2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം: മുന്‍ ഉത്തരവ് സുപ്രിംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ തമിഴ്‌നാടിന് തിരിച്ചടിയായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുന്‍ ഉത്തരവ് സുപ്രിം കോടതി മരവിപ്പിച്ചു. വെള്ളം വിതരണം ചെയ്യുന്നതു സംബന്ധിച്ച ബോര്‍ഡ് രൂപീകരിക്കാനുള്ള അധികാരം സുപ്രിംകോടതിക്കില്ലെന്നും പാര്‍ലമെന്റിനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടി. ബോര്‍ഡിനു പകരം പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘത്തെ അയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രിംകോടതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 18 വരെ പ്രതിദിനം 2,000 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കാനും സുപ്രിം കോടതി ഉത്തരവിട്ടു. 6,000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ് ഝായുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം കാവേരി നദീതടം സന്ദര്‍ശിക്കും.
അവര്‍ക്കൊപ്പം കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടാകും. സംഘം 17നകം കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
സാങ്കേതിക വിദഗ്ധരുടെ സംഘമെന്ന ആശയത്തെ തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാദെ എതിര്‍ത്തു. ഇതൊന്നുമല്ല വലിയ പ്രശ്‌നമെന്നും കോടതി ഉത്തരവിനെ കര്‍ണാടക ഗൗരവമായി കാണുകയോ നടപ്പാക്കുകയോ ചെയ്യുന്നില്ലെന്നതാണെന്നും നഫാദെ പറഞ്ഞു.
കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിലെ ഭരണഘടനാപരമായ പ്രശ്‌നങ്ങളാണ് ഇന്നലെയും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ചൂണ്ടിക്കാട്ടിയത്. ഉത്തരവ് മരവിപ്പിക്കണമെന്നും രോഹ്്തഗി ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.
കഴിഞ്ഞയാഴ്ചയാണ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവിടാന്‍ സുപ്രിം കോടതിയ്ക്ക് അധികാരമില്ലെന്ന് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബോര്‍ഡ് രൂപീകരിക്കുന്നത് 2012ലെ ദേശീയ ജലനയത്തിന്റെ ലംഘനമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് ചോദ്യംചെയ്ത് കര്‍ണാടക പുനഃപ്പരിശോധനാ ഹരജി നല്‍കിയതോടെയാണ് കേന്ദ്രം നിലപാട് മാറ്റിയത്. ബോര്‍ഡ് രൂപീകരണം സംബന്ധിച്ച ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെടുന്ന ബെഞ്ചിന്റെ മുന്‍ ഉത്തരവ് മരവിപ്പിച്ച നടപടിയെ ഇന്നലെ തമിഴ്‌നാട് എതിര്‍ത്തു. തമിഴ്‌നാടിന് വെള്ളം നല്‍കാതിരിക്കാന്‍ കര്‍ണാടക കേന്ദ്രത്തെ ഉപയോഗിച്ച് കളിക്കുകയാണെന്ന് തമിഴ്‌നാട് ആരോപിച്ചു. തുടര്‍ന്നാണ് തല്‍ക്കാലം 2,000 ക്യുസെക്‌സ് വെള്ളം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കോടതി 10,000 ക്യുസെക്‌സ്, 15,000 ക്യുസെക്‌സ് 6,000 ക്യുസെക്‌സ് എന്നിങ്ങനെ ഉത്തരവിടുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് കര്‍ണാടകക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ചോദിച്ചു.
ഗണിതശാസ്ത്രമാണ് ഇതിന്റെ അടിസ്ഥാനമെന്നായിരുന്നു ദീപക് മിശ്രയുടെ മറുപടി. ഗണിത ശാസ്്ത്രം മാത്രം മതിയാവില്ലെന്നും വസ്തുതകള്‍ കൂടി പരിഗണിക്കണമെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.