2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കാക്കകള്‍ പറയും പ്രകൃതിപാഠം

നാം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൊത്തി തിന്ന് നമ്മുടെ വീടും പറമ്പും വൃത്തിയാക്കുന്നവരാണ് കാക്കകള്‍. പ്രകൃതിയുടെ ശുചീകരണത്തൊഴിലാളികളാണ് ഇവരെന്നു എന്നു പറയാം. ആ പദവി അവര്‍ക്ക് ഔദ്യോഗികമായി കിട്ടിയാലോ? കേട്ടിട്ട് കാക്ക മലര്‍ന്നു പറക്കുമെന്നു പറയാന്‍ വരട്ടെ, ഫ്രാന്‍സിലെ ഹിസ്റ്റോറിക്കല്‍ തീം പാര്‍ക്കാണ് കാക്കകളെ ശുചീകരണത്തിനായി നിയമിച്ചിട്ടുള്ളത്. ആറുകാക്കകള്‍ക്കാണ് പാര്‍ക്കിലെ സിഗരറ്റ് കുറ്റികളും മറ്റു മാലിന്യങ്ങളും കൊത്തിയെടുക്കാനും അവ ചവറ്റു കുട്ടയില്‍ നിക്ഷേപിക്കാനും ആവശ്യമായ പരിശീലനം നല്‍കിയത്. അടുത്ത ആഴ്ച്ച മുതലാണ് കാക്കകളുടെ ശുചീകരണ പ്രവര്‍ത്തനം പാര്‍ക്കില്‍ ആരംഭിക്കുന്നത്.

‘പാര്‍ക്കിന്റെ വൃത്തിക്കു പുറമെ പാര്‍ക്കിലെത്തുന്ന ആളുകളില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്താനും,പ്രകൃതിയെ കൊണ്ടു തന്നെ നമ്മെ പരിസ്ഥിതി സംരക്ഷിക്കാന്‍ പഠിപ്പിക്കുക എന്ന ഉദ്ദേശവുമാണ് ഇതിനു പിന്നില്‍’- പാര്‍ക്ക് അധികാരി നിക്കോളാസ് ഡി വെലീനര്‍ പറയുന്നു.

കാക്ക കുടുംബത്തിലെ ഏറ്റവും ബുദ്ധിയുള്ള റൂക്ക് വിഭാഗത്തില്‍പ്പെട്ട കാക്കള്‍ക്കാണ് ആവശ്യമായ പരിശീലനം നല്‍കിയിരിക്കുന്നത്. ഈ കാക്കകള്‍ വഴി ആളുകളില്‍ ശുചിത്വത്തിനെ കുറിച്ച് വലിയ അവബോധം സൃഷ്ടിക്കാന്‍ സാധിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ചെറിയ പെട്ടികളിലാണ് കാക്കള്‍ സിഗരറ്റ് കുറ്റികളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുക. ആ പെട്ടികളില്‍ അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളും ഉണ്ടായിരിക്കും വെലീനര്‍ പറയുന്നു. ഏതായാലും ഈ കാക്കകള്‍ നല്‍കുന്ന സന്ദേശത്തിലൂടെയെങ്കിലും പ്രകൃതിയെ സംരക്ഷിക്കാന്‍ നമുക്ക് പഠിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.