2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കാശെറിയണം, വോട്ട് വീഴാന്‍

#ബാസിത് ഹസന്‍

തെരഞ്ഞെടുപ്പു കൊഴുക്കാന്‍ പണം വാരിയെറിയണമെന്ന് അറിയാത്തവര്‍ നാട്ടിലില്ല. ബൂത്ത്‌വരെ നാണയം കിലുങ്ങുമ്പോഴേ പ്രവര്‍ത്തകരുടെ മെയ്യനങ്ങൂ. മുന്നണി സ്ഥാനാര്‍ഥികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നമിതാണ്.

പാര്‍ട്ടിയുടെ നയപരിപാടിയെപ്പറ്റി കൊടിയില്‍ പിടിച്ച് നാഴികയ്ക്ക് നാല്‍പതു വട്ടം ആണയിടുന്ന നേതാക്കള്‍ക്കും പണം വേണം.

ഇതിന്റെ കണക്കും വോട്ട്‌പോലെ പരമ രഹസ്യം. വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത കാര്യമാണിത്. ചട്ടമനുസരിച്ച് 70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക. ഇതുകൊണ്ട് ജില്ലാ പഞ്ചായത്തിലേക്കു പോലും എത്തിനോക്കാനാകില്ല. 8 – 10 കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ലൊരു മത്സരമെങ്കിലും നടത്താനാവൂ.
ജനങ്ങള്‍ തുകയുടെ വലിപ്പമനുസരിച്ച് ബൂത്തില്‍ തള്ളിക്കയറുമെന്നാണ് ധാരണ. ഇത്രയും വലിയ തുക മുടക്കിയാണ് ഓരോ മണ്ഡലങ്ങളിലും ജനാധിപത്യം സംരക്ഷിക്കുന്നത്. ഇടുക്കി, വയനാട് പോലുള്ള മണ്ഡലങ്ങളില്‍ ഇതൊന്നും തികയില്ല.

അതിനാല്‍ ഫണ്ട് ദാരിദ്ര്യം അവസാനംവരെ നീളും. ഒരു ബൂത്തിന് ഏറ്റവും കുറഞ്ഞത് 25,000 രൂപയെങ്കിലും വേണം. ചില പാര്‍ട്ടികള്‍ 50,000 രൂപവരെ വാരിയെറിയുന്നുണ്ട്. മത്സരത്തിന് ഉശിര് കൂടുമ്പോള്‍ ഇതിനു പരിധിയുണ്ടാവില്ല.

ഇതിനു പുറമെ വാഹനം, ഭക്ഷണം, പോസ്റ്റര്‍, ബോര്‍ഡുകള്‍, നോട്ടിസുകള്‍, സമ്മേളനം, സോഷ്യല്‍ മീഡിയ പ്രചാരണം തുടങ്ങിയ ഇനത്തില്‍ ദശലക്ഷക്കണക്കിനാണ് നോട്ടഭിഷേകം. പര്യടന ദിവസം മൂന്നു ലക്ഷംവരെ വേണമെന്നാണ് അനൗദ്യോഗിക കണക്ക്. സമ്മേളനങ്ങളില്‍ ആള്‍ബലം ഉറപ്പിക്കാന്‍ മദ്യക്കുപ്പികള്‍ പൊട്ടിക്കണം.

ലക്ഷക്കണക്കിന് പോസ്റ്ററുകളും പ്രചാരണോപാധികളുമുണ്ടെങ്കിലേ നാട്ടുകാരുടെ കണ്ണില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം പിടിക്കൂ. പോസ്റ്ററുകളില്‍ എണ്ണം എഴുതുന്നതില്‍ മുന്നണി ഭേദമന്യെ പിശുക്ക് കാട്ടുന്നു. നിയമതടസമാണ് കാരണം.
മുന്നണി ഭേദമന്യെ മണ്ഡലം, ബൂത്ത്തലത്തിലാണ് തുക കണ്ടെത്തുന്നത്. ഇവര്‍ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവരെ പിഴിഞ്ഞാണ് കാശുണ്ടാക്കുന്നത്. കള്ളപ്പണക്കാരെയും കരിഞ്ചന്തക്കാരെയും ഒന്നും വിടുന്നില്ല.

എങ്കിലും തെരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫിസില്‍ നിന്നുള്ള വിഹിതം കിട്ടുമ്പോഴേ പ്രാദേശിക നേതാക്കളുടെ മുഖം തെളിയൂ. അതേസമയം, ഫണ്ട് നോക്കാതെ വിയര്‍പ്പൊഴുക്കുന്ന ഒട്ടേറെ പ്രവര്‍ത്തകരും മുന്നണികള്‍ക്കുണ്ട്.

തോട്ടം മേഖലയിലെ പല നേതാക്കളെയും വീഴ്ത്താന്‍ പണം വാരിയെറിയണം. ഇതില്ലെങ്കില്‍ ഇവരുടെ പൊടി കാണില്ല. ബൂത്തില്‍ തൊഴിലാളികളെത്താന്‍ ഇവര്‍ കനിയണം. അതിനാല്‍ ഇവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സ്ഥാനാര്‍ഥികളും മറ്റും നിര്‍ബന്ധിതരാകുകയാണ്.
ഒന്നും രണ്ടും മൂന്നും ഘട്ടമായാണ് തുക നല്‍കുക. വര്‍ഷങ്ങളായുള്ള കീഴ്‌വഴക്കം ലംഘിക്കാനാവില്ല. പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെയും പ്രചാരണത്തിന് മുന്നണി ഭേദമന്യെ തുക ഏല്‍പ്പിക്കുന്നുണ്ട്. ഘടകകക്ഷികളുടെ പ്രാദേശിക നേതാക്കള്‍ പണവും വാഹനവുമില്ലാതെ അനങ്ങില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.