2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഇത്രയ്ക്ക് കുത്തഴിഞ്ഞ ഭരണമുണ്ടായിട്ടില്ല

സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും വേണ്ടാത്ത ഭരണമായി പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുഭരണം മാറിക്കഴിഞ്ഞു. കോടിയേരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതുതന്നെ പിണറായി വിജയനു ഭരിക്കാന്‍ കഴിവില്ലെന്നുതന്നെയാണ്.

രമേശ് ചെന്നിത്തല

പൊലിസിനുമേല്‍ സംസ്ഥാനസര്‍ക്കാരിനു നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ തികഞ്ഞ അരാജകത്വമായിരിക്കും സൃഷ്ടിക്കുക. അത്തരത്തിലൊരു പൊലിസ്‌രാജാണ് ഇന്നു സംസ്ഥാനത്തു നടമാടുന്നത്. പൊലിസ് മാത്രമല്ല ഏതു സര്‍ക്കാര്‍സംവിധാനവും ജനാധിപത്യവ്യവസ്ഥയില്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചുകൂടാ. 

 

സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടവും നിയന്ത്രണവും അവിടെ ആവശ്യമാണ്. സര്‍ക്കാരെന്നത് ഒരു രാഷ്ട്രീയോല്‍പ്പന്നമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഭൂരിപക്ഷംനേടുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളാണു ജനാധിപത്യവ്യവസ്ഥിതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അത്തരം സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വിധേയമായേ സര്‍ക്കാര്‍സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാവൂ.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും കെടു കാര്യസ്ഥതയുടെയും ഫലമായി സംസ്ഥാനത്തെങ്ങും പൊലിസ്‌രാജ് നടമാടുകയാണ്. സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ നിയമന്ത്രണമില്ലാത്ത അവസ്ഥയാണ്. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ നിസാരകുറ്റങ്ങള്‍ക്കു ചുമത്താനുള്ളതല്ല.
നോവലെഴുതിയാലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നാലും പ്രയോഗിക്കാനുള്ളതല്ല യു.എ.പി.എ പോലുള്ള നിയമങ്ങള്‍. ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അതീവഗൗരവമുള്ള കുറ്റങ്ങള്‍ക്കു മാത്രമേ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ചിട്ടുള്ളു. എന്നാല്‍, ഇന്നിവിടെ പൊലിസ് എന്തുചെയ്യുന്നുവെന്നു സര്‍ക്കാരിന് ഒരു ധാരണയുമില്ല.
ബി ജെ പിയെയും സംഘ് പരിവാറിനെയുംപോലുള്ള ബാഹ്യശക്തികള്‍ക്ക് പൊലിസിനെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതിവിശേഷം സംജാതമായത് അതുകൊണ്ടാണ്. ബാഹ്യശക്തികള്‍ക്കു പൊലിസിനുമേല്‍ പിടിമുറുക്കാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. അടുത്തകാലത്തൊന്നും കേരളത്തിലെ പൊലിസ് സംവിധാനം ഇത്രമേല്‍ പഴികേട്ടിട്ടില്ല.
ബി.ജെ.പിയും യുവമോര്‍ച്ചയും നല്‍കുന്ന പരാതികള്‍ അടിയന്തിരപ്രധാന്യത്തോടെ പൊലിസ് പരിഗണിക്കുന്നതും രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ അത്തരം പരാതികളില്‍ നടപടിയെടുക്കുന്നതും കാണുമ്പോള്‍ സംസ്ഥാനപൊലിസിന്റെ നിയന്ത്രണം തിരവന്തപുരത്തെ സെക്രട്ടറിയേറ്റിലോ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലോ അല്ല വേറെയെവിടെയോ ആണ് എന്ന തോന്നല്‍ ഉളവാക്കുന്നു.

ഇതു വളരെ അപകടകരമായ അവസ്ഥയാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സര്‍ക്കാര്‍സംവിധാനമാണു പൊലീസ്. അതില്‍ ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടായാല്‍ തകരുന്നതു സര്‍ക്കാരിന്റെ വിശ്വാസ്യതയാണ്.
ഭരണകക്ഷിയായ സി.പി.എംപോലും പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയെന്നു മാത്രമല്ല പല സി.പി.എം നേതാക്കളും പിണറായിക്കെതിരേ പരസ്യമായി തിരിഞ്ഞുകഴിഞ്ഞു.

പൊലിസില്‍ മാത്രമല്ല ഈ കെടുകാര്യസ്ഥതതയും അച്ചടക്കരാഹിത്യവും നിശ്ചലതയുമുള്ളത്, എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതു പ്രകടമാണ്. ചരിത്രത്തിലാദ്യമായി എല്ലാ വകുപ്പുമന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത് അഴിമതിയില്‍നിന്നും സ്വജനപക്ഷപാതത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ്.
എന്താണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നിയന്ത്രണത്തിനപ്പുറത്ത് അഴിമതി നടത്തുകയായിരുന്നുവെന്നല്ലേ. പേഴ്‌സണല്‍ സ്റ്റാഫ് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നുണ്ടെങ്കില്‍ അതിനര്‍ഥം മന്ത്രിമാര്‍തന്നെ സംശയത്തിന്റെ പിടിയിലാണ് എന്നു തന്നെയാണ്. ഓരോ മന്ത്രിയുടെയും ഓഫീസില്‍ നൂറുകണക്കിനു ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.

ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രിതന്നെ ഫയലുകളൊന്നും നീങ്ങുന്നില്ലന്നു സമ്മതിക്കുകയാണ്. റേഷന്‍വിതരണം ഏതാണ്ടു പൂര്‍ണമായി സ്തംഭിക്കുകയും ക്രിസ്മസ് കാലത്തുപോലും അരിയും പഞ്ചസാരയും ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു.
ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നതെന്നു പിണറായിയുടെ വൈതാളികര്‍ നാഴികയ്ക്കു നല്‍പതുവട്ടം പാടി നടക്കുന്നതല്ലാതെ മറ്റൊന്നും കേരളത്തില്‍ സംഭവിക്കുന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും വേണ്ടാത്ത ഭരണമായി പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുഭരണം മാറിക്കഴിഞ്ഞു. കോടിയേരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതുതന്നെ പിണറായി വിജയനു ഭരിക്കാന്‍ കഴിവില്ലെന്നുതന്നെയാണ്.

യു.ഡി.എഫ് ഭരണകാലത്തു കോടതിയില്‍നിന്ന് എന്തെങ്കിലും നിര്‍ദോഷകരമായ പരാമര്‍മുണ്ടായാല്‍പോലും മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് അലുമുറയിടാറുള്ള സി.പി.എം നേതാക്കള്‍ എം.എം മണി കൊലക്കേസ് പ്രതിയായി തുടരുമെന്ന കോടതി വിധിയുണ്ടായപ്പോള്‍ മൗനം പാലിക്കുകയാണ്. കുത്തഴിഞ്ഞ, ദിശാബോധമില്ലാത്ത, കെടുകാര്യസ്ഥ ത മാത്രമുള്ള ഇതുപോലൊരുഭരണം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ടിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News