2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബൈക്ക് റാലിക്ക് നിരോധനം

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം മുതല്‍ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലമുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇന്നലെ കാഞ്ഞങ്ങാട് ആര്‍.ഡി.ഓഫിസില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഒത്തൊരുമിച്ച് തീരുമാനം കൈകൊണ്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ നാശനഷ്ട്ടങ്ങള്‍ നേരിട്ട പ്രദേശങ്ങളില്‍ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഒന്നിച്ച് പര്യടനം നടത്താനും പ്രാദേശിക തലത്തില്‍ സമാധാന യോഗം ചേരാനും തീരുമാനിച്ചു. ഇതുവരെയുണ്ടായ അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നല്‍കുന്ന പ്രതികളുടെ ലിസ്റ്റുകള്‍ അംഗീകരിക്കരുതെന്നും, യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്നും പൊലിസ് ഉദ്യോഗസ്ഥരോടും, മറ്റും യോഗത്തില്‍ സംബന്ധിച്ചവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പാലിക്കുമെന്ന് പൊലിസും യോഗത്തില്‍ ഉറപ്പു നല്‍കി. അതിനിടെ സമാധാന യോഗം വിളിച്ചതിന് ശേഷവും കഴിഞ്ഞ ദിവസം രാത്രി ചില പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടന്നത് യോഗത്തില്‍ വാക്ക്‌പോരിനു ഇടയാക്കി.
ഫലപ്രഖ്യാപന ദിവസം നഗരത്തിലും, മറ്റു സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും കൂട്ടമായെത്തിയ ബൈക്ക് റാലികളില്‍ സഞ്ചരിച്ചവരാണു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും യോഗത്തില്‍ സംബന്ധിച്ച ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് നഗരത്തിലും മറ്റും സി.സി ക്യാമറകള്‍ പരിശോധിച്ച് യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും ഉണ്ടായ നഷ്ട്ടങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് നികത്തി കൊടുക്കാനും ധാരണയായി. തെരഞ്ഞെടുപ്പിന് മുന്‍പ് ചേര്‍ന്ന സമാധാന കക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ ചിലര്‍ ലംഘിച്ചതാണ് അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. സമധാന കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ കര്‍ശനമായും പാലിക്കാന്‍ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ആര്‍.ഡി.ഓഫിസര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. താലൂക്ക് ഓഫിസര്‍ക്കുവേണ്ടി ശ്രീമതി ശോഭ, നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ഹൊസ്ദുര്‍ഗ് ഡി.വൈ .എസ്.പി സുനില്‍ ബാബു ,സി.ഐ പ്രേമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ കുഞ്ഞികൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, എ വേലായുധന്‍, എ നാരായണന്‍, പി.പി രാജു തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.