
കൊല്‍ക്കത്ത: ഐ.പി.എല്ലിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ലയണ്‍സ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന ഗുജറാത്ത് ദിനേഷ് കാര്‍ത്തിക്(51) ബ്രണ്ടന്‍ മക്കല്ലം(29) ആരോണ്‍ ഫിഞ്ച്(29) എന്നിവരുടെ മികവിലാണ് ലക്ഷ്യം കണ്ടത്. കാര്‍ത്തിക് 29 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സറും പറത്തി
നേരത്തെ ഷാകിബ് അല്‍ ഹസന് (66*) യൂസഫ് പഠാന്(63*) എന്നിവരുടെ മികവിലാണ് നാലു വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട സ്കോര്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. നേരത്തെ ഈഡനിലെ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ ഗുജറാത്ത് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്തെങ്കിലും കൊല്‍ക്കത്തയുടെ തുടക്കം ദയനീയമായിരുന്നു. ആറോവറാവുമ്പോഴേക്ക് നാലുവിക്കറ്റിന് 24 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. റോബിന് ഉത്തപ്പ(14) ഗൗതം ഗംഭീര്‍(5) മനീഷ് പാണ്ഡെ(0) സൂര്യകുമാര്‍ യാദവ്(4) എന്നിവര്‍ ഗുജറാത്തിന്റെ മികച്ച സ്വിങ് ബൗളിങിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഗംഭീറിന്റെ കുറ്റി തെറിപ്പിച്ചാണ് ഗുജറാത്ത് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പ്രവീണ്‍ കുമാറിനായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ തന്നെ പാണ്ഡെയെയും നഷ്ടമായി ടീമിന്. പിന്നീടുള്ള ഇടവേളകളില്‍ രണ്ടു വിക്കറ്റ് നഷ്ടമായ ടീമിനെ പിരിയാത്ത ആറാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഷാകിബ്-യൂസഫ് സഖ്യമാണ്.
തുടക്കത്തില്‍ ഗുജറാത്തിന്റെ ബൗളര്‍മാരെ സൂക്ഷിച്ച് നേരിട്ട ഇരുവരും സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ ആക്രമണത്തിലേക്ക് തിരിഞ്ഞു. ഇരുവരും ആറാം വിക്കറ്റില്‍ ഉണ്ടാക്കിയ കൂട്ടുകെട്ട് ഐ.പി.എല്ലിലെ റെക്കോര്‍ഡ് കൂട്ടുകെട്ട് കൂടിയാണ്. യൂസഫ് 41 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സറും പറത്തി. ഷാകിബിന്റെ ഇന്നിങ്സില്‍ നാലു ബൗണ്ടറിയും നാലു സിക്സറുമുണ്ടായിരുന്നു. ഇന്നിങ്സിന്റെ മധ്യത്തില്‍ യൂസഫ് അടിച്ചു തകര്‍ത്തപ്പോള്‍ മികച്ച പിന്തുണ നല്കിയ ഷാകിബ് ഇന്നിങ്സിന്റെ അവസാനത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവച്ചു. റണ്‍ വിട്ടു നല്കുന്നതില് പിശുക്കു കാട്ടുന്ന ഡ്വെയ്ന്‍ ബ്രാവോയുടെ ഓവറുകളില്‍ ഷാകിബ് നാലു സിക്സറാണ് പറത്തിയത്.