2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ഒരു സ്മാര്‍ട്ട് സഹായി

റസാഖ് എം അബ്ദുല്ല

അകക്കണ്ണില്‍ ലോകം കാണുന്നവര്‍ക്കു മുന്നില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പോലും അടിയറവു പറഞ്ഞിട്ടുണ്ടെങ്കിലും അവരെ അറിഞ്ഞുകൊണ്ടുള്ള ഉപകരണങ്ങള്‍ അധികമൊന്നും ഇറങ്ങിയിട്ടില്ല. ശബ്ദം കേട്ടാണ് കാഴ്ച ശേഷിയില്ലാത്തവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്.
ഇവരെ സഹായിക്കാനായി ഓഡിയോ ജി.പി.എസ് ഉപകരണങ്ങള്‍ ലഭ്യമാണെങ്കിലും പരിമിതികള്‍ ഏറെയാണ്. ഉദാഹരണത്തിന്, ജി.പി.എസ് പറയും: ”300 മീറ്ററിന് ശേഷം വലത്തേക്കു തിരിയൂ…” എന്നാല്‍ ഇത് ഉറപ്പിക്കാനുള്ള സ്ഥലപരിചയം ഉപയോക്താവിന് ഉണ്ടായിക്കൊള്ളണമെന്നില്ല. വിവരങ്ങള്‍ പ്രകാരം പോവുകയേ നിര്‍വാഹമുള്ളൂ.


ഇതിനൊരു പരിഹാരമെന്നോണമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇകോളെ പോളിടെക്‌നിക് ഫെഡറേല്‍ ഡി ലോസന്നെ എന്ന കമ്പനി ടച്ച് പാഡ് വികസിപ്പിച്ചിരിക്കുന്നത്. ടാബ്‌ലറ്റിന്റെ വലുപ്പത്തിലുള്ള ഉപകരണത്തിന്റെ ഡിസ്‌പ്ലേയ്ക്കു പകരം ചെറിയ ബട്ടണുകളാണുള്ളത്. ഇലക്ട്രോ മാഗ്നറ്റുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 192 ബട്ടണുകളിലൂടെയാണ് ആശയവിനിമയം സാധ്യമാവുന്നത്.
ഉപയോക്താവിന്റെ ചലനമനുസരിച്ച് ചുറ്റുമുള്ളതിന്റെ മാപ്പ് ടച്ച് പാഡില്‍ വ്യക്തമാവുകയും സ്പര്‍ശനത്തിലൂടെ അറിയാനുമാവും. മുമ്പിലുള്ള കെട്ടിടങ്ങള്‍, വഴികള്‍, തടസങ്ങള്‍ ഇങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാവും. കൂടാതെ മാപ്പ് സൂം ചെയ്യാനും സംവിധാനമുണ്ട്. ബട്ടണുകളുടെ മില്ലി സെക്കന്റ് സ്പീഡിലുള്ള ചലനത്തിലൂടെയാണ് വിവരങ്ങള്‍ ഉപയോക്താവിന് അറിയാനാവുക.
കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായും ടാബ്‌ലറ്റ് സഹായിക്കും. സ്മാര്‍ട്ട്‌ബോര്‍ഡുമായി ബന്ധിപ്പിച്ചാല്‍ ബോര്‍ഡില്‍ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും എഴുത്തുകളും മനസ്സിലാക്കാനാവും.
പോളണ്ടിലെയും ഇറ്റലിയിലെയും കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ ഈ ഉപകരണം ഉപയോഗിച്ച് പഠനം നടത്തി പരിശീലിക്കുന്നുണ്ട്. വഴി കാണിക്കല്‍, പഠനം എന്നിവയ്ക്കു പുറമേ, ഗെയിമിങിനും ടച്ച്പാഡില്‍ സൗകര്യമുണ്ട്.
ഭാവിയില്‍ ഈ രംഗത്ത് വലിയൊരു മാറ്റമുണ്ടാക്കാന്‍ ഉപകരണത്തിനാവുമെന്നാണ് പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.