2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാട്ടുപന്നികളെ തുരത്തുന്ന ജൈവമരുന്നിന് കൗണ്‍സിലിന്റെ അംഗീകാരം

വി.എം ഷണ്‍മുഖദാസ്

പാലക്കാട്: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള ഡോ. മണി ചെല്ലപ്പന്റെ കണ്ടുപിടിത്തത്തിന് മേഖലാ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഉപദേശകസമിതി അംഗീകാരം നല്‍കി.

കേരള കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ   അസോസിയേറ്റ് പ്രൊഫസറായ ഡോ. മണി ചെല്ലപ്പന്‍ അഞ്ചുവര്‍ഷമായി ഇതേക്കുറിച്ച് ഗവേഷണം നടത്തിവരികയാണ്. രണ്ടുവര്‍ഷം മലയോര മേഖലയിലെ  കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളില്‍ തയാറാക്കിയ ജൈവഔഷധക്കൂട്ട്(ബോ റീപ്പ്) പരീക്ഷണം വിജയം കണ്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ ആവശ്യമുള്ള കര്‍ഷകര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുമുണ്ട്.

മലയോരമേഖലകളിലും മറ്റും കാട്ടുപന്നി ശല്യം മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണു കണ്ടുപിടിത്തത്തിന് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ പാടില്ലെന്നാണ് നിയമം. കൊന്നാല്‍ കഠിനമായ ശിക്ഷയാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ രാത്രി കാവല്‍ കിടന്നും വൈദുതിവേലി സ്ഥാപിച്ചുമാണ് പന്നികളെ ഓടിച്ചിരുന്നത്. ഫലമില്ലാതെ വന്നതോടെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങിയത്.
കാട്ടുപന്നികള്‍ വ്യാപകമായി വിള നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പന്നികളെ നിയന്ത്രിക്കാന്‍ ജൈവ ഔഷധ കൂട്ടിനെകുറിച്ചു പഠനം തുടങ്ങിയതെന്ന് ഡോ. മണി ചെല്ലപ്പന്‍ ‘സുപ്രഭാത’ത്തോടു പറഞ്ഞു. ബോ റീപ്പ് എന്ന ജൈവക്കൂട്ട് തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കുകയും അവ കൃഷിയിടങ്ങളില്‍ വേലിയ്ക്കുചുറ്റും കെട്ടി തൂക്കിയിടുന്നതോടെ അതിന്റെ രൂക്ഷഗന്ധം മൂലം കാട്ടുപന്നികള്‍ അവിടെ നിന്ന് ഓടിപ്പോകുകയുമായിരുന്നു.

മണം ഉള്ളസമയത്ത് അവ  കൃഷിയിടങ്ങളില്‍ കയറാതെ തിരിച്ചുപോകുന്നുണ്ടെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 25 ഗ്രാം ബോ റീപ്പ് ഒരു തുണിയില്‍ കിഴി കെട്ടി മൂന്ന് മീറ്റര്‍ അകലത്തില്‍ വേലിക്കുചുറ്റും കെട്ടിത്തൂക്കുകയാണ് രീതി. നിലത്തുനിന്നു 15 സെ.മീ ഉയരത്തിലാവണം കിഴികള്‍ കെട്ടിത്തൂക്കേണ്ടത്. മഴക്കാലത്ത് നനയാതിരിക്കാന്‍ കിഴിക്കു മുകളില്‍ പ്ലാസ്റ്റിക്  കെട്ടിക്കൊടുക്കണം. ഒരു തവണ കെട്ടിയാല്‍  ഒരു മാസത്തോളം പന്നികള്‍ ആ ഭാഗത്തു വരില്ല. ഒരു ഏക്കറിന് 150 രൂപ മാത്രമേ  ചെലവു വരികയുള്ളു.

ഇദ്ദേഹം തന്നെയാണ് ജൈവക്കൂട്ട് ഉണ്ടാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത് . പേറ്റന്റിനു വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കിട്ടിയാലുടന്‍ വിപണനം നടത്താന്‍ കഴിയുമെന്നും ഡോ. മണി ചെല്ലപ്പന്‍  പറഞ്ഞു ഒരു കിലോ ജൈവക്കൂട്ടിന് 100 രൂപയാണ് ഇപ്പോള്‍ വില നിശ്ചയിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.