
കക്കട്ടില്‍: കാഴ്ചയില്‍ കൗതുകം പകര്‍ന്ന് കല്ലുവാഴക്കുല. തൊട്ടില്‍പ്പാലം ആറാം വളവിനു സമീപത്തെ പാതയോരത്താണ് കല്ലുവാഴ കുലച്ചത്. കൂമ്പില്‍നിന്ന് പൊട്ടിവരുന്ന താമരയോട് സാദൃശ്യമുള്ള കുലയാണ് ഇതിന്റെ ആകര്‍ഷണം.
ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിലാണ് സാധാരണ വളരുക. അഞ്ചു മുതല്‍ 12 വര്‍ഷം വരെ പ്രായമെത്തുമ്പോഴാണ് വാഴ കുലയ്ക്കുന്നത്. വേനല്‍ക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയില്‍ പുതുമയോടെ ഇലകള്‍ കിളിര്‍ക്കും. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂര്‍വമായാണ് ഇവ കാണപ്പെടുന്നത്. അതേസമയം രോഗങ്ങള്‍ക്ക് മരുന്നായും ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്കമൂത്രാശയ രോഗങ്ങള്‍, തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയവയ്ക്കാണ് പ്രധാനമായും വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നത്.
വാഴയുടെ ഇലകള്‍ മുറിച്ചുമാറ്റിയെങ്കിലും സൗന്ദര്യം പോകാതെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.