2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാട്ടാക്കടയില്‍ മായം കലര്‍ന്ന തേന്‍ കച്ചവടം പൊടി പൊടിക്കുന്നു

കാട്ടാക്കട: മധുരമുള്ള തേന്‍ വാങ്ങാന്‍ എത്തുന്നവരെ വരവേല്‍ക്കുന്നത് മായം കലര്‍ന്ന തേന്‍. പാതയോരങ്ങള്‍ക്ക് മധുരം പകര്‍ന്ന് ഇതര സംസ്ഥാനക്കാരുടെ തേന്‍ വില്‍പന തകൃതിയായി നടക്കുമ്പോള്‍ അവര്‍ വാങ്ങുന്നത് മായതേന്‍ ആണെന്ന് ആരും അറിയുന്നുമില്ല. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം തേന്‍ ശേഖരണവുമായും വില്‍പ്പനയുമായി സജീവമാണ്. തേനീച്ചക്കൂട് എവിടെ കണ്ടാലും ഇവര്‍ കുപ്പിയിലാക്കും. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും കൂട്ടമായി എത്തുന്നവരാണ് ഇവര്‍.
എന്നാല്‍, വഴിവക്കിലെ തേന്‍ വില്‍പന കണ്ട് മധുരമൂറേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മായം കലര്‍ന്ന തേന്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി സൂചനയുണ്ട്. തേന്‍ ശേഖരണത്തിന്റെ മറവില്‍ അന്യസംസ്ഥാനക്കാരും ‘ശുദ്ധമായ തേന്‍’എന്ന വ്യാജേനെ ചില കച്ചവടക്കാരും തട്ടിപ്പ് നടത്തുന്നതായാണ് വിവരം. പഞ്ചസാര ലായനിയും ശര്‍ക്കര ലായനിയും ചിലതരം സിറപ്പുകളും കലര്‍ത്തിയാണത്രെ തട്ടിപ്പ്. യാഥാര്‍ഥ തേനാണെന്ന് വിശ്വസിപ്പിക്കാന്‍ ഒഴിഞ്ഞ തേനീച്ചക്കൂട് പ്രദര്‍ശിപ്പിക്കാറുണ്ട്. തേനിലെ മായം കണ്ടെത്താന്‍ പരിശോധനകള്‍ ഇല്ലാത്തതാണ് തട്ടിപ്പ് പെരുകാന്‍ ഇടയാക്കിയത്. കുട്ടികള്‍ക്ക് നല്‍കാന്‍ വില നോക്കാതെ ഇത് വലിയ അളവില്‍ പലരും വാങ്ങുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ പുറത്തിറക്കുന്ന തേനിലും വ്യാജന്‍ പെരുകുന്നതായാണ് സൂചന. പ്രളയദുരന്തത്തില്‍ അംഗീകൃത കര്‍ഷകരുടെ തേനീച്ച കൂടുകള്‍ നഷ്ടപ്പെട്ടതോടെ തേനിന് കടുത്ത ദൗര്‍ലഭ്യമാണ്.
ഇത് മുതലാക്കാനാണ് വ്യാജന്മാരുടെ രംഗപ്രവേശം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ വില്‍പന നടക്കുന്നത് കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലെ മലയോര പ്രദേശങ്ങളിലാണ്. ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിച്ചു കൊണ്ടുവരുന്ന നാടന്‍ തേന്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന കച്ചവടക്കാര്‍ മായം ചേര്‍ത്ത് അധിക വിലയ്ക്ക് വില്‍ക്കുന്നു. ആയുര്‍വേദ മരുന്നുകളില്‍ പലതും തേന്‍ കലര്‍ത്തി കഴിക്കേണ്ടതാണ്. മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ നീളുന്നതാണ് തേന്‍ കാലം.
നാട്ടിലെ ക്യഷിയിടങ്ങളില്‍ കൂട് കെട്ടി കാത്തിരുന്ന കര്‍ഷകര്‍ക്കും കിട്ടി അടി. തേന്‍ ഉല്‍പ്പാദനം കുറഞ്ഞു. നാട്ടിലെ മാറുന്ന കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമാണ് കുറവിന് കാരണമെന്നും ചൂണ്ടികാട്ടപ്പെടുന്നു. തൂക്ക് തേന്‍, പൊത്ത് തേന്‍, ചെറുതേന്‍, പെരുംതേന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തേനിലാണ് കുറവ് വന്നിരിക്കുന്നത്. റബര്‍ മരങ്ങളെ ആശ്രയിച്ച് കെട്ടിയ കൂടുകളിലും ഇക്കുറി വന്‍ കുറവാണ് വന്നിരിക്കുന്നത്. രോഗം ബാധിച്ച് തേനീച്ചകുഞ്ഞുങ്ങള്‍ ചത്തെടുങ്ങിയിരുന്നു. കടുത്ത ചൂടും കാലം തെറ്റിയുള്ള മഴയും തേന്‍ ഉല്‍പ്പാദനത്തിന് ശാപമായി മാറി. വനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വനം വകുപ്പ് ആ പരിപാടി നിറുത്തി.
കാട്ടില്‍ പൂക്കള്‍ വിരിയുന്ന മരങ്ങള്‍ ഇല്ലാതായി വന്നതും ഒരു കാരണമാണ്. അതോടെ കാട്ടില്‍ നിന്നും തേന്‍ വന്നിരുന്ന സുവര്‍ണകാലം ഇപ്പോള്‍ അവസാനിച്ച മട്ടായി മാറി. ഒരുഗ്ലാസ് വെള്ളത്തില്‍ തേന്‍ തുള്ളി ഇറ്റിക്കുക. മായം കലര്‍ന്നതാണെങ്കില്‍ വെള്ളത്തില്‍ കലരും. ശാസ്ത്രീയമായി മായം കണ്ടെത്താനും ഉപാധികളുണ്ട്. മായം കണ്ടെത്തിയാല്‍ മൂന്നു ലക്ഷം രൂപ വരെ പിഴയും ആറു മാസത്തെ തടവും ലഭിക്കാം. അതിനിടെ തേനീച്ച കര്‍ഷകരുടെ രോദനം ആരും കേള്‍ക്കാത്ത നിലയാണ്. തേനീച്ചകൃഷി വ്യാപകമാക്കുക, വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അപേക്ഷകള്‍ കൃഷിഭവനുകള്‍ വഴി സ്വീകരിക്കുക, കടക്കെണിയിലായ തേനീച്ചകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍. തേന്‍വില (ഹോര്‍ട്ടി കോര്‍പ്പ് അംഗീകൃതം)ചെറുതേന്‍ 2,000 (1 കി.ഗ്രാം)പെരുംതേന്‍ 320 (1 കി.ഗ്രാം) എന്നാല്‍ വാങ്ങുന്നത് ഇരട്ടിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News