2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കാട്ടുതീ മരണം 11; 9 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അശ്‌റഫ് വേലിക്കിലത്ത്

തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയില്‍ കാട്ടുതീയില്‍ വെന്തുമരിച്ചവരുടെ എണ്ണം 11 ആയി. 14 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഒന്‍പത് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പത്തോളം ഗ്രാമീണരെ കാണാതായതായി അഭ്യൂഹമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്. ഹെലികോപ്റ്റര്‍ വഴി വെള്ളം തെളിച്ച് കാട്ടുതീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, പുനിത, ശുഭ, അരുണ്‍, വിപിന്‍, നിഷ, ഈറോഡ് സ്വദേശികളായ വിജയ, വിവേക്, ഭാര്യ ദിവ്യ, തമിഴ്‌ശെല്‍വി എന്നിവരെ തിരിച്ചറിഞ്ഞു. ഇവരില്‍ പുനിതയുടെയും അഖിലയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഈറോഡ് സ്വദേശിയായ നടരാജന്റെ മകന്‍ വിവേക് ദുബൈയില്‍ എന്‍ജിനീയറാണ്. മൂന്നു മാസം മുന്‍പായിരുന്നു വിവേകിന്റെയും ദിവ്യയുടെയും വിവാഹം.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിച്ചാമി നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടസ്ഥലത്ത് നിന്ന് 30 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. 39 പേരുടെ സംഘമാണ് ഞായറാഴ്ച രാത്രി കാട്ടുതീയില്‍ പെട്ടത്. രക്ഷപ്പെടുത്തിയ 28 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 17 പേരുടെ നില ഗുരുതരമാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പൊള്ളലേറ്റ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മീന ജോര്‍ജ് അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈയില്‍ താമസിക്കുന്ന മീന അവിടെ ഐ.ടി ഉദ്യോഗസ്ഥയാണ്.
ചെന്നൈ പാലാവാക്കത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ചെന്നൈ ട്രക്കിങ് ക്ലബ്ബ് ആണ് അപകടത്തില്‍പ്പെട്ട ഐ.ടി ജീവനക്കാരെയും വിദ്യാര്‍ഥിനികളെയും കുരങ്ങണിമലയില്‍ എത്തിച്ചത്. ബെല്‍ജിയം സ്വദേശി പീറ്റര്‍ എന്നയാളാണ് 2008 മുതല്‍ സ്ഥാപനം നടത്തുന്നതെന്ന് പൊലിസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ട്രക്കിങിന് രജിസ്‌ട്രേഷന്‍ ഫീസായി 1500 രൂപയും വാഹനചെലവായി 1500 രൂപയുമാണ് ഫീസ്. നിഷ, ദിവ്യ എന്നീ ഗൈഡുകളും കൂടെയുണ്ടായിരുന്നു. സംഭവത്തില്‍ മറ്റൊരു ഗൈഡായ രാജേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമ പീറ്റര്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ ആരംഭിച്ചു. ട്രക്കിങ് സംഘത്തിലുള്ളവര്‍ തന്നെ വലിച്ച സിഗരറ്റ് അശ്രദ്ധയോടെ കാട്ടില്‍ വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.