2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാത്തിരുപ്പ് വെറുതെയായി… നാലു മാസത്തിനു ശേഷം ജോസഫിനെ ബഹ്‌റൈന്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു

മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് താല്‍പര്യമില്ല

 

ഉബൈദുല്ല റഹ്മാനി

മനാമ: ജന്മനാട്ടിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കി ബഹ്‌റൈനില്‍ വെച്ച് അന്തരിച്ച പ്രവാസി മലയാളിക്ക് ഒടുവില്‍ ബഹ്‌റൈനില്‍ തന്നെ അന്ത്യ വിശ്രമമൊരുക്കി.

കഴിഞ്ഞ 31 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായി കഴിഞ്ഞിരുന്ന പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജോസഫ് കോരുതി (54)നെയാണ് മരണശേഷം നാലു മാസം കഴിഞ്ഞ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ സെമിത്തേരിയില്‍ ക്രൈസ്തവ ആചാരപ്രകാരം അടക്കം ചെയ്തത്.

ജോസഫ് അവസാനമായി നാട്ടില്‍ പോയി വന്നത് 17 വര്‍ഷം മുന്‍പാണ്. തുടര്‍ന്ന് ബഹ്‌റൈനിലെത്തിയ ശേഷം ഓര്‍മ്മ ശക്തി നശിച്ചും രേഖകള്‍ നഷ്ടപ്പെട്ടും വിവിധ അസുഖങ്ങളോടു മല്ലിട്ടും കഴിഞ്ഞുവന്ന ജോസഫ് മെയ് 12ന് ഇവിടെ മരണമടയുകയായിരുന്നു.


Also Read: 17 വര്‍ഷത്തോളമായി നാട്ടില്‍ പോകാനാവാതെ കഴിഞ്ഞ മലയാളി ബഹ്‌റൈനില്‍ മരിച്ചു


നാട്ടിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലയക്കാനുള്ള പ്രയത്‌നത്തിലായിരുന്നു സാമൂഹികപ്രവര്‍ത്തകന്‍ സിയാദ് ഏഴംകുളവും സുബൈര്‍ കണ്ണൂരും സുഹൃത്തുക്കളും.

അതിനായി നാട്ടില്‍നിന്ന് സമ്മതപത്രവും ഇന്ത്യന്‍ എംബസിയില്‍നിന്ന് രേഖകളും വാങ്ങി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ നാട്ടിലയക്കാനിരിക്കവേ ഇനി മൃതദേഹം അയക്കേണ്ടതില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇവിടെ സല്‍മാബാദിലെ സെമിത്തേരിയില്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

31 വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹ്‌റൈനിലെത്തി 17 വര്‍ഷമായി നാട്ടിലുള്ള ബന്ധുക്കളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ ജീവിച്ചുവന്ന ജോസഫ് മരിച്ചുവെന്നറിഞ്ഞതോടെ, മൃതദേഹമെങ്കിലും ഒരു നോക്കു കാണാനായി കാത്തിരിക്കുകയായിരുന്നു 79 വയസ്സുള്ള മാതാവ് അമ്മിണിയും ബഹ്‌റൈന്‍ മുന്‍ പ്രവാസിയും ഹൃദ്‌രോഗിയും, കിഡ്‌നി തകരാറിലായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന സഹോദരന്‍ കുര്യന്‍ ജോസഫും, ഭാര്യയും ഏക മകനും മറ്റു കുടുംബാഗങ്ങളും.

ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിയാദ് ഏഴംകുളം ഈയിടെ നാട്ടില്‍ ചെന്നപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജിയോട് ഒരുമിച്ച് ജോസഫിന്റെ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു.

മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അവര്‍ അഭ്യര്‍ഥിക്കുകയും അതേതുടര്‍ന്ന് രേഖകള്‍ ശരിയാക്കി എംബാമിങ്ങ് അടക്കം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ നാട്ടിലേക്ക് അയക്കാനായി വിമാനക്കമ്പനി നാട്ടിലുള്ള കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടപ്പോളാണ് മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്ന് ജോസഫിന്റെ കുടുംബം നിലപാടെടുത്തത്.

ഇതേ തുടര്‍ന്നാണ് ഇവിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള സംസ്‌കാരചടങ്ങുകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.

അന്ത്യകര്‍മ്മങ്ങള്‍ക്ക് റവ.മാത്യു.കെ.മുതലാളി, റവ.റജി.പി.ഏബ്രഹാം, ചാക്കോ പി.മാത്യു, റജി.ടി. ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകരായ സിയാദ് ഏഴംകുളം, നജീബ് കടലായി, ബാജി ഓടംവേലില്‍, മനോജ് വടകര, എന്നിവര്‍ സംബന്ധിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News