2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കാണാതായ ദമ്പതികള്‍ക്കായി വീണ്ടും ജലാശയങ്ങളില്‍ തിരച്ചില്‍

 

കോട്ടയം: അറുപറയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പ് കാണാതായ ദമ്പതികള്‍ക്കായി വീണ്ടും പുഴകളില്‍ തിരച്ചില്‍. ഇപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കാണാതായ അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (44), ഭാര്യ ഹബീബ (39) എന്നിവരെ കണ്ടെത്താന്‍ സീഡാക്കിന്റെ പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്.
ഇന്നലെ രാവിലെ മുതല്‍ വേമ്പനാട്ട് കായലിന്റെ വിവിധ പ്രദേശങ്ങളില്‍ സ്പീഡ് ബോട്ടുകളിലെത്തിയാണ് പരിശോധന നടത്തിയത്. എന്നാല്‍ കുമരകം, ചീപ്പുങ്കല്‍, കവണാറ്റിന്‍കര, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് ഹാര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് ഡിവൈ.എസ്.പി. സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ച മീനച്ചിലാറിന്റെ ഭാഗങ്ങളായ അറുപറ, താഴത്തങ്ങാടി പരിസരങ്ങളിലും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ എ.സി കനാലിലും തിരച്ചില്‍ നടത്തും.
വെള്ളത്തിന്റെ അടിത്തട്ട് വരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സ്‌കാനര്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. നേരത്തെ ദമ്പതികള്‍ യാത്രചെയ്യാന്‍ സാധ്യതയുള്ള വഴിയോരങ്ങളിലെ ജലാശയങ്ങളും റോഡുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നീണ്ട ഇടവേളക്കുശേഷമാണ് റോഡുമാര്‍ഗം ഇവര്‍ എത്താന്‍ സാധ്യതയുള്ള വേമ്പനാട്ട് കായലില്‍ അടക്കം പരിശോധന നടത്തുന്നത്.
അഭ്യൂഹങ്ങളെത്തുടര്‍ന്ന് നേരത്തേ നേവിയും കൊച്ചി ആസ്ഥാനമായ സ്വകാര്യമുങ്ങല്‍ വിദഗ്ധസംഘവും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ദിവസങ്ങള്‍ ജലാശയങ്ങളില്‍ നടത്തിയ തിരച്ചിലിലും കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. കാണാതാകുന്നതിന്റെ തലേന്ന് ഹാഷിം ഒറ്റക്ക് പീരുമേട്ടില്‍ എത്തിയിരുന്നതായി മൊബൈല്‍ ടവര്‍ ലൊക്കേഷനും സി.സി.ടി.വി കാമറയും പരിശോധിച്ചതില്‍ തെളിഞ്ഞതോടെ പൊലിസ് ഹൈറേഞ്ച് മേഖലയില്‍ നടത്തിയ അന്വേഷണവും ഫലപ്രദമായിരുന്നില്ല.
ഇതേത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അജ്മീരില്‍ ദമ്പതികളെ കണ്ടുവെന്ന തരത്തില്‍ ചിലസൂചനകള്‍ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ദമ്പതികളുടെ തിരോധാനത്തില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഹാഷിമിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് 19ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
2017 ഏപ്രില്‍ ആറിന് രാത്രി 9.15ന് വീട്ടില്‍നിന്നും ഭക്ഷണംവാങ്ങാന്‍ കാറില്‍ പുറത്തേക്ക് പോയ ദമ്പതികളെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.