2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കാനഡ-സഊദി പ്രശ്‌നം ഹജ്ജ് തീര്‍ഥാടകരെ ബാധിക്കില്ലെന്ന് മന്ത്രി

നിസാര്‍ കലയത്ത്

ജിദ്ദ: കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച സഊദി അറേബ്യ, പ്രശ്‌നം അവിടെ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ കാര്യങ്ങളില്‍ പ്രതിഫലിക്കില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു.

മദീനയിലെ ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന അദില്ല എസ്റ്റാബ്ലിഷ്‌മെന്റ് ആസ്ഥാനം സന്ദര്‍ശിച്ച് ശേഷം സംസാസരിക്കുകയായിരുന്നു അദ്ദേഹം.

സഊദിയില്‍ കഴിയുന്ന ഖത്തര്‍ പൗരന്മാരില്‍ പലരും അവര്‍ക്കായി സഊദി അധികൃതര്‍ സജ്ജമാക്കിയ ഓണ്‍ലൈന്‍ അവസരം ഉപയോഗപ്പെടുത്തി ഹജ്ജിന് റജിസ്റ്റര്‍ ചെയ്തതായും മന്ത്രി ഡോ . മുഹമ്മദ് സാലിഹ് ബന്തന്‍ വെളിപ്പെടുത്തി.

ഖത്തര്‍ എയര്‍വെയ്‌സ് ഒഴികെയുള്ള ഏതു വിമാന കമ്പനികളിലും ഖത്തരി തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ എത്താവുന്നതാണ്.

മുത്വവ്വിഫുമാരുടെ പെണ്‍മക്കളെ ഹജ് സേവന മേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിന് ഹജ് ഉംറ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. മക്കയില്‍ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റില്‍ രണ്ടു വനിതകളെ മന്ത്രാലയം നിയമിച്ചിട്ടുണ്ട്്. നിലവില്‍ ഹജ് സേവന മേഖലയില്‍ നിരവധി വനിതകള്‍ സേവനമനുഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഈ വര്‍ഷത്തെ ഹജ്ജിനൊടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന വ്യോമ നിരീക്ഷണം നടപ്പില്‍ വന്നു. വ്യോമ നിരീക്ഷണത്തിന്റെ ഒന്നാം ഘട്ടമാണ് നടപ്പിലാക്കിയതെന്ന് പൊതുസുരക്ഷാ എയര്‍ ഫോഴ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു.

മക്ക, മദീന, ഹജ്ജ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷമമായ വ്യോമ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും അവ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അപ്പപ്പോള്‍ കൈമാറുകയും ചെയ്യുകയാണ് ഹജ്ജിലെ സുരക്ഷാ വ്യോമ സേനാ വിഭാഗം ചെയ്യുന്നത്.

ഇതിനായി വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന ചെറു വിമാനങ്ങള്‍ അത്യാധുനിക സന്നാഹങ്ങളോട് കൂടിയുള്ളവയാണ്. രാത്രിയിലും തെളിമയോട് കൂടി പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ക്യാമറകള്‍, മെഡിക്കല്‍ ആംബുലന്‍സ്, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

ഇരു ഹറമുകളുടെയും സമീപ പ്രദേശങ്ങള്‍, ഹറം ശരീഫ് പള്ളികളോടും ആരോഗ്യ കേന്ദ്രങ്ങളോടും ചേര്‍ന്നുള്ള ഹെലിപ്പാഡുകള്‍, എന്നിവിടങ്ങള്‍ സന്ദര്‍ശനം നടത്തി അവിടങ്ങളിലെ സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് വ്യോമനിരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഉറപ്പു വരുത്തി കൊണ്ടിരിക്കുകയാണ്.

ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തോടനുബന്ധിച്ച് അറഫാ മൈതാനിയിലെ നാമിറാ പള്ളിയില്‍ നടക്കുന്ന ഖുതുബ (പ്രസംഗം) അറബിയില്‍ നിന്ന് ഉറുദു ഉള്‍പ്പെടെയുള്ള അഞ്ചു ലോകഭാഷകളില്‍ തത്സമയ പരിഭാഷ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഇംഗ്ലിഷ്, ഫ്രഞ്ച്, മലായ്, പേര്‍ഷ്യന്‍ ഭാഷകളിലേയ്ക്ക് കൂടിയായിരിക്കും അറഫാ ഖുതുബയുടെ തത്സമയ പരിഭാഷ.

അതോടൊപ്പം റേഡിയോയി (88.3 എഫ്എം) വഴിയും മൊബൈല്‍ ആപ്പ് വഴിയും അറഫാ ഖുതുബ പ്രക്ഷേപണം ചെയ്യനുമുള്ള സജ്ജീകരങ്ങളും നടത്തുന്നുണ്ട്.

സഊദി ഹജ്ജ് ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്പത്തിമൂന്നാമത് മഹാ ഹജ്ജ് കോണ്‍ഫറന്‍സ് ദുല്‍ഹജ്ജ് മാസം നാല്, അഞ്ചു തിയതികളില്‍ മക്കയില്‍ അരങ്ങേറും.

ആഗോള മുസ്‌ലിം സമൂഹത്തിലെ പ്രഗത്ഭരായ ചിന്തകരും സാഹിത്യകാരന്മാരും ഉന്നത വ്യക്തവിതങ്ങളുമടങ്ങുന്ന സദസ്സാണ് കോണ്‍ഫറന്‍സില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുക.

‘വിശിഷ്ട കാലം, വിശിഷ്ട സമയം സമാധാനത്തോടെയും, ശാന്തമായും’ എന്നതാണ് ഇത്തവണത്തെ മഹാ ഹജ്ജ് കോണ്‍ഫറന്‍സിന്റെ പ്രമേയം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.