2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കാഞ്ഞങ്ങാട്ടെ ആദരാഞ്ജലി

പി. എ. അശ്‌റഫ്, പുളിക്കല്‍

കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ വിരമിക്കുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റര്‍ പതിപ്പിച്ച വിദ്യാര്‍ഥികളുടെ നിലപാട് വിമര്‍ശിക്കേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് കൊടുത്ത് പക പോക്കുന്ന അധ്യാപികയുടെ പ്രവൃത്തിയും വിമര്‍ശിക്കേണ്ടതുണ്ട്. ബഹുമാനം പിടിച്ചുവാങ്ങേണ്ട ഒന്നല്ല, കര്‍മങ്ങളുടെ ഫലമായി ലഭിക്കേണ്ടതാണ്.
കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികളാണ് കോളജുകളില്‍ ഉണ്ടാകുക. മനശ്ശാസ്ത്രജ്ഞര്‍ വളരെ സൂക്ഷിച്ച് ഇടപെടണമെന്ന് നിര്‍ദേശിച്ച ക്ലേശത്തിന്റെയും ഞെരുക്കത്തിന്റെയും സമയം.
ഊര്‍ജക്കൂടുതലുള്ള കര്‍മോത്സുകതയുടെ പ്രായം. ഇവരെ നേരായ മാര്‍ഗത്തില്‍ നയിക്കാനാകാത്ത അധ്യാപകര്‍ ആ മഹദ്സ്ഥാനത്തിന് അര്‍ഹരാകുന്ന വിധത്തില്‍ പരിശീലനങ്ങള്‍ കരസ്ഥമാക്കണം. അല്ലാതെ വിദ്യാര്‍ഥികളെ പ്രതിയോഗികളോടെന്ന പോലെ നേരിടുകയല്ല വേണ്ടത്.
വിദ്യാഭ്യാസ പ്രക്രിയയില്‍ അധ്യാപകനുള്ള പ്രാമാണ്യത സമൂഹം തന്നെയാണ് കുറച്ചത്. കണ്ണുരുട്ടിയാല്‍, ശാസിച്ചാല്‍, വടിയെടുത്താല്‍ അധ്യാപകരെ കോടതി കയറ്റുന്ന സമൂഹം, വിദ്യാര്‍ഥികളോടുള്ള ഈ നിഷേധമനഃസ്ഥിതി അവരെ ആജീവനാന്തം റിബലുകളാക്കും. വിദ്യാര്‍ഥികളുടെ അപക്വമായ പ്രവര്‍ത്തനങ്ങളെ അധ്യാപിക ക്ഷമിച്ച് അവരെ ഗുണദോഷിക്കുകയാണെങ്കില്‍ അധ്യാപികയ്ക്ക് അവരുടെ മനസ്സിലുള്ള സ്ഥാനം ശതഗുണീഭവിക്കുമായിരുന്നു.
അധ്യാപികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അവരോടൊപ്പം വിരമിച്ച അധ്യാപകന് നേരെ പ്രതിഷേധം നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് വ്യത്യസ്തമായ ശൈലികളും മാര്‍ഗങ്ങളും സ്വീകരിച്ചെന്നിരിക്കും. അതിനെ ആ ദൃഷ്ടിയില്‍ കാണണം. ഇതിലും ആഭാസകരമായ ‘മാറുതുറക്കല്‍, ചുംബന സമരം’ പോലുള്ള സമരങ്ങളെ ന്യായീകരിച്ചവര്‍ ഈ സമരത്തെ ക്രൂശിക്കുന്നത് എന്തൊരു വിരോധാഭാസമാണ്. കുട്ടികളെ അറ്റന്റന്‍സിന്റെയും ഇന്റേണല്‍ അസസ്‌മെന്റിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും പേരില്‍ വേട്ടയാടുന്ന അധ്യാപകര്‍ക്ക് കര്‍മഫലം തിരിച്ചു കിട്ടിയെന്നിരിക്കും.
വിദ്യാര്‍ഥികള്‍ തെറ്റു ചെയ്‌തെങ്കില്‍ അവരെ ഗുണദോഷിച്ച് നേര്‍വഴിക്ക് നടത്താന്‍ ബാധ്യതയുള്ള അധ്യാപകര്‍ അവരെ പ്രതികളാക്കി രാഷ്ട്രീയ പകപോക്കുന്നതും വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതും പൊറുക്കാനാകാത്തതും സമൂഹം ചര്‍ച്ച ചെയ്യേണ്ടതുമാണ്. മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങളുടെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യണം.ഫാറൂഖ് കോളജിലെ ‘തണ്ണീര്‍മത്തന്‍’ വിവാദത്തിലും ഇതാണ് സംഭവിച്ചത്. മാധ്യമങ്ങള്‍, അച്ചി പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് അരഞ്ഞാണമെടുത്ത് ഓടുന്നത് പോലെ കേവലം കേട്ടറിവുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത സൃഷ്ടിക്കാതെ ചുരുങ്ങിയ പക്ഷം കോളജില്‍ പോയി വാര്‍ത്തയുടെ മുഴുവന്‍ വശങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം വിശകലനം ചെയ്താല്‍ മതിയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News