2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാത്തിരിപ്പിന് വിരാമം: കണക്കന്‍കടവില്‍ ചെക്ക് ഡാമിന് അനുമതി

പുതുക്കാട്: കുറുമാലിപുഴയിലെ സ്‌നേഹപുരം നന്തിക്കര കടവുകളെ ബന്ധിപ്പിക്കുന്ന കണക്കന്‍കടവില്‍ ഇറിഗേഷന്‍ വകുപ്പ് ചെക്ക്ഡാം നിര്‍മിക്കുന്നതിന് അനുമതി. ഇതിനായി മണ്ണ് പരിശോധന നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വകുപ്പ് പൂര്‍ത്തീകരിച്ചു. ചീഫ് എന്‍ജിനീയറുടെ ഉത്തരവ് ലഭിക്കുന്നതോടെ മണ്ണ് പരിശോധന ആരംഭിക്കും. മണ്ണ് പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെക്ക്ഡാമിന്റ മാതൃക തയാറാക്കും.
അഡീഷണല്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പുഴയിലെ അടിത്തട്ടില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ഡാം നിര്‍മിക്കുന്നത്. ചെക്ക്ഡാം യാഥാര്‍ഥ്യമാകുന്നതോടെ പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളില്‍ ജലസേചനവും കുടിവെള്ളവും സുലഭമായി ലഭിക്കും. കണക്കന്‍കടവിലെ താല്‍ക്കാലിക മണ്‍ചിറ നിര്‍മാണം ഒന്നര പതിറ്റാണ്ട് മുന്‍പ് നിര്‍ത്തിയോടെ ചിമ്മിനി ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളം പാഴാവുകയായിരുന്നു.
വേനലില്‍ രൂക്ഷമായ ജലക്ഷാമം നേരിട്ടതോടെ മണ്‍ച്ചിറ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമീപ പ്രദേശമായ കുണ്ടുകടവിലെ മണ്‍ചിറ നിര്‍മാണം നിലച്ചതോടെയാണ് കണക്കന്‍കടവില്‍ വെള്ളം സംഭരിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്.
പുതുക്കാട് വികസന സമിതി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയ പരാതിയുടേയും നിവേദനത്തിന്റെയും ഫലമായാണ് കണക്കന്‍ കടവില്‍ ചെക്ക്ഡാമിന് അനുമതിയായത്. നിലവില്‍ മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തിയാണ് വേനലില്‍ പുഴയില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഷട്ടര്‍ താഴ്ത്തിയിട്ടും നെല്ലായി, പന്തല്ലൂര്‍, മനയ്ക്കല്‍കടവ്, സ്‌നേഹപുരം എന്നീ ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കാനുള്ള വെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.
കൂടുതല്‍ ദിവസം ഷട്ടര്‍ താഴ്ത്തിയിടുന്നതു മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും നേരിട്ടിരുന്നു. ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം പുഴയില്‍ മൂന്ന് കിലോമീറ്ററോളം വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയും.
ചെക്ക്ഡാം നിര്‍മിക്കുന്നതോടെ സമീപ പ്രദേശങ്ങളിലുള്ള കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.