2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം: സ്റ്റഡി മെറ്റീരിയല്‍സ് ഇതുവരെ വിതരണം ചെയ്തില്ല; പരീക്ഷ 12ന്

കോഴിക്കോട്: ഡിസംബര്‍ 12നു പരീക്ഷ നടക്കാനിരിക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്‍ഡ് എജ്യുക്കേഷനു കീഴിലുള്ള ബി.എ മൂന്നാം സെമസ്റ്റര്‍ അറബിയുടെ സ്റ്റഡി മെറ്റീരിയല്‍സ് ഇതുവരെ വിതരണം ചെയ്തിട്ടില്ല. സ്റ്റഡി മെറ്റീരിയല്‍സ് ആവശ്യപ്പെട്ട് എത്തുന്ന വിദ്യാര്‍ഥികളോട് പുസ്തകം എപ്പോള്‍ തരാന്‍ കഴിയുമെന്നു പോലും പറയാനാകാതെ ഓണ്‍ലൈന്‍ വഴി പഠിക്കാനാണ് സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെടുന്നത്.
1,400 രൂപയാണ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വഴി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സ്റ്റഡി മെറ്റീരിയല്‍സിനും കോണ്ടാക്ട് ക്ലാസിനുമായി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഈടാക്കുന്നത്. ബി.എ മൂന്നാം സെമസ്റ്ററിലെ മറ്റു എല്ലാ വിഷയത്തിന്റെയും സ്റ്റഡി മെറ്റീരിയലുകള്‍ വിതരണം ചെയ്തുവെങ്കിലും രണ്ടാം ഉപഭാഷയായ അറബിയുടെ പുസ്തകം ഇതുവരെ അച്ചടിപോലും ആരംഭിച്ചിട്ടില്ല. പേജ് ഡിസൈന്‍ ചെയ്യുന്നവരെയൊക്കെ പിരിച്ചുവിട്ടിരിക്കുകയാണെന്നും അതിനാലാണ് അച്ചടി വൈകുന്നതെന്നുമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലറുടെ ഓഫിസില്‍ നിന്നുള്ള മറുപടി.
സംഘടിതമായി പ്രതിഷേധമുയര്‍ത്തിയാല്‍ മാത്രമെ അനുകൂല നടപടിയുണ്ടാകൂവെന്നും സര്‍വകലാശാലയിലെ ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. 12ന് പരീക്ഷ ആരംഭിക്കാനിരിക്കെ ഇനിയും പുസ്തകം കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണു വിദ്യാര്‍ഥികള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.