2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാലവര്‍ഷം നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട് : കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാശനഷ്ടങ്ങളും ആളപായവും ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഈ മാസം 28 മുതല്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും പ്രവര്‍ത്തനം തുടങ്ങും.
എ ഡി എം വി പി മുരളീധരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 24 മണിക്കൂറും സേവനം ലഭ്യമാക്കും. അടിയന്തിര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ ആരോഗ്യം, കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ പ്രതിനിധികളുടെ സേവനം നല്‍കും. പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, തദ്ദേശസ്വയംഭരണം, ആരോഗ്യം, ഫാക്ടറി ആന്റ് ബോയിലേഴ്‌സ്, മൃഗസംരക്ഷണം, കൃഷി, ജലവിഭവം, പൊതുമരാമത്ത്, വനം തുടങ്ങിയ വകുപ്പുകള്‍ ജാഗ്രത പാലിക്കണം. ഈ വകുപ്പുകള്‍ കാലവര്‍ഷത്തിന്റെ ഭാഗമായി പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളിലും ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിലെ നീന്തല്‍ വിദഗ്ധരെ കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കും.
വെരി ഹൈ ഫ്രീക്വന്‍സി റേഡിയോ സംവിധാനം വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും കാര്യക്ഷമമാക്കും.ആവശ്യമെങ്കില്‍ സൗജന്യ റേഷന്‍ നല്‍കുന്നതിന് അരിയും ധാന്യങ്ങളും ജില്ലാ സപ്ലൈ ഓഫിസ് ലഭ്യമാക്കും. തീരദേശ വാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഫിഷറീസും തീരദേശ പാലിസും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹൈ സ്പീഡ് ബോട്ടുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. കടല്‍ ക്ഷോഭം നേരിടുന്നതിന് ജലസേചന വകുപ്പ് മണല്‍ സഞ്ചികളും മറ്റും തയ്യാറാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്നും യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ തീരദേശങ്ങളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. അപകട സൂചകങ്ങള്‍ ഡി ടി പി സി സ്ഥാപിക്കും.
ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ഇത് തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. പരമ്പരാഗത ജലസ്രോതസ്സുകള്‍ നവീകരിക്കുകയും ഭൂജല പദ്ധതികള്‍ ശക്തിപ്പെടുത്തുകയും വേണം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ജലസേചന ടാങ്കുകള്‍ നിര്‍മ്മിക്കണം.
മഴവെളള സംഭരണികള്‍, നീര്‍മ്മറി പദ്ധതികള്‍ , ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് പദ്ധതികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. നിലവിലുളള കിണറുകളുടെ ആഴം കൂട്ടുന്നതിനും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും നടപടിസ്വീകരിക്കണം. യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.