2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കാര്‍ഷിക രംഗത്ത് നവമാറ്റങ്ങള്‍ നിര്‍ദേശിച്ച് കേദാരത്തിനു സമാപനം

തൃശൂര്‍:  ഭക്ഷ്യ-നാണ്യ വിളകളുടെ കേവലമായ ഉത്പാദന വര്‍ധനകൊണ്ടുമാത്രം കൃഷി അടിസ്ഥാനമായ സമ്പദ് വ്യവസ്ഥയ്ക്കു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഭക്ഷ്യ-നാണ്യ വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്താലേ പുതിയകാലത്തു കര്‍ഷകര്‍ക്കും കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കും നിലനിര്‍പ്പുള്ളൂവെന്നുമുള്ള പ്രഖ്യാപനത്തോടെ 37-ാമത് കേദാരം കാര്‍ഷിക രംഗം സെമിനാറിനു പീച്ചി കേരള വനഗവേഷണ കേന്ദ്രത്തില്‍ സമാപനമായി.
മൂല്യവര്‍ധനവ് കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തില്‍ സമാപന ദിവസം നടന്ന സെമിനാറിലാണ് കൃഷി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പ്രതിനിധികളും ഇത്തരമൊരു ആശയം പങ്കുവച്ചത്.
    പ്രമുഖ കൃഷി ശാസ്ത്രജ്ഞനും ഹോര്‍ട്ടികോര്‍പ്പ് എംഡിയുമായ ഡോ. രഞ്ചന്‍ എസ്. കരിപ്പായി മോഡറേറ്ററായി. വരുംവര്‍ഷങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലയടക്കമുള്ള വിവിധ ഏജന്‍സികളുടെ സാങ്കേതിക സൂത്രവിദ്യകള്‍ സാധാരണ കര്‍ഷകരിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്തു സുലഭമായ ഭക്ഷ്യ-നാണ്യ വിളകളെ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി അധികവരുമാനം നേടുന്നതിന്റെ വിവിധ മാതൃകകളെപ്പറ്റി കാര്‍ഷിക സര്‍വകലാശാല പ്രൊസസിങ് വിഭാഗം മേധാവി ഡോ. കെ.ബി. ഷീലയും അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സജി ഗോമസും സംസാരിച്ചു. വിള ആരോഗ്യ പരിപാലനത്തില്‍ പി.ജി. ഡിപ്ലോമ നേടിയ കൃഷി ഉദ്യോഗസ്ഥരുടെ അനുഭവ വിവരണത്തോടെയാണ് അവസാനദിന പരിപാടികള്‍ക്കു തുടക്കമായത്. സംസ്ഥാന കൃഷി ആസൂത്രണ ബോര്‍ഡ് ചീഫ് ഡോ. പി. രാജശേഖരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഓരോ ബ്ലോക്കിലും കാര്‍ഷിക ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    വിവിധ മാധ്യമങ്ങളില്‍ കാര്‍ഷിക പംക്തികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടേയും കൃഷി-മൃഗസംരക്ഷണ-ക്ഷീര വികസന ഉദ്യോഗസ്ഥരുടേയും ആശയവിനിമയ വേദിയെന്ന നിലയില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണു സെമിനാര്‍ സംഘടിപ്പിച്ചത്.
മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ഗൗരവരമായ ചര്‍ച്ചകളാണു സെമിനാറില്‍ നടന്നത്. കൃഷി എഴുത്തിന്റെ രീതിശാസ്ത്രം, നെല്ലാണ് ജീവന്‍, നൂതന കൃഷി സങ്കേതങ്ങള്‍, കേരളം ജൈവകൃഷിയിലേക്ക്, മധുമധുരം ധനമധുരം, മൂല്യവര്‍ധനവ് കാര്‍ഷിക മേഖലയില്‍ എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ കൃഷി ശാസ്ത്രജ്ഞരും കര്‍ഷകരും സാഹിത്യകാരന്മാരും കാര്‍ഷിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സംസാരിച്ചു.
    കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത കേദാരം കാര്‍ഷിക രംഗം സെമിനാര്‍ കാര്‍ഷിക മേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു സഹായകരമാകുന്ന നിരവധി ആശ്രയ അഭിപ്രായ രൂപീകരണങ്ങള്‍ക്കു കളമൊരുക്കിയാണു സമാപിച്ചത്.
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുരേഷ് മുതുകുളം മീഡിയ ലയ്‌സണ്‍ ഓഫീസര്‍ ഡോ. രാജേന്ദ്രലാല്‍, അസി. ഡയറക്ടര്‍ നീന എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.