2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

കാണാതായ പശുക്കളെ ചൊല്ലി സംഘര്‍ഷം: യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈ വെട്ടിമാറ്റി

ഭോപ്പാല്‍: കാണാതായ പശുക്കളെ ചൊല്ലിയുണ്ടായ തര്‍ക്കം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈ വെട്ടിയെടുത്ത സംഭവത്തില്‍ കലാശിച്ചു. മധ്യപ്രദേശിലെ റെയ്‌സന്‍ ഗ്രാമത്തിലായിരുന്നു സംഭവം.
35കാരനായ പ്രേം നാരായണ്‍ സാഹുവാണ് തന്റെ കാണാതായ പശുക്കളെ അന്വേഷിച്ച് സട്ടു യാദവിന്റെ ഫാമില്‍ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സാഹുവിന്റെ പശുക്കളെ കാണാതായത്.
കൈയില്‍ കത്തിയുമായിട്ടാണ് ഇയാള്‍ സട്ടുവിന്റെ ഫാമില്‍ എത്തിയത്. പശുക്കളെ ചോദിച്ചുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്നാണ് സട്ടുവും മറ്റ് നാലുപേരും ചേര്‍ന്ന് സാഹുവിനെ മരത്തില്‍ ബന്ധിച്ച് ഇയാളുടെ വലതുകൈ വെട്ടിമാറ്റിയത്. ഇടതുകൈക്കും മാരകമായി പരുക്കേറ്റിട്ടുണ്ട്.
സാഹുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊലിസില്‍ വിവരമറിയിച്ചത്. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടിമാറ്റിയ കൈയും അവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം ഇയാളെ പിന്നീട് ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവിലാണ്. യുവാവിനെ മര്‍ദിക്കുന്നതും കൈവെട്ടിയെടുക്കുന്നതും സുട്ടുവിന്റെ കുടുംബത്തിലെ ഒരു സ്ത്രീ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.
തന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നത് തെളിയിക്കാനാണ് ആക്രമണം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതെന്നാണ് ഈ സ്ത്രീ പൊലിസിനോട് പറഞ്ഞത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.