2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കാല്‍നൂറ്റാണ്ടിനിടെ പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയത് 97600 കോടി റിയാല്‍ വികസന പദ്ധതികള്‍

മക്ക: പുണ്യസ്ഥലങ്ങളിലെത്തുന്ന ഹാജിമാരുടെ സൗകര്യങ്ങള്‍ക്കായി ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് കാല്‍ നൂറ്റാണ്ടിനിടെ സഊദി ചെലവാക്കിയത് 97600 കോടി റിയാല്‍.

1992 മുതല്‍ ഇതുവരെ പുണ്യ ഭൂമിയില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ കണക്കുകളാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

അല്ലാഹുവിന്റെ അതിഥികളായെത്തുവന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യുക തങ്ങളുടെ ആത്യന്തിക ലക്ഷ്യം തന്നെയെന്ന് സഊദി ഭരണാധികാരികള്‍ ഇടയ്ക്കിടെ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നതാണ് ഇത്രയും ഭീമമായ തുകയുടെ ബൃഹത് പദ്ധതികള്‍.

മിനായിലെ തീപിടിക്കാത്ത തമ്പുകളുടെ വികസനമാണ് കാല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്ന്. ഹിജ്‌റ 1417 ലെ ഹജ്ജ് സമയത്തുണ്ടായ അഗ്‌നിബാധക്ക് ശേഷമാണ് ഈ തമ്പ് നിര്‍മ്മിച്ചത്.

25 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മ്മിച്ച തമ്പുകള്‍ 26 ലക്ഷത്തോളം പേര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്. കൂടാതെ, ലോകത്തെ ഏറ്റവും വലിയ നടപ്പാതയായ ജംറയില്‍ നിന്നും മിനയിലേക്കും അറഫയിലേക്കുമുള്ള 25 കിലോമീറ്റര്‍ നീളമുള്ള പാതകള്‍, ജംറ കല്ലെറിയുന്നതിനു പാലമടക്കമുള്ള സൗകര്യങ്ങളുടെ വികസനം.

വിവിധ കേന്ദ്രങ്ങളിലെ ആശുപത്രികള്‍, അറഫയിലെ മസ്ജിദുന്നമിറയിലെ വികസനം. മിനയിലെ അല്‍ഖൈഫ് മസ്ജിദ് വികസനം, വെള്ളം എത്തിക്കുന്നതിനുള്ള ജല സംഭരണികള്‍ മശാഇര്‍ മെട്രോ, തുടങ്ങി വിവിധ പദ്ധതികളാണ് ഇക്കാലയളവില്‍ ഒരുക്കിയത്.

നിലവില്‍ മൂന്നു നിലകളുള്ള ജംറ പാലത്തിലൂടെ മണിക്കൂറില്‍ മൂന്നു ലക്ഷം ആളുകള്‍ക്ക് കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിക്കുമെങ്കിലും ഭാവിയില്‍ പന്ത്രണ്ടു നിലകളിലേക്ക് കൂടി ഉയര്‍ത്തി ഇരട്ടിയിലധികം ആളുകള്‍ക്ക് കല്ലെറിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സഊദി വിഷന്‍ 2030 ഓടെ അന്‍പതു ലക്ഷം ഹാജിമാരെ ഉള്‍കൊള്ളുന്ന തരത്തില്‍ പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സഊദി ഭരണകൂടം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News