2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

കാവുംകുളം ശുചീകരിച്ച് സംരക്ഷിച്ചാല്‍ ആയിരങ്ങള്‍ക്ക് കുടിവെള്ളം കിട്ടും

കെ.ടി.കെ റഷീദ്

നടുവണ്ണൂര്‍: യശശ്ശരീരനായ ഖാന്‍ കാവില്‍ എഴുതി സംവിധാനം ചെയ്ത ‘കാവുംകുളത്തിന്റെ കഥ’ കഥാപ്രസംഗം ജനങ്ങളുടെ മനസില്‍ ഇന്നും ദീപ്തമായ ഓര്‍മയായി നില്‍ക്കുമ്പോഴും കേന്ദ്ര കഥാപാത്രമായ കാവുംകുളം അനുദിനം മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ ശുദ്ധജലക്ഷാമം നാട്ടിന്‍പുറങ്ങളില്‍ രൂക്ഷമാകുമ്പോള്‍ ഈ ജലാശയത്തെ സംരക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കാവുംകുളം ഏതുകാലത്തും വെള്ളം ലഭിക്കുന്ന ജലസ്രോതസാണ്. നൂറില്‍പ്പരം ഏക്കര്‍ വരുന്ന കുനിയില്‍താഴം പാടശേഖരത്തില്‍പ്പെട്ട വയലുകളില്‍ പുഞ്ചകൃഷി നടത്തിയിരുന്നത് ഈ ജലാശയത്തിലെ വെള്ളം ഉപയോഗിച്ചായിരുന്നു.

കാവില്‍ ദേവസ്വവുമായി ബന്ധപ്പെട്ട് കിടന്ന ഒരു ഏക്കറോളം വരുന്ന കുളത്തിന്റെ സംരക്ഷച്ചുമതല 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമപഞ്ചായത്തിന് വിട്ടുകൊടുത്തതിനു ശേഷം ജില്ലാപഞ്ചായത്ത് രണ്ടുതവണയായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് കുളത്തിന്റെ മൂന്നുഭാഗങ്ങള്‍ കരിങ്കല്‍ കെട്ടി സംരക്ഷിച്ചുവെങ്കിലും ഒരുഭാഗത്ത് ഭിത്തിയില്ലാത്ത അവസ്ഥയിലാണ്. കുളത്തില്‍ പായലുകളും പുല്‍ച്ചെടികളും നിറഞ്ഞുനില്‍ക്കുന്നതും അടിയില്‍ വന്‍തോതില്‍ ചെളി കെട്ടിക്കിടക്കുന്നതും കാരണം കുളിക്കാനും മറ്റുമായി എത്തുന്നവര്‍ക്ക് വെള്ളം ഉപയോഗിക്കാനാകുന്നില്ല. കുളത്തിന്റെ പരിസരങ്ങളില്‍ മദ്യപിക്കാനെത്തുന്നവര്‍ കുളം മലിനമാക്കുന്നതായും പരാതിയുണ്ട്.

ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന പാടശേഖരത്തിലെ ജലവിതരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒരുകോടി രൂപ മുടക്കി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയെങ്കിലും ജലവിതരണം തുടങ്ങേണ്ട സ്ഥലത്ത് ഇനിയും പണി ആരംഭിച്ചിട്ടില്ല. അതിനാല്‍ പാടശേഖരങ്ങളിലേക്കുള്ള ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. കാവുംകുളം ജലസംഭരണി സംരക്ഷിച്ചാല്‍ സമീപ പ്രദേശങ്ങളിലെ അഞ്ചു വാര്‍ഡുകളിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ സാധിക്കും. ഗ്രാമപഞ്ചായത്ത് സമീപ പ്രദേശങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി കുടിവെള്ളത്തിനായി വിവിധ പദ്ധതികള്‍ ആരംഭിച്ചെങ്കിലും അതെല്ലാം ഉപകാരപ്രദമല്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.

അഞ്ചാം പീടിക, അയനിക്കാട് ബ്രാഞ്ച് കനാല്‍ സമീപത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും ഈ ഭാഗങ്ങളിലേക്കും വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. ഏച്ചില്‍മലയുടെ താഴ്‌വാരത്ത് സ്ഥിതിചെയ്യുന്ന വറ്റാത്ത ജലഉറവിടമായ ജലാശയം ശുചീകരിച്ച് കുടിവെള്ളത്തിന് അനുയോജ്യമാക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.