
നെയ്യാറ്റിന്‍കര: ഓണ വിപണി ലക്ഷ്യമിട്ട് വാഴയും പച്ചക്കറികളും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി എത്തിയത് ചുഴലിക്കാറ്റും പ്രളയവും. പാട്ടത്തിന് കൃഷി ഭൂമിയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തുകയാണുണ്ടായത്.
പ്രളയം എത്തുന്നതിന് മുന്‍പ് തന്നെ വീശിയടിച്ച ചുഴലികാറ്റില്‍ ഹെക്ടര്‍ കണക്കിന് വാഴകളാണ് ഒടിഞ്ഞ് നശിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഴ കൃഷി ചെയ്യുന്ന സ്ഥലം നെയ്യാറ്റിന്‍കര താലൂക്ക് തന്നെയാണ്. പെരുങ്കടവിള, കുളത്തൂര്‍, തിരുപുറം, കോട്ടുകാല്‍, പള്ളിച്ചല്‍, തേമ്പാമുട്ടം, കൊല്ലയില്‍, അമരവിള, ചെങ്കല്‍, ചെറുവാരക്കോണം, കൊച്ചോട്ടുകോണം, നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളാണ് ഏറെയും നശിച്ചത്.
പെരുമ്പഴുതൂര്‍, പെരുങ്കടവിള, പള്ളിച്ചല്‍, മാരായമുട്ടം പ്രദേശങ്ങളില്‍ മാത്രം ഏകദേശം ഇരുനൂറ്റി അന്‍മ്പതിലേറെ ഹെക്ടര്‍ സ്ഥലത്തെ വാഴ കൃഷിയാണ് നശിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മീറ്റര്‍ പലിശയ്ക്കും വട്ടി പലിശയ്ക്കും പണം കടം വാങ്ങി കൃഷി നടത്തിയ കര്‍ഷകര്‍ പലിശയും മുതലും തിരികെ നല്കാന് കഴിയാത്ത അവസ്ഥയില്‍ മാറുകയാണുണ്ടായത്. കൃഷിയിറക്കിയ 70 ശതമാനം വാഴകളും കാറ്റില്‍ നശിച്ചപ്പോള്‍ ബാക്കി നെയ്യാറില്‍ നിന്നും തുറന്ന് വിട്ട വെള്ളത്തില്‍ മുങ്ങിത്താണ് അഴുകി നശിക്കുകയാണുണ്ടായത്. പോരാഞ്ഞതിന് കൂട്ടത്തോടെയെത്തുന്ന പച്ച തത്തകളുടെ ആക്രമണത്തിലും കായ്കള്‍ക്ക് ഏറെ നാശ നാഷ്ടങ്ങള്‍ സംഭവിച്ചു.
വാഴ കര്‍ഷകര്‍ക്ക് ശെരിയായ തരത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല എന്ന പരാതിയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാറ്റിലും വെള്ള പ്പൊക്കത്തിലും വരള്‍ച്ചയിലുമാണ് വ്യാപകമായി വാഴ കൃഷികള്‍ നശിക്കുന്നത്.
വെള്ളറട, അമ്പൂരി തുടങ്ങിയ മലയോര മേഖലകളില്‍ കാട്ടു മൃഗങ്ങളുടെ ശല്യം വേറെയും. ചൂടിന് ശക്തിയേറിയതോടെ വനത്തില്‍ നിന്ന് കാട്ടു പന്നികളും മ്ലാവും കുരങ്ങും കാട്ടാനകളും കൂട്ടത്തോടെ എത്തി പാകമായതും അല്ലാത്തതുമായ വാഴകളും കപ്പ തുടങ്ങി മറ്റ് വിളകളെയും കുത്തി മറിയ്ക്കുകയും പിഴുത് നശിപ്പിക്കുന്ന കാഴ്ചയും വ്യാപകമാകുന്നു.
ഒരു മൂട് വാഴ നശിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിക്കുന്നത് 100 രൂപ മാത്രമാണന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇന്‍ഷ്വറന്‍സ് ചെയ്ത വാഴയ്ക്ക് ലഭിക്കുന്നത് 300 രൂപയും. ഈ തുക ലഭിക്കണമെങ്കില്‍ വാഴ കാറ്റിലും വേനലിലും ഒടിഞ്ഞ് നശിക്കാതിരിക്കാന്‍ കഴ വാങ്ങി ചേര്‍ത്ത് കെട്ടണമെന്ന നിബന്ധനയുണ്ട്. അല്ലാത്ത വാഴകള്‍ നശിച്ചാല്‍ പരിരക്ഷ ലഭിക്കുകയില്ല. ഇപ്രകാരം കഴ വാങ്ങി കെട്ടണമെങ്കില്‍ ഒരു വാഴയ്ക്ക് 250 ഓളം രൂപ ചിലവു വരുന്നു. ഇത് പലപ്പോഴും കര്‍ഷകര്‍ക്ക് സാധിക്കാതെ വരുന്നു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും കൃഷിഭവന് വഴി ലഭിക്കുന്ന തുച്ഛമായ കാശ് സമയത്തിന് കര്‍ഷകര്‍ക്ക് ലഭിക്കുകയുമില്ല.
ഓഖി ദുരന്തമുണ്ടായപ്പോള്‍ നശിച്ച വാഴകള്‍ക്കും മറ്റ് കൃഷിയിനങ്ങള്‍ക്കും നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലായെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് എത്രയും വേഗം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ക്കിടയില്‍ ആവശ്യം ശക്തമാകുന്നു.