2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കാണുന്നുണ്ടോ? സിറിയയില്‍ നിന്ന് വീണ്ടും ചിത്രങ്ങള്‍ വരുന്നുണ്ട്

റസാഖ് പള്ളങ്കോട്

സ്ഥിരം നടക്കുന്ന സംഭവമായതിനാല്‍ സിറിയയിലെ ആക്രമണ വാര്‍ത്തകള്‍ പലരെയും മടുപ്പിച്ചിരിക്കുന്നു. വായനക്കാരില്ലാത്ത വാര്‍ത്തകളുടെ കൂട്ടത്തില്‍ ഇതും കടന്നുകൂടിയെങ്കിലും അവിടുത്തെ യാഥാര്‍ഥ്യമറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. ആഭ്യന്തര കലഹത്തില്‍ എല്ലാം നഷ്ടപ്പെട്ട് എവിയെങ്കിലും എത്തിയാല്‍ മതിയെന്നാലോചിച്ച് ഓടുന്നതിനിടെ, ബോട്ട് തകര്‍ന്ന് മരിച്ച അയ്‌ലാന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞിന്റെ- മണലില്‍ മുഖംപൂഴ്ത്തിയുള്ള- ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് 2011 മുതല്‍ സിറിയയില്‍ എന്തു സംഭവിക്കുന്നുണ്ടെന്ന് ലോകം അറിഞ്ഞതു തന്നെ. എല്ലാം മറന്നുപോലെ അതും മാനവികര്‍ മറന്നുകളഞ്ഞു. പക്ഷെ, കാമറകള്‍ പിന്നെയും മിന്നക്കൊണ്ടിരുന്നു, അവിടെയുള്ള ചിത്രങ്ങള്‍ പകര്‍ത്തി ലോകപ്രശസ്തി നേടാനല്ല, മറിച്ച് മനുഷ്യത്വത്തിന്റെ കണിക വറ്റാത്തവര്‍ക്ക് മുമ്പില്‍ സിറിയയുടെ ദയനീവാസ്ഥ എത്തിക്കണമെന്ന ദൗത്യവുമായി.

syriaa

ഇപ്പോഴിതാ വീണ്ടുമൊരു ചിത്രം വന്നിരിക്കുന്നു. ആയിരം വാക്കുകളേക്കാള്‍ ശക്തി ചലിക്കുന്ന ഒരു ചിത്രത്തിനു പറയാനുണ്ടാവുമല്ലോ. സിറിയയില്‍ ഇന്ന് സംഭവിക്കുന്നതിന്റെ എല്ലാ രൂപ ഭാവങ്ങളും ഉറക്കെ വിളിച്ചുപറയുന്നൊരു ചിത്രമാണിത്. അലെപ്പോ നഗരത്തിനു വേണ്ടിയുള്ള വ്യോമാക്രമണത്തില്‍പ്പെട്ട് പരുക്കേറ്റ പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

syriaaa

കണ്ണില്‍ നിന്ന് രക്തമൊലിച്ച് ആംബുലന്‍സിനകത്തെ ഓറഞ്ച് കസേരയിലിരിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഉമറാന്‍ ദഖ്‌നീഷ് നോക്കുകയാണ്, ദയനീയമായാണോ? ദു:ഖത്തോടെയാണോ? അല്ല സഹതാപത്തോടെയാണോ?, അറിയില്ല. എന്തു തന്നെയായാലും ഉള്ളു കുലുക്കുന്ന ആ നോട്ടം ലോകത്തിനു നേരെയാണ്.

18Kristof2-web-master768

ഉമറാന്‍ ദഖ്‌നീഷിന് ആന്തരിക പരുക്കുകളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വിട്ടതായും റിപ്പോര്‍ട്ടുണ്ട്. ‘എം10’ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. എന്താണ് ഈ ‘എം10’ എന്നല്ലേ. ഡോക്ടര്‍മാര്‍ അലെപ്പോയിലെ ആശുപത്രികള്‍ക്ക് കോഡ് നല്‍കിയിരിക്കുകയാണ്. ആശുപത്രികള്‍ക്ക് പേരില്ലാഞ്ഞിട്ടല്ല. പരുക്കേറ്റവരെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നുണ്ടെന്നറിഞ്ഞാലോ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ടെന്നറിഞ്ഞാലോ സര്‍ക്കാര്‍ സൈനികര്‍ അത് ആവുംവിധത്തിലെല്ലാം തടയും. ഇത് അതിജീവിക്കാനാണ് രക്ഷാപ്രവര്‍ത്തകരും ഡോക്ടര്‍മാരും ചേര്‍ന്ന് ആശുപത്രികള്‍ക്ക് കോഡ് നല്‍കിയതെന്ന് ഡോ. അബൂ അല്‍ ഇസ്സ് പറഞ്ഞു.

sirii

ബുധനാഴ്ച രാത്രിയില്‍ നടന്ന ആക്രമണത്തിലാണ് ഉമറാന്‍ ദഖ്‌നീഷിന് പരുക്കേറ്റത്. ഇതേ ആക്രമണത്തില്‍ എട്ടു പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ അഞ്ചു പേരും കുട്ടികളാണ്. പരുക്കേറ്റവരിലും അധികം പേരും കുട്ടികളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.