചാര്‍ജ് തുടങ്ങിയവയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
നഗരസഭയുടെ ദൈനംദിന കാര്യങ്ങള്‍ പോലും സ്തംഭനത്തിലേക്കു നീങ്ങുകയാണ്. നഗരസഭ നേരിടുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി രണ്ടുതവണ തദ്ദേശ വകുപ്പ് അധികൃതര്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കത്തു നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. നടപടിയുണ്ടാവാത്തിനാല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖേനയും സര്‍ക്കാരില്‍ കാര്യങ്ങള്‍ അറിയിച്ചുവെങ്കിലും ഒന്നും നടന്നില്ല.
അടിയന്തിരമായി ഇടപെടേണ്ട നിരവധി ഫയലുകള്‍ സെക്രട്ടറിയുടെ മേശപ്പുറത്തു കെട്ടിക്കിടക്കുകയാണ്. സെക്രട്ടറി ഒപ്പിട്ടു ജനങ്ങള്‍ക്കു നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഒപ്പിട്ടു നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും ഓഫിസില്‍ അതാതു സെക്ഷനുകളില്‍ കിടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.