2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാട്: സി.പി.എം ത്രിശങ്കുവില്‍

രാഷ്ട്രീയ ലേഖകന്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കാന്തപുരം സൂചന നല്‍കിയതോടെ സി.പി.എം ത്രിശങ്കുവിലായി. മധുരിച്ചിട്ട് തുപ്പാനുംവയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പ് രംഗത്ത് പരസ്യമായിവരുന്നത് ഇടതുപക്ഷത്തിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.
സ്വന്തമായി വോട്ടുബാങ്കില്ലെന്നിരിക്കെ സി.പി.എം വോട്ടുകള്‍ ലക്ഷ്യംവച്ചാണ് കാന്തപുരം രംഗത്തിറങ്ങുന്നതെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാന്തപുരത്തിന്റെ ബി.ജെ.പി ബാന്ധവവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മുസ്‌ലിം സമുദായത്തില്‍നിന്ന് കഴിഞ്ഞകാലങ്ങളിലുള്ളതിനേക്കാള്‍ അനുകൂലമായ സാഹചര്യം ഇപ്പോഴുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. അറബിക് സര്‍വകലാശാലാ വിഷയവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും സമുദായത്തില്‍ അസ്വസ്ഥതക്ക് ഇടയാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്.
കാന്തപുരം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നതോടെ ഇവയെല്ലാം മറക്കാന്‍ ഇടയാകുകയും മുസ്‌ലിംലീഗിനുപുറമെ സമുദായത്തിലെ മറ്റ് ഇതര മതസംഘടനകളും പ്രചാരണത്തില്‍ സജീവമാകുകയും ചെയ്യും. ഇത് യു.ഡി.എഫിന് അനുകൂലമാകുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. കൊടുവള്ളിയിലെ ഇടതുപക്ഷ സ്വതന്ത്രന്‍ വോട്ടുതേടി കാന്തപുരത്തെ തേടിപ്പോയത് വലിയ അബദ്ധമാണെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്നോ, രണ്ടോ മണ്ഡലങ്ങളിലൊഴിച്ച് ബാക്കിയുള്ളതിലെല്ലാം എല്‍.ഡി.എഫ് അനുകൂല നിലപാടായിരിക്കും കാന്തപുരം സ്വീകരിക്കുകയെന്നാണ് അറിയുന്നത്.
സമീപകാലങ്ങളായി മുസ്‌ലിംലീഗിനോട് മൃദുസമീപനമാണ് സി.പി.എം സ്വീകരിച്ചുവരുന്നത്. പലപ്പോഴും ലീഗിനെ പരസ്യമായി പ്രശംസിക്കാന്‍വരെ സി.പി.എം നേതാക്കള്‍ തയാറായത് ഇതിന്റെ ഭാഗമാണ്. ലീഗ് കോണ്‍ഗ്രസിനേക്കാള്‍ വ്യവസ്ഥാപിത സംവിധാനമുള്ള പാര്‍ട്ടിയായതിനാല്‍ ലീഗിനെ ചൊടിപ്പിച്ചാല്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ ചടുലമാകുമെന്ന ഭയമാണ് സി.പി.എമ്മിനുള്ളത്.
സ്വന്തം അണികളെന്ന് അവകാശപ്പെടുന്നവരില്‍ 90 ശതമാനവും ഇടതുപക്ഷ അനുകൂലികളായതിനാല്‍ രാഷ്ട്രീയപാര്‍ട്ടിയെന്ന ലേബലില്‍ പ്രത്യക്ഷപ്പെട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടാണ് പരസ്യപ്രവര്‍ത്തനത്തിലേക്ക് പോകാന്‍ കാന്തപുരം വിഭാഗം ഇപ്പോള്‍ മടിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് കാന്തപുരം വിഭാഗത്തിലെ നേതാക്കള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടാക്കിയിട്ടുണ്ട്.
അതിനിടെ, മുസ്‌ലിംലീഗിനെയാണ് കാന്തപുരം ലക്ഷ്യംവച്ചിട്ടുള്ളതെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ ഘട്ടത്തില്‍ കേരള മുസ്്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വഖ്ഫ്‌ബോര്‍ഡ് ഓഫിസിലേക്ക് കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ച് വ്യക്തമാക്കുന്നത്. കാന്തപുരത്തിനെതിരേ സമുദായത്തിലെ ഭൂരിഭാഗവും ശക്തമായ വിരോധമാണ് വച്ചുപുലര്‍ത്തുന്നത്.
ബി.ജെ.പി അനുകൂല നിലപാടും മോദി സംഘടിപ്പിച്ച സൂഫിസം സമ്മേളനത്തിലെ പങ്കാളിത്തവുമെല്ലാം ഇപ്പോഴും വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിച്ച മുസ്‌ലിംകളെല്ലാം കാന്തപുരം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ കാന്തപുരത്തിന്റെ ആളുകളെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രചാരണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.