2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മിര്‍: പാലം കത്തിക്കാനൊരുങ്ങുന്നവര്‍

കെ.എ സലിം

 

 

 

ഫാസിസത്തിന്റെ വാചാല മികവിലാണ് ചരിത്രത്തിനുമേല്‍ കല്ലുവച്ച നുണകള്‍ ആസനമുറപ്പിക്കുന്നതെന്നതിന് കശ്മിര്‍ സംബന്ധിച്ച അമിത്ഷായുടെ പാര്‍ലമെന്റ് പ്രസംഗം ആദ്യ ഉദാഹരണമൊന്നുമല്ല. പക്ഷേ, കെട്ടുകാഴ്ചകളിലും നുണകളിലുമാണ് ഫാസിസം വളരുന്നതെന്ന ന്യായത്തില്‍ അവഗണിക്കാവുന്ന ഒന്നായി അതിനെ കാണുന്നത് അബദ്ധമാവും. നുണകളെ സാമൂഹ്യ സ്വീകാര്യതയുടെ സ്വാഭാവികതയിലേക്ക് വളരെ വേഗത്തില്‍ കൊണ്ടുപോകാന്‍ അതിന് കഴിയും. കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് വളരെ വേഗത്തില്‍ എടുത്തുകളയാവുന്ന താല്‍ക്കാലികമായ സംവിധാനമാണെന്ന അമിത്ഷായുടെ വാദത്തെ ലളിത പ്രതിലോമ യാഥാസ്ഥിതിക വാദമായി കാണാതിരിക്കുന്നതാവും നല്ലത്.
കശ്മിരിനെ ഇന്ത്യയിലേക്ക് ചേര്‍ത്തുവച്ച പാലമാണ് 370ാം വകുപ്പ്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ കേവലമൊരു മതപ്രശ്‌നമായി കാണാനാണ് സംഘ്പരിവാര്‍ എക്കാലവും താല്‍പര്യപ്പെട്ടത്. ഈ പാലമാണ് അമിത്ഷാ തന്റെ നുണകള്‍ കൊണ്ട് കത്തിച്ചുകളയാന്‍ നോക്കുന്നത്.
370ാം വകുപ്പ് താല്‍ക്കാലികമാണെന്നതാണ് അമിത്ഷാ പറഞ്ഞ ആദ്യത്തെ കള്ളം. 1960കള്‍ വരെ മാത്രമാണ് 370ാം വകുപ്പ് താല്‍ക്കാലികമായിരുന്നത്. കശ്മിരില്‍ ജനഹിതപരിശോധന നടത്താമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കശ്മിരിന്റെ ഭാവി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമുള്ള നെഹ്‌റുവിന്റെ നിലപാടിനെത്തുടര്‍ന്നായിരുന്നു അത്.
ഹിതപരിശോധന നടന്നിരുന്നെങ്കില്‍ 370ാം വകുപ്പ് അപ്രസക്തമാകുമായിരുന്നു. എന്നാല്‍ ജനഹിതപരിശോധനയുണ്ടായില്ല. ഈ വകുപ്പ് കശ്മിരിന് സുസ്ഥിരമാണെന്ന് 2017ല്‍ സന്തോഷ് ഗുപ്ത കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മിരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് 370ാം വകുപ്പ്. 1949 ഒക്ടോബര്‍ 17നാണ് ഇത് ഭരണഘടനയുടെ ഭാഗമായത്. ഇപ്രകാരം ജമ്മുകശ്മിരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മുകശ്മിര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ല.
1947ല്‍ പാകിസ്താന്റെ പിന്തുണയുള്ള സായുധ ഗോത്രക്കാരുടെ ആക്രമണത്തിന് പിന്നാലെ കശ്മിര്‍ ഭരണാധികാരി രാജാഹരിസിങ് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ തയാറാവുകയും ചെയ്താണ് 370ാം വകുപ്പിന്റെ തുടക്കം. 1948 മാര്‍ച്ചില്‍ ഹരിസിങ് ശൈഖ് അബ്ദുല്ലയെ പ്രധാനമന്ത്രിയാക്കി കശ്മിരില്‍ താല്‍ക്കാലിക സര്‍ക്കാരിന് രൂപം നല്‍കി. പിന്നാലെ ശൈഖ് അബ്ദുല്ലയും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും കശ്മിര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനും അതിനായി കശ്മിരിന് പ്രത്യക പദവി നല്‍കുന്ന 370ാം വകുപ്പ് രൂപീകരിക്കുന്നതിനുമുള്ള ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ഭാഗമായി.
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 1950 ജനുവരിയില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി 370ാം വകുപ്പ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. അതോടെയാണ് കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ജനഹിത പരിശോധനയെന്ന നിരവധി കാര്യങ്ങള്‍ അതോടൊപ്പം വേറെയുമുണ്ടായിരുന്നു.
370ാം വകുപ്പ് എടുത്തു കളയുകയോ അസാധുവാക്കുകയോ ചെയ്താല്‍ കശ്മിര്‍ ഇന്ത്യയുടെ ഭാഗമാവുന്ന കരാര്‍ ഇല്ലാതാകുമെന്ന് വകുപ്പിലെ 1-സി നിബന്ധനയില്‍ പറയുന്നുണ്ട്. 370ാം വകുപ്പില്ലെങ്കില്‍ നമുക്ക് കശ്മിരുമില്ലെന്ന് സാരം. 370ാം വകുപ്പ് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് നടന്ന കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും വകുപ്പിനെ അനുകൂലിച്ചാണ് നിലപാടെടുത്തത്.
എന്നാല്‍ വകുപ്പ് നിലവില്‍ വന്നതിന് ശേഷം അതിലെ വ്യവസ്ഥകളെ കേന്ദ്രസര്‍ക്കാര്‍ പലതവണ ലംഘിച്ചതായി എ.ജി നൂറാനി ‘ആര്‍ട്ടിക്കിള്‍ 370: കോണ്‍സ്റ്റിറ്റൂഷനല്‍ ഹിസ്റ്ററി ഓഫ് ജമ്മു ആന്‍ഡ് കശ്മിര്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് കേന്ദ്രത്തിന് കൂടുതല്‍ സഹായം നല്‍കുംവിധം നാലു തവണയാണ് ഭേദഗതി കൊണ്ടുവന്നത്. 1975 ജൂലൈ 23ന് ഗവര്‍ണര്‍ക്ക് അധികാരം ലഭ്യമാകുംവിധം ഭരണഘടനാ ഭേദഗതിയുണ്ടായി. ഈ ഘട്ടത്തില്‍ കശ്മിര്‍ ഭരണഘടനയിലും കേന്ദ്രം ഇടപെട്ട് ഭേദഗതി വരുത്തി. ഗവര്‍ണര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മിഷനും കൂടുതല്‍ അധികാരങ്ങളുണ്ടാകുന്നത് ഈ ഭേദഗതിയോടെയാണ്.
1986 ജൂലൈ 30ന് ഭരണഘടനയിലെ 249ാം വകുപ്പ് കശ്മിരിലേക്ക് ബാധകമാവുംവിധം പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തില്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ കൈകടത്താവുന്ന വകുപ്പായിരുന്നു ഇത്. തുടര്‍ന്ന് 1990ലും 1996ലുമാണ് ഭേദഗതിയുണ്ടായത്.
എന്നിരുന്നാലും 370നെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആരും ധൈര്യം കാട്ടിയിരുന്നില്ല. 370ാം വകുപ്പ് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1952 വരെ നെഹ്‌റു സര്‍ക്കാരിന്റെ ഭാഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയാണ് രാജിവച്ച് ജനസംഘം രൂപീകരിക്കുകയും 370ാം വകുപ്പിനെതിരേ ആദ്യമായി രാഷ്ട്രീയ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തത്.
കശ്മിരില്‍ പ്രവേശിക്കാന്‍ പ്രത്യേകം അനുമതി വേണ്ടിയിരുന്ന കാലത്ത് അതില്ലാതെ കശ്മിരിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മുഖര്‍ജി പിറ്റേന്ന് ഹൃദയാഘാതത്താല്‍ മരിച്ചു. മുഖര്‍ജിയുടെ മരണം സാധാരണ മരണമായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഒന്നിനു പിറകെ ഒന്നായി അടുക്കിവച്ച നുണകളുടെ മഞ്ഞുപാളികള്‍ കൊണ്ട് രാജ്യത്തിന്റെ ഭൂപട നിര്‍മിതിയുടെ സൗന്ദര്യപ്രശ്‌നത്തെ പരിഹരിച്ചു കളയാമെന്ന് കരുതുന്നവരാണ് സംഘ്പരിവാര്‍. ഈ നുണകള്‍ നമ്മെ തളര്‍ത്തിക്കളയുന്നത് കൊണ്ടാണ് ഹിന്ദുത്വ ഭീകരവാദ രാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെ ശബ്ദങ്ങള്‍ക്ക് പകച്ചുനില്‍ക്കേണ്ടി വരുന്നത്.
കപടമായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയ നടക്കുന്ന, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും ബലാത്സംഗങ്ങളുമുള്ള ലോകത്തിലെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട ജനവാസ പ്രദേശമാണ് കശ്മിര്‍. ഇവിടെയുള്ള സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ പട്ടാളത്തെ ഉപയോഗിച്ച് നടത്തുന്ന ജനാധിപത്യവിരുദ്ധമായ സൈനിക, രാഷ്ട്രീയാക്രമണങ്ങള്‍ മോദി സര്‍ക്കാരിന് കീഴില്‍ പതിന്മടങ്ങു വര്‍ധിക്കുകയാണുണ്ടായത്.
രണ്ടു പതിറ്റാണ്ടിനു ശേഷം കശ്മിരില്‍ നിന്നുള്ള ചെറുപ്പക്കാര്‍ തീവ്രവാദി സംഘങ്ങളിലേക്ക് ചേരാനായി പോകുന്ന പ്രക്രിയ വീണ്ടും തുടങ്ങിയത് മോദി ഭരണത്തിന്റെ സംഭാവനയാണെന്നത് കാണാതിരിക്കരുത്.
സ്വതന്ത്ര രാഷ്ട്രീയ വ്യവഹാര പ്രക്രിയയിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയെ മറികടക്കാനാകൂ. എന്താണ് കശ്മിരി ജനതയുടെ പ്രശ്‌നമെന്ന് നാം കാണാതെ പോകരുത്. എല്ലാം തോക്കുകൊണ്ട് പരിഹരിക്കാമെന്ന് കരുതുന്നത് ചരിത്രബോധമില്ലാത്ത ഒരു ഭരണകൂടത്തിന്റെ വൃഥാ ഹുങ്ക് മാത്രമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.