2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

കാന്തപുരം ഫാക്ടര്‍ വട്ടപൂജ്യം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരുടെ അവകാശവാദങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി. ഈ തെരഞ്ഞെടുപ്പില്‍ കാന്തപുരം തോല്‍പ്പിക്കാന്‍ പ്രത്യേകമായി നിര്‍ദേശം നല്‍കിയ മുഴുവന്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികളും വിജയിച്ചതു കാന്തപുരത്തിന്റെ അവകാശവാദത്തിലെ അര്‍ഥമില്ലായ്മ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായി.

1989നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും റിസല്‍ട്ട് വന്ന ശേഷം വിജയിച്ച വിഭാഗത്തിന്റെ വിജയത്തിലെ പിതൃത്വം അവകാശപ്പെട്ട് രംഗത്തുവരുന്ന പതിവ് ആയിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും ഇത്തവണ മുസ്്‌ലിംലീഗിലെ ചില സ്ഥാനാര്‍ഥികളെ തോല്‍പിക്കാനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു നടത്തിയിരുന്നത്.
എന്നാല്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും കാന്തപുരം തോല്‍പിക്കാന്‍ ആഹ്വാനം ചെയ്ത മണ്ഡലങ്ങളിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചത് കാന്തപുരം വിഭാഗത്തിന് വന്‍തിരിച്ചടിയായിരിക്കുകയാണ്. പരസ്യമായി ചില മണ്ഡലങ്ങളില്‍ മാത്രമാണ് ലീഗ് വിരുദ്ധ ആഹ്വാനം നടത്തിയിരുന്നതെങ്കിലും എല്ലാ മണ്ഡലങ്ങളിലും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. സ്വന്തമായ രാഷ്ട്രീയ വോട്ട്ബാങ്ക് ഇല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളെ തന്റേതാക്കി അവതരിപ്പിക്കുന്ന നിലപാട് ഇതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

കല്ലാംകുഴി സംഭവത്തിന്റെ പേരില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എക്കെതിരേ കെട്ടുകഥകള്‍ മെനഞ്ഞ് വിട്ട് യു.ഡി.എഫിനെ മണ്ഡലത്തില്‍ കുഴിച്ചുമൂടുമെന്ന് പ്രഖ്യാപനത്തോടെ പരസ്യമായി രംഗത്ത് വന്ന സമൂഹത്തിലും സമുദായത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ മാളത്തിലൊളിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കാന്തപുരം എ.പി വിഭാഗം. ഇല്ലാത്ത വോട്ടിന്റെ എണ്ണം പെരുപ്പിച്ച് കാണിച്ച് എന്നും വിലപേശല്‍ ശക്തിയാവാനാണ് ഇവര്‍ ശ്രമിക്കാറുളളത്. മാറി മാറി വരുന്ന സംസ്ഥാന ഭരണത്തില്‍ ഈ നിയമസഭാ എല്‍.ഡി.എഫിന്റേതാവുമെന്ന കണക്കുകൂട്ടലില്‍ ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ് എന്നിവയില്‍ പ്രാധിനിധ്യം പ്രതീക്ഷിച്ച് മണ്ണാര്‍ക്കാട് പ്രത്യക്ഷ നിലപാടുമായി രംഗത്ത് വന്ന കാന്തപുരം ഇപ്പോള്‍ ജനങ്ങളോട് മറുപടി പറയേണ്ട അവസ്ഥയിലാണ്.

കാന്തപുരം വിഭാഗത്തിന്റെ അട്ടപ്പാടിയിലെ സ്ഥാപനത്തില്‍ നടന്ന പീഡന കേസുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷിക്കാന്‍ എം.എല്‍.എ ശംസുദ്ദീന്‍ കൂട്ടുനില്‍ക്കാത്തതിന്റെ വൈര്യം തീര്‍ക്കാന്‍ കല്ലാംകുഴി സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച് വൈകാരികമായി കുത്തിപ്പൊക്കിയായിരുന്നു അവര്‍ രംഗത്ത് വന്നത്. ഇതിലൂടെ എം.എല്‍.എയെ ചൊല്‍പ്പടിയിലാക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി അവര്‍ 20,000ത്തിലധികം വോട്ടുകള്‍ തങ്ങള്‍ക്ക് മണ്ഡലത്തിലുണ്ടെന്ന് അവകാശ വാദവും ഉന്നയിച്ചു. എന്നാല്‍ ഇതില്‍ വീഴാതെ ജനങ്ങളെ വിശ്വാസമര്‍പ്പിച്ച് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ശംസുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.