2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കസ്റ്റഡി മരണം: അന്വേഷണം ഇനി കേന്ദ്ര ഏജന്‍സിക്ക് പൊലിസിനെ ഇനി സി.ബി.ഐ പിടിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുണ്ടാകുന്ന കസ്റ്റഡി മരണങ്ങളെല്ലാം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം.
തൃശൂരില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ രഞ്ജിത്ത് കുമാര്‍ എന്ന യുവാവ് മരണപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിലാണ് കസ്റ്റഡി മരണങ്ങള്‍ ഇനിയുണ്ടായാലും സി.ബി.ഐ അന്വേഷിക്കുമെന്ന തീരുമാനമെടുത്തത്.
പാവറട്ടിയില്‍ നര്‍കോട്ടിക് സ്‌ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാന്‍ പാവറട്ടി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐയെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുമെന്ന സൂചനയാണ് ഇനിയുള്ള കേസുകള്‍ സി.ബി.ഐക്ക് കൈമാറുമെന്ന തീരുമാനത്തിനു പിന്നിലുള്ളത്. കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങള്‍ക്ക് കീഴില്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായാല്‍ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ ഒരു കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു പറയുമ്പോഴും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് സംസ്ഥാന പൊലിസിന്റെ അന്വേഷണത്തിലുള്ള വിശ്വാസക്കുറവുകൂടിയാണ് ഈ തീരുമാനത്തിലൂടെ പ്രകടമാകുന്നത്.
ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
ഇനി കസ്റ്റഡി മരണങ്ങളുണ്ടായാല്‍ അത് സി.ബി.ഐക്ക് വിടുമെന്നകാര്യം ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണക്കേസുകള്‍ സംഭവിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് താന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 15 കസ്റ്റഡി മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് കസ്റ്റഡി മരണങ്ങള്‍ ഉണ്ടായപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തില്‍ ഏഴ് കസ്റ്റഡി മരണങ്ങളും ഉണ്ടായി. ഈ വര്‍ഷം ഇതുവരെ മൂന്നു കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒക്ടോബര്‍ ഒന്നിന് തൃശൂരില്‍ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണം. രഞ്ജിത് കുമാറിന്റെ കഴുത്തിലും തലയ്ക്കു പിറകിലുമായി 12 ഓളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
തലയിലെ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.