2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കാലവര്‍ഷം; ജില്ലയില്‍ 5.7 കോടിയുടെ നാശം

 

കണ്ണൂര്‍: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്നു വീടുകള്‍ പൂര്‍ണമായും 550ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആകെ 1.5 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം കണ്ണൂര്‍ താലൂക്കിലാണ് വീടുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 230 വീടുകള്‍ ഇവിടെ ഭാഗികമായി തകര്‍ന്നു. തലശ്ശേരി 92, പയ്യന്നൂര്‍ 97, തളിപ്പറമ്പ് 80, ഇരിട്ടി 67 എന്നിങ്ങനെയാണ് മറ്റ് താലൂക്കില്‍ നാശനഷ്ടങ്ങളുണ്ടായ വീടുകള്‍. തളിപ്പറമ്പ് താലൂക്കിലെ അയ്യന്‍കുന്ന് പ്രദേശത്താണ് മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിനുപുറമെ റോഡുകള്‍, കിണറുകള്‍, തൊഴുത്തുകള്‍ എന്നിവയും ഭാഗികമായി തകര്‍ന്നു.
ഇതുവരെ ജില്ലയില്‍ 4.2 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായി. വാഴ, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം ബാധിച്ചത്. കാറ്റിലും മഴയിലുമായി അന്‍പതിനായിരത്തോളം വാഴകള്‍ നശിച്ചു. കല്യാശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവില്‍ കൃഷിഭവനുകള്‍ക്കു കീഴിലെ പ്രദേശങ്ങളിലാണു കൂടുതലായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ 11ലെ മഴയിലായിരുന്നു കൂടുതല്‍ കൃഷിനാശം. 8500 വാഴകള്‍, 850ലേറെ റബര്‍ മരങ്ങള്‍, 250ലേറെ തെങ്ങുകള്‍, കവുങ്ങുകള്‍ എന്നിങ്ങനെ 1.23 കോടി രൂപയുടെ നഷ്ടം ഈ ദിവസമുണ്ടായി. 12നുണ്ടായ മഴയിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശം സംഭവിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.