2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കാലവര്‍ഷം: മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന വായു ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. തീരപ്രദേശങ്ങളില്‍ പരക്കെ അതിരൂക്ഷമായ കടലാക്രമണവുമുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ഇന്ന് രാവിലെ അറബിക്കടലില്‍ കാറ്റിന്റെ വേഗത 170 കി.മീ വരെയാകാം.പിന്നീടുള്ള മണിക്കൂറുകളില്‍ വേഗത ക്രമേണ കുറയാനാണ് സാധ്യത. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് കടലാക്രമണം ശക്തമാകുകയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് വടകരയിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ 10 സെന്റീമീറ്ററും, തൃശൂര്‍ ഏനാമക്കലില്‍ ഒന്‍പത് സെന്റീമീറ്ററും മഴ ലഭിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പറമ്പിക്കുളം, കൊയിലാണ്ടി, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ അഞ്ചു സെന്റീമീറ്ററും മഴ ലഭിച്ചു.
അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഇന്ന് പുലര്‍ച്ചെ വായു തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. വായുചുഴലിക്കാറ്റ് അതിതീവ്ര രൂപം പ്രാപിച്ച് മണിക്കൂറില്‍ 180 കി.മീ വരെ വേഗതയില്‍ ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്നാണ് ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രമായ ഇന്‍കോയിസിന്റെ മുന്നറിയിപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.