2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പാതയോരങ്ങളിലെ ഗതാഗത നിയമ ലംഘനം; കാമറയില്‍ കുരുങ്ങിയത് 55.5 കോടി

6 വര്‍ഷം കൊണ്ട് 13 ലക്ഷം നിയമലംഘനങ്ങള്‍; പിരിഞ്ഞു കിട്ടാനുള്ളത് 29.5 കോടി

 

പി.എം മാഹിന്‍കുട്ടി

കാക്കനാട് : സംസ്ഥാനത്തെ പാതയോരങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകളില്‍ ഇതുവരെ കുരുങ്ങിയ ഗതാഗത നിയമലംഘനങ്ങളുടെ മൂല്യം 55.5 കോടി രൂപ. പതിമൂന്നു ലക്ഷത്തോളം നിയമ ലംഘനമാണ് ആറു വര്‍ഷം കൊണ്ടു കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. പിഴയിനത്തില്‍ 26 കോടി രൂപ ഖജനാവിലെത്തി. ഇനി 29.5 കോടി കൂടി പിരിഞ്ഞു കിട്ടാനുണ്ട്. 10 മുതല്‍ 50 ഓളം തവണ നിയമലംഘനം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത വാഹനങ്ങളാണ് പിഴയടക്കാതില്‍ കൂടുതലും.

15ലധികം നിയമ ലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരേ ഉടമകളുടെ വീട്ടിലെത്തി ഷോക്കേഴ്‌സ് നോട്ടിസ് നല്‍കുവാനും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുമാണ് ആദ്യഘട്ട നടപടി എന്ന നിലയില്‍ വാഹന വകുപ്പ് നടപ്പാക്കാന്‍ പോകുന്നത്. വഴി നീളെ കാമറകള്‍ സ്ഥാപിച്ചപ്പോള്‍ സുരക്ഷയുടെ പേരിലുള്ള അധികച്ചെലവായേ പലരും കരുതിയുള്ളു. ഇപ്പോള്‍ ഇതു സുരക്ഷ കൂട്ടാനും കുറ്റകൃത്യം കുറയ്ക്കാനും സഹായിക്കുന്നതു പോലെ സര്‍ക്കാരിനു മെച്ചപ്പെട്ട വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്നു.
ഇരുട്ടില്‍ പോലും വളരെ ദൂരത്തുനിന്ന് അമിതവേഗ വാഹനങ്ങളുടെ ചിത്രമെടുക്കാവുന്ന ഇന്‍ഫ്രാറെഡ് സ്പീഡ് ട്രേസര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക കാമറകളാണു പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചത്. 2012 മുതല്‍ ഘട്ടം ഘട്ടമായി ആരംഭിച്ച കാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായപ്പോഴാണു സംസ്ഥാത്തെ പ്രധാന റോഡുകള്‍ നിരീക്ഷണത്തിലായത്. അമിത വേഗവും ജങ്‌നുകളിലെ റെഡ് സിഗ്‌നല്‍ തെറ്റിക്കലുമാണു കാമറകള്‍ പ്രധാനമായി പകര്‍ത്തുന്നത്.

കാമറയില്‍ പതിയുന്ന രംഗങ്ങള്‍ അപ്പോള്‍ തന്നെ കാക്കനാട്ടെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. എത്ര ഇരുട്ടാണെങ്കിലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യക്തതയോടെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുമെന്നതാണ് ഇന്‍ഫ്രാ റെഡ് സ്പീഡ് ട്രേസര്‍ കാമറകളുടെ പ്രത്യേകത. നമ്പര്‍ നോക്കി വിലാസം കണ്ടെത്തി ഉടമയ്ക്കു നോട്ടിസയക്കും. അമിത വേഗക്കാര്‍ക്ക് 400 രൂപയും ജങ്ഷനുകളിലെ റെഡ് സിഗ്‌നല്‍ അവഗണിക്കുന്നവര്‍ക്ക് 1,000 രൂപയും പിഴ ചുമത്തിക്കൊണ്ടാണു നോട്ടിസയക്കുന്നത്. ആര്‍.ടി ഓഫിസിനോടനുബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ ഇതിനു വേണ്ടി മാത്രം ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

മീഡിയനുകളിലെ കാമറകളാണ് അമിത വേഗക്കാരെ കുരുക്കുന്നത്. ജങ്ഷനുകളിലെ കാമറകള്‍ പ്രധാനമായി റെഡ് സിഗ്‌നല്‍ അവഗണനയാണു പിടികൂടുന്നത്. നിയമ പരിധി വിട്ടു വേഗത്തില്‍ പായുന്ന വാഹനങ്ങളുടെ ഫോട്ടോയും എത്ര കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്നു രേഖപ്പെടുത്തിയ സ്പീഡോ മീറ്റര്‍ പ്രിന്റും സഹിതം വിശദമായ റിപ്പോര്‍ട്ടാണു മീഡിയനുകളില്‍ സ്ഥാപിച്ച കാമറകളില്‍ നിന്നു ഓണ്‍ലൈന്‍ വഴി കണ്‍ട്രോള്‍ റൂമിലെത്തുന്നത്.

ഇതിന്റെ പ്രിന്റ് ആണു നോട്ടിസായി എത്തുന്നത്. പിടിവീഴുന്ന വാഹനങ്ങളുടെ പേരില്‍ നോട്ടിസ് ജനറേറ്റ് ചെയ്യുന്നതോടെ ഓണ്‍ലൈന്‍ വഴി ഈ വിവരം എല്ലാ ആര്‍.ടി ഓഫിസുകളിലേക്കും ഓട്ടോമാറ്റിക്കായി എത്തും. ഈ വാഹനവുമായി ബന്ധപ്പെട്ട എന്താവശ്യത്തിന് ആര്‍.ടി ഓഫിസില്‍ ചെന്നാലും കേസുമായി ബന്ധപ്പെട്ട പിഴ അടക്കാതെ മറ്റു നടപടിക്രമങ്ങള്‍ക്കു കംപ്യൂട്ടര്‍ സമ്മതിക്കാത്ത വിധമാണു സോഫ്റ്റ്‌വെയര്‍ ക്രമീകരണം.

മന്ത്രിമാര്‍, ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്വന്തം ഉദ്യോഗസ്ഥര്‍ വരെ റോഡുകളിലും മീഡിയനുകളിലും സ്ഥാപിച്ച കാമറകളില്‍ കുരുങ്ങിയിട്ടുണ്ടെന്നാണു കണക്ക്. ഇവരൊക്കെ പിഴയടച്ചേ തീരൂവെന്നതാണു കാമറകളോടനുബന്ധിച്ച വി ട്രാക്കര്‍ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകത.
പിടികൂടപ്പെടുന്ന വാഹനങ്ങളുടെ മേലുള്ള കുറ്റപത്രം ഓട്ടോമാറ്റിക്കായി ആര്‍.ടി ഓഫിസുകളിലെ ബന്ധപ്പെട്ട വാഹന ഡേറ്റയില്‍ എത്തുന്നതാണു വി.ഐ.പികള്‍ക്കു പാരയാകുന്നത്. പിഴയടച്ചു കേസ് തീര്‍ത്തില്ലെങ്കില്‍ കുറ്റപത്രം കംപ്യൂട്ടറില്‍ വാഹന നമ്പറുമായി ചേര്‍ന്നു കിടക്കും. അതേസമയം കാമറകള്‍ പകര്‍ത്തുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ നോട്ടിസ് ലഭിച്ചാല്‍ വാഹന ഉടമ ആര്‍.ടി ഓഫിസിലേക്കോ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്കോ ഓടണമെന്നില്ല. ഓണ്‍ലൈന്‍ വഴി പിഴ അടച്ചു കേസ് ഒഴിവാക്കാം. പ്രധാനപ്പെട്ട ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സലൃമഹമാ്‌റ.ഴീ്.ശി എന്ന സൈറ്റിലെ ഫൈന്‍ റെമിറ്റന്‍സിലാണു പിഴ സ്വീകരിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.