2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലുകള്‍ തളര്‍ത്തിയിട്ടും പേപ്പര്‍ പേനകളിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഫൈസല്‍

പി.മുസ്തഫ വെട്ടത്തൂര്‍

പെരിന്തല്‍മണ്ണ: ഇരുകാലുകളും തളര്‍ത്തിയിട്ടും വിധിയെ തോല്‍പ്പിച്ച് പേപ്പര്‍ പേനകളിലൂടെ ജീവിതം തിരിച്ചുപിടിക്കുകയാണ് ചെര്‍പ്പുളശേരി നെല്ലായയിലെ മാവുണ്ടിരിക്കടവ് സ്വദേശി ഫൈസല്‍. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നുപോയതാണ് ഈ 37കാരന്റെ ഇരുകാലുകളും. ഒന്നരവയസില്‍ ചലനശേഷി പൂര്‍ണമായും വിധി തട്ടിയെടുത്തപ്പോള്‍ ഫൈസലിന്റെ ജീവിതം പിന്നീട് വീല്‍ചെയറില്‍ ഒതുങ്ങി. എന്നിട്ടും വിധിയെ പഴിക്കാനോ കണ്ണീര്‍ പൊഴിക്കാനോ തയാറായില്ല. പേപ്പര്‍ പേനകളിലൂടെ വരുമാനവും കണ്ടെത്തി, ജീവിതത്തിന്റെ നല്ല നിമിഷങ്ങളില്‍ സന്തോഷവാനായി ജീവിക്കുകയാണ് ഇദ്ദേഹമിപ്പോള്‍.
പെരിന്തല്‍മണ്ണക്കടുത്ത് ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഫൈസല്‍ ഇവിടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബ പ്രാരാബ്ദം ഏറ്റെടുത്തു തുടങ്ങിയത്. തയ്യല്‍ ജോലിയുമായാണ് തുടങ്ങിയതെങ്കിലും ശക്തമായ ശാരീരികാസ്വസ്ഥതകള്‍ മൂലം പിന്നീട് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പകരമായി നാട്ടില്‍ എസ്.ടി.ഡി ബൂത്ത് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മൊബൈല്‍ ഫോണിന്റെ അതിപ്രസരത്തോടെ ആ രംഗവും വിട്ടു. ഇതിനു ശേഷമാണ് പേപ്പര്‍ പേനകള്‍ നിര്‍മിക്കാന്‍ പഠിച്ചത്. ദിവസം അന്‍പത് പേനകള്‍ വരെ നിര്‍മിക്കും. ഒരു പേനക്ക് എട്ടുരൂപ വരെ ലഭിക്കും. മനസിന്റെ ശക്തികൊണ്ട് ശാരീരികമായ പ്രയാസങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് ഫൈസല്‍ പറയുന്നത്. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പേനയില്‍ ഒളിപ്പിച്ച വിത്തുകള്‍ പുതിയ തൈകള്‍ക്ക് ജന്മം നല്‍കുമെന്ന സവിശേഷതയും ഈ പേനകള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇവയുടെ നിര്‍മാണം ഫൈസലിന് ഇരട്ടി സന്തോഷം പകരുന്നതൊടൊപ്പം ആവശ്യക്കാരും ഏറെയാണ്.
അംഗ പരിമിതര്‍ ഉള്‍കൊള്ളുന്ന നാട്ടിലെ വാട്‌സ്ആപ് കൂട്ടയ്മയിലെ അംഗങ്ങളും ഒറ്റപ്പാലത്തെ ശിവമണിയും ഉണ്ണികൃഷ്ണന്‍ മാസ്റ്ററും ഉപ്പെടെയുള്ളവരുമാണ് പാതി തളര്‍ന്ന ശരീരത്തിലെ മനസിന് ശക്തിപകര്‍ന്നതെന്ന് ഫൈസല്‍ പറയുന്നു.
പേപ്പര്‍ പേനയുടെ നിര്‍മിതിയെക്കുറിച്ച് കൂടുതലാളുകള്‍ അറിഞ്ഞെത്തണമെന്ന ആഗ്രഹത്തോടെ തന്റെ പേനകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായും പിറന്നാളിനും കല്യാണത്തിനും സ്‌നേഹോപഹാരമായും കൈമാറുന്ന ഈ യുവാവ് ഓര്‍ഡര്‍ ലഭിച്ചാല്‍ കേരളത്തില്‍ എവിടേക്കും കൊറിയര്‍ വഴി എത്തിച്ചുനല്‍കാനുള്ള തയാറെടുപ്പിലുമാണ്. ഫോണ്‍: 9947118475

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.