2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മീര്‍ ഭീകരാക്രമണം: ഉചിത നടപടി ഉടന്‍

ശ്രീനഗര്‍: ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കണമെന്ന് ശക്തമായ ആവശ്യം.
പാക് അധീന കശ്മിരിലെ ക്യാംപുകളിലാണ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത്. ഈ ഭീകര ക്യാംപുകള്‍ തകര്‍ക്കണമെന്ന ആവശ്യമാണ് ഉന്നതതലയോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നു പ്രത്യാക്രമണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.
ഏതെങ്കിലും രാജ്യത്തിനെതിരായല്ല, ഭീകരതയ്‌ക്കെതിരായ പോരാട്ടമായാണ് ഇതിനെ കാണേണ്ടതെന്നും യോഗം വിലയിരുത്തി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, റോ മേധാവി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ആഭ്യന്തര, പ്രതിരോധ സെക്രട്ടറിമാര്‍, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍മാര്‍, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെ ജമ്മു കശ്മിരിലെ വിഘടനവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാകിസ്താനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തിലും ഉയര്‍ന്നിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കുമെന്നു കരസേനാമേധാവി ജനറല്‍ ധല്‍ബീര്‍സിങ് പറഞ്ഞു. നമ്മള്‍ തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും വച്ച് നാമവര്‍ക്ക് തിരിച്ചടി നല്‍കും. അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശവും സൈന്യത്തിനു ലഭിച്ചിട്ടുണ്ട്. അതിര്‍ത്തികടന്ന് വ്യേമാക്രമണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട ആശങ്കകളും അന്വേഷണ പുരോഗതികളും അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്.
ആക്രണണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലും പ്രത്യേക യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യസഹമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേനാമേധാവി ജനറല്‍ ധല്‍ബീര്‍സിങ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും സാധ്യതയുള്ളതായാണു വിവരം.
ഇതിനിടെ സംഭവത്തില്‍ പാകിസ്താന്റെ പങ്ക് തെളിയിക്കുന്നതിനായി ഇന്ത്യ തെളിവുകള്‍ ശേഖരിച്ചുതുടങ്ങി.
പാകിസ്താന്റെ അടയാളമുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നും പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നും കരസേനാമേധാവി ജനറല്‍ ധല്‍ബീര്‍ സിങ് പറഞ്ഞു. നവംബര്‍ 9, 10 തിയതികളില്‍ ഇസ്‌ലാമബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പാകിസ്താന്റെ പങ്കു സംബന്ധിച്ച തെളിവുകള്‍ നിരത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്.
അതേസമയം ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 33ാമത് സെഷനിലാണ് പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 18 ആയി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 18 ആയി. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.വികാസ് ജനാര്‍ദ്ദനാണ് ഇന്നലെ മരണമടഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ മുപ്പതോളം സൈനികര്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

കശ്മിരില്‍ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍: ഉറിയില്‍ ആക്രമണം നടന്ന് 48 മണിക്കൂറിനിടെ ജമ്മു കശ്മിരില്‍ വീണ്ടും ഭീകരാക്രമണം.
വടക്കന്‍ കശ്മിരിലെ അതിര്‍ത്തി ജില്ലയായ കുപ് വാരയിലെ ഹന്ദ്വാരയിലാണ് ഭീകരാക്രമണമുണ്ടായത്. അക്രമികള്‍ പൊലിസ് പോസ്റ്റിനു നേരെ വെടിവയ്ക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 7നും ഹന്ദ്വാരയില്‍ ആക്രമണം നടന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.