2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കാലവര്‍ഷം എത്തും മുമ്പേ റോഡുകള്‍ കുളമായി

കൊച്ചി: മണിചിത്രത്താഴ് ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ വെള്ളം എന്ന് പറയുബോള്‍ പപ്പു ചാടി ചാടി പൊകണ്ട അവസ്ഥയാണ് കൊച്ചിയിലെത്തുന്ന കാല്‍ നടയാത്രക്കാര്‍ക്ക്. എവിടെതിരിഞ്ഞാലും വെള്ളക്കെട്ട്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്തു തകൃതിയായി നടക്കുന്നുണ്ടെങ്കിലും റോഡുകള്‍ പലതും വെള്ളത്തിലാണെന്നുതന്നെ പറയാം.
ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ട്രെയിന്‍ യാത്രക്കാരാണ്.പ്രധാന റെയില്‍വേ സ്റ്റേഷനുകളായ നോര്‍ത്തിലേക്കും സൗത്തിലേക്കും എത്തണമെങ്കില്‍ നൂറ് മീറ്ററോളം മലിനജലത്തിലൂടെ നടക്കണം.റെയില്‍വേ സ്‌റ്റേഷനുകളിലെ മുന്നിലുള്ള സ്ലാബുകള്‍ മിക്കതും ഇളകിമാറിയ അവസ്ഥയിലാണ്. വേനല്‍മഴ ശക്തമായതോടെ റോഡും കാനയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. സ്ലാബുകളില്‍ വീഴുന്നവരുടെ എണ്ണവും ദിനംപ്രതികൂടിവരികയാണ്.റെയില്‍വേ സ്റ്റേഷനുകളിലെ കള്‍വെര്‍ട്ടുകള്‍ ശുചീകരിക്കാത്തതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. ദിനംപ്രതി എറണാകുളത്തേക്ക് നൂറ് കണക്കിന് യാത്രക്കാരാണ് സമീപ ജില്ലകളില്‍ നിന്നുമൊക്കെ ട്രെയിനില്‍ എത്തുന്നത്. ഇവര്‍ക്ക് ജോലിസ്ഥലത്ത് എത്തണമെങ്കിലും എറണാകുളത്തുനിന്നും മറ്റ് ജില്ലകളിലേക്ക് ജോലിക്ക് പോകുന്നവര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെങ്കിലും ഇപ്പോള്‍ സര്‍ക്കസ് കൂടി അറിഞ്ഞിരിക്കണമെന്ന അവസ്ഥയാണ്.
റോഡ് വെട്ടിപ്പൊളിച്ചത് മെട്രോയ്ക്കുവേണ്ടിയാണെന്നും അതുകൊണ്ട് ഡി.എം.ആര്‍.സി അറ്റകുറ്റപ്പണിനടത്തണമെന്നുമാണ് കൊച്ചി കോര്‍പറേഷന്‍ പറയുന്നത്.എന്നാല്‍ നഗരസഭയാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്നാണ് ഡി.എം.ആര്‍.സി പറയുന്നത്.ഇരുവരെയും റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റെയില്‍വേ സമീപിച്ചിരിക്കുകയാണ്.

സിഗ്നലുകളില്‍ അപകടം തുടര്‍ക്കഥ
ജില്ലയുടെ ഹൃദയഭാഗങ്ങളായ വൈറ്റിലയിലൂടെയും പൈപ്പ്‌ലൈനിലൂടെയുമൊക്കെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.തെക്കന്‍ ജില്ലകളില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നുമുള്ളയാത്രക്കാര്‍ കടന്നുപോകുന്ന ദേശീയപാതകൂടിയാണിത്.
എന്നാല്‍ പൈപ്പ്‌ലൈന്‍ സിഗ്നലില്‍ ഇപ്പോള്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്.നഗരത്തിന്റെ മറ്റിടങ്ങളില്‍ മെട്രോയ്ക്കുവേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചിരിക്കുന്നതെങ്കില്‍ ഇവിടെ പലാരിവട്ടം മേല്‍പ്പാലനിര്‍മാണത്തിനുവേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നത്.ചെറിയ കുഴികള്‍ ഇപ്പോള്‍ വാഹനങ്ങള്‍ കയറിയിറങ്ങി വന്‍കുഴികളായി മാറിയിരിക്കുന്നു.
സിഗ്നലുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.സിഗ്നലുകളുടെ ഇരുവശങ്ങളിലും റോഡിന്റെ മധ്യഭാഗത്ത് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ സിഗ്നലിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്. പലപ്പോഴും ഇവിടെ വാഹനങ്ങള്‍ തൊട്ടുരുമിയാണ് പോകുന്നത്. വാഹനങ്ങള്‍ കുഴിയില്‍ വീണ് മുന്നോട്ടെടുക്കുമ്പോള്‍ തൊട്ടടുത്ത വാഹനങ്ങളില്‍ പോയി ഇടിക്കുന്നതും നിത്യസംഭവമായിമാറിയിരിക്കുകയാണ്.ദേശീയ പാതയായതിനാല്‍ നഗരസഭയ്ക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.കഴിഞ്ഞദിവസങ്ങളില്‍ പെയ്തമഴമൂലം റോഡ് ഏതെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്.

കുഴിയില്‍ വീഴുന്നത്
ഇരുചക്രവാഹനങ്ങള്‍
നഗരത്തിലെ റോഡുകളില്‍ കുഴികള്‍ പെരുകിയതോടെ ഏറെ അപകടഭീഷണി നേരിടുന്നത് ഇരുചക്രവാഹനങ്ങളാണ്.മഴ പെയ്തതോടെ കുഴി ഏത് റോഡ് ഏത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ്.പലയിടത്തും സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിക്കാത്തും ഇത്തരക്കാരെ വലക്കുന്നുണ്ട്.
പുല്ലേപ്പടി,തേവര ജങ്ഷന്‍, തമ്മനം,ആലിന്‍ചുവട് എന്നിവിടങ്ങളില്‍ നിരവധി ബൈക്ക് യാത്രക്കാരാണ് കുഴിയില്‍ ചാടുന്നത്. കുഴിയില്‍ വീണ് ബൈക്ക് കാലിലേക്ക് മറിഞ്ഞ്  യാത്രക്കാരന്റെ കാല്‍ ഒടിയുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്.വെളുപ്പിനും രാത്രിയുമൊക്കെ യാത്ര ചെയ്യുന്നവരാണ് കൂടുതലായും അപകടത്തില്‍പെടുന്നത്.

ചില വാര്‍ഡുകളില്‍
മാതൃകാപരമായ
പ്രവര്‍ത്തനം
നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെ ചില റോഡുകളിലൊക്കെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കൗണ്‍സിലര്‍മാരുമുണ്ട്.എം.ജി റോഡ് ഉള്‍പ്പെടുന്ന 66-ാമത്തെ വാര്‍ഡിലാണ് ഇപ്രകാരമുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടന്നത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്നിട്ടുപോലും ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിന് ഇരുവശവും ഒഴുകിയെത്തുന്ന മലിന ജലം തടയാന്‍ കഴിഞ്ഞതായി കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് പറഞ്ഞു.
നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എ.ഇയുടെ സഹകരണത്തോടെ ഇവിടുത്തെ കാനകള്‍ വൃത്തിയാക്കിയാണ് മലിനജലം ഒഴുക്കിവിട്ടത്.
ഇതേതുടര്‍ന്ന് റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കാന്‍ സാധിച്ചെന്നും തന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബാനര്‍ജി റോഡിലും എം.ജി റോഡിലും രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ ഉടന്‍ അടക്കുമെന്നും യാത്ര സുഗമമാക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.