2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാലവര്‍ഷത്തിലെ മുന്‍കരുതല്‍

ചന്തയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റും നിങ്ങള്‍ നേരേ റഫ്രിജറേറ്ററിനകത്തേക്ക് വയ്ക്കാറുണ്ട് അല്ലേ. അവിടെതുടങ്ങുന്നു സങ്കീര്‍ണ പ്രശ്‌നങ്ങള്‍. ഇവയുടെ പുറത്തുള്ള ബാക്ടീരിയകളും മറ്റുകീടങ്ങളും റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിട്ടുള്ള മറ്റ് ആഹാര പദാര്‍ത്ഥങ്ങളിലേക്ക് കടക്കുന്നതോടെ നിങ്ങള്‍ രോഗം തിരഞ്ഞുപിടിക്കുന്നു എന്നറിയുക. ശരി. നിങ്ങള്‍ക്ക് ഇവയൊന്നും വാങ്ങിക്കൊണ്ടുവരുമ്പോള്‍ത്തെന്നെ വൃത്തിയായി കഴുകി ഉണക്കി റഫ്രിജറേറ്ററില്‍ വയ്ക്കാന്‍ കഴിയില്ലായിരിക്കാം. എങ്കില്‍ അവ പ്രത്യേകം പോളിത്തീന്‍ ബാഗുകളിലോ പ്ലാസ്റ്റിക് പെട്ടികളിലോ ആക്കി വായുകടക്കാത്ത രീതിയില്‍ പൊതിഞ്ഞ് വയ്ക്കണം.
ബേക്കറിയില്‍ നിന്നു വാങ്ങിവരുന്നതോ പായ്ക്കറ്റിലുള്ളതോ ആയ ബ്രഡില്‍ പൂപ്പല്‍ വളരാന്‍ സാധ്യതയുണ്ട്. നന്നായി പരിശോധിച്ചശേഷം മാത്രം കഴിക്കുക. ബ്രഡ് ടോസ്റ്റ് ചെയ്തു കഴിക്കുന്നതാണ് ഉത്തമം. പച്ചയ്ക്കുകഴിക്കുമ്പോള്‍ നമ്മള്‍ കാണാത്ത പൂപ്പുകള്‍ ഇത്തരത്തില്‍ ഒഴിവാകും.
ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴികെയുള്ള പച്ചക്കറികളും പഴങ്ങളും സലൈന്‍ ലായനിയില്‍ പത്തുമിനിറ്റ് മുക്കി വയ്ക്കുക. തുടര്‍ന്ന് പൈപ്പില്‍ കഴുകി ഉണക്കിയെടുക്കുക. ഇത് രോഗകാരികളായ ബാക്ടീരിയകളെയും ഒപ്പം കീടനാശിനികളെയും ഒഴിവാക്കും.
ഉരുളക്കിഴങ്ങ് ഒരിക്കലും റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്. കാരണം ഉരുളക്കിഴങ്ങിലുള്ള അന്നജം നാലുഡിഗ്രിയില്‍ താഴെ തണുക്കുമ്പോള്‍ പഞ്ചസാരയാവും. അതുകൊണ്ട് ഇവ നനവില്ലാത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. അതുപോലെ ഉരുളക്കിഴങ്ങ് ഒരിക്കലും പ്രകാശം ലഭിക്കുന്നിടത്ത് സൂക്ഷിക്കരുത്. അങ്ങനെ സൂക്ഷിച്ചാല്‍ വിഷകരമായ ആല്‍കലോയിഡുകള്‍ അവയിലുണ്ടാകും. കിഴങ്ങ് എപ്പോഴും ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിക്കണം.
ബീന്‍സ്, വഴുതന, തക്കാളി, കാപ്‌സിക്കം എന്നിവ പത്തുഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കാവുന്നതാണ്.
വെണ്ണ തുടങ്ങിയവ ഒന്നിനും നാലിനുമിടയിലുള്ളതാപനിലയില്‍ സൂക്ഷിക്കാം.
ക്യാബേജ്, ലെറ്റൂസ്, ചീരയിനങ്ങള്‍ തുടങ്ങി ഇലവര്‍ഗങ്ങള്‍ നിരവധി തവണ വെള്ളത്തില്‍ കഴുകണം. സലൈന്‍ ലായനിയിലും കഴുകണം. പിന്നീട് ഐസ് വെള്ളത്തില്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
കാലവര്‍ഷക്കാലത്ത് പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ റൈത്തകളും സലാഡുകളും ഒഴിവാക്കുക. പുറത്തുനിന്നും കഴിയുന്നതും ജൂസുകള്‍ ഒഴിവാക്കുക.
പലരും കാലവര്‍ഷത്തില്‍ മത്സ്യം തുടങ്ങി നദി, കായല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ അവഗണിക്കാറുണ്ട്. കാരണം മലിനജലം കെട്ടിക്കിടക്കുന്നതെല്ലാം ഇവയിലേക്കെത്തുന്ന സമയമാണിത്. ആശുപത്രി, കക്കൂസ്, വ്യവസായശാലകള്‍ ഇവകളില്‍ നിന്നുള്ള മലിനവസ്തുക്കളും എത്തിച്ചേരുന്നു. അതുകൊണ്ട് ഇവ കഴിക്കുന്നത് അത്ര സുരക്ഷിതമല്ല. ആഴമുള്ളിടത്തുള്ള മത്സ്യങ്ങളും മറ്റും കഴിക്കാവുന്നതാണ്. ഉദാഹരണത്തിന് കടലാഴങ്ങളില്‍ നിന്നുള്ള ചൂര, മത്തി, അയല, കോര, ആവോലി തുടങ്ങിയവ സുരക്ഷിതമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News