2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

കാലവര്‍ഷം ഒന്നരമാസം പിന്നിട്ടു; സംഭരണികളില്‍ 22 ശതമാനം വെള്ളം മാത്രം

ബാസിത് ഹസന്‍

തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒന്നരമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 22 ശതമാനം വെള്ളം മാത്രം. കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തി ശരാശരി 26 ശതമാനം മഴക്കുറവാണ് ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ മഴ ലഭിക്കേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴക്കുറവുണ്ടായാല്‍ അത് മൊത്തം കാലവര്‍ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി ലഭിക്കേണ്ടത്.

ഈ കാലയളവിലാണ് സാധാരണ അണക്കെട്ടുകള്‍ 70 ശതമാനം നിറയുന്നത്. തുലാമഴയില്‍ 30 ശതമാനവും നിറയണം. ഈ കീഴ്‌വഴക്കങ്ങളെല്ലാം ഇക്കുറി തെറ്റുമെന്നുറപ്പായിക്കഴിഞ്ഞു.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 22 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. 908.687 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 699.425 ദശലക്ഷം യൂനിറ്റ് കുറവാണിത്.

ആഭ്യന്തര ഉല്‍പ്പാദനം കുറച്ച് നിര്‍ത്തിയതിനാലാണ് ഇത്രയെങ്കിലും വെള്ളം സംഭരണികളില്‍ ഉണ്ടായത്. കഴിഞ്ഞ ഒന്നര മാസമായി ശരാശരി ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം 10 – 12 ദശലക്ഷം യൂനിറ്റാണ്. ശരാശരി 50 -53 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിക്കുന്നുണ്ട്.
പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2316.9 അടിയാണ്.

ഇത് സംഭരണശേഷിയുടെ 21 ശതമാനമാണ്. പമ്പ 21, ഷോളയാര്‍ 23, ഇടമലയാര്‍ 23, കുണ്ടള 15, കുറ്റ്യാടി 32, ആനയിറങ്കല്‍ 5, നേര്യമംഗലം 48, പൊരിങ്ങല്‍ 66, പൊന്മുടി 27 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന സംഭരണികളിലെ ജലനിരപ്പ്. 2013ല്‍ ഇതേദിവസം 2699.349 ദശലക്ഷം യൂനിറ്റും 2014ല്‍ 1217.781, 2015 ല്‍ 1398.483, 2016ല്‍ 1608.112 ദശലക്ഷം യൂനിറ്റും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ടായിരുന്നു.

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ പദ്ധതി പ്രദേശങ്ങളില്‍ മഴ ദുര്‍ബലമായിരുന്നു. ഇടുക്കി 6.2 മി.മീ, കക്കി 1, ഷോളയാര്‍ 3, ഇടമലയാര്‍ 6, മാട്ടുപ്പെട്ടി 2, കുറ്റ്യാടി 22, തര്യോട് 4, നേര്യമംഗലം 10, പൊരിങ്ങല്‍ 0.6 മി.മീ. എന്നിങ്ങനെയാണ് പദ്ധതി പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ. 13.564 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തി. 63.401 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 12.6885 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തര ഉല്‍പ്പാദനം. 50.7126 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.