2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കാറ്റുപോയ പന്തായി ലാറ്റിനമേരിക്ക; കരുത്തുകാട്ടി യൂറോപ്യന്‍മാര്‍

യു.എച്ച് സിദ്ദീഖ്

റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാറ്റുപോയ തുകല്‍ പന്തുപോലെയായി ലാറ്റിനമേരിക്ക. യൂറോപ്യന്‍ കരുത്തിന് മുന്നില്‍ താളവും ശ്രുതിയും ലയവും കൈമോശം വന്ന ലാറ്റിന്‍ വസന്തം റഷ്യന്‍ ലോകപ്പില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. കാറ്റുനിറച്ച തുകല്‍ പന്തുമായി പച്ചപുല്‍തകിടിയില്‍ സംഘനൃത്തമാടിയവരെല്ലാം കടലാസില്‍ മാത്രം കരുത്തറിയിച്ച് മടങ്ങി. 

റഷ്യയില്‍ ഇനി യൂറോപ്യന്‍ പകിട്ടുമാത്രം. 2006 ന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാത്ത സെമി ഫൈനല്‍ പോരാട്ടം. 2006ന് മുന്‍പ് നാല് ലോകകപ്പുകളിലാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ സെമി പോരാട്ടത്തിന് എത്താനാവാതെ പുറത്തായത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാത്ത ആറാമത്തെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്കാണ് ലോകം ഇനി കണ്ണുതുറക്കുക. 1934, 1966, 1974, 1982 ലോകകപ്പുകളിലായിരുന്നു ലാറ്റിനമേരിക്കന്‍ സാന്നിധ്യമില്ലാതെ സെമി പോരാട്ടം നടന്നത്. ഒടുവില്‍ 2018 ല്‍ റഷ്യയിലും ചരിത്രം ആവര്‍ത്തിച്ചു. അഞ്ച് രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കയില്‍ നിന്ന് റഷ്യന്‍ ലോകകപ്പിന് എത്തിയത്. ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ പെറു വീണു.
കപ്പ് മോഹിച്ചു ലയണല്‍ മെസിയുടെ തോളിലേറി വന്ന അര്‍ജന്റീന ആദ്യ റൗണ്ട് കടക്കാന്‍ തന്നെ വിയര്‍ത്തു. ഐസ്‌ലന്റിനോട് സമനിലയും ക്രൊയേഷ്യയോട് വലിയ തോല്‍വിയും ഏറ്റുവാങ്ങി. പുറത്താകലിന്റെ വക്കില്‍ നിന്ന് നൈജീരിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന വന്നു. എന്നാല്‍, അതിവേഗം കൊണ്ടു അര്‍ജന്റീനയെ അമ്പരപ്പിച്ച ഫ്രാന്‍സ് മെസിക്കും കൂട്ടര്‍ക്കും പുറത്തേക്കുള്ള വഴികാട്ടി. ലാറ്റിനമേരിക്കയുടെ പ്രതീക്ഷയായി കൊളംബിയ അവസാന പതിനാറില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വീണു. മൂന്നു ടീമുകള്‍ വന്നതിനേക്കാള്‍ വേഗം മടങ്ങിയപ്പോഴും ലാറ്റിനമേരിക്കന്‍ പ്രതീക്ഷയായി ബ്രസീലും ഉറുഗ്വേയും അവസാന എട്ടിലേക്ക് കുതിച്ചു. ഫ്രഞ്ച് ആക്രമണത്തിന് മുന്നില്‍ ഉറുഗ്വേയും കീഴടങ്ങി. ഒടുവില്‍ പ്രതീക്ഷ കാനറികളിലായി.
മഞ്ഞക്കുപ്പായക്കാര്‍ അത്ഭുതം സൃഷ്ടിക്കുമെന്ന വാഴ്ത്തപ്പെട്ടു. സാംബാതാളം മുറുകിയില്ല.
സെല്‍ഫ് അടിച്ചു ബ്രസീലിയന്‍ മഞ്ഞക്കൂട്ടവും റഷ്യയോട് വിടപറഞ്ഞു. ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്‍മാര്‍ക്ക് മുന്നില്‍ കാനറികള്‍ ചിറകറ്റു വീണ കാഴ്ച ആരാധക്കൂട്ടങ്ങള്‍ ഞെട്ടലോടെ കണ്ടു. ലാറ്റിനമേരിക്ക മാത്രമല്ല റഷ്യയില്‍ കാലിടറി വീണവരെല്ലാം വമ്പന്‍മാരാണ്. കപ്പ് മോഹിച്ചു വന്ന വമ്പന്‍മാര്‍ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല.
ലാറ്റിനമേരിക്കയുടെ മേലുള്ള ശാപം യൂറോപ്പിന്റെ കളിത്തട്ടകത്ത് വിടാതെ പിന്തുടരുകയാണ്. 1958 നു ശേഷം യൂറോപ്പ് ആതിഥ്യമേകിയ ലോകകപ്പുകളില്‍ ഒന്നില്‍ പോലും ലാറ്റിനമേരിക്കന്‍ ടീമിന് കപ്പ് ഉയര്‍ന്നായിട്ടില്ലെന്ന ശാപം റഷ്യയിലും സംഭവിച്ചിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.