2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മിര്‍: ആശയവിനിമയ വിലക്ക് ആശങ്കാജനകമെന്ന് യു.എസ്

 

കശ്മിര്‍ വിഷയത്തില്‍ 22ന് യു.എസ് ജനപ്രതിനിധിസഭ വാദംകേള്‍ക്കും

 

വാഷിങ്ടണ്‍: ജമ്മുകശ്മിരിനുള്ള പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അതീവ ആശങ്ക അറിയിച്ച് യു.എസ് പാര്‍ലമെന്ററി സമിതി. മേഖലയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം എത്രയും വേഗം എടുത്തുകളയണമെന്നും സമിതി ആവശ്യപ്പെട്ടു. യു.എസ് പാര്‍ലമെന്റിന്റെ (യു.എസ് കോണ്‍ഗ്രസ്) അധോസഭയായ ജനപ്രതിനിധിസഭയുടെ വിദേശകാര്യം സംബന്ധിച്ച സമിതി അധ്യക്ഷന്‍ ബ്രാഡ് ഷെര്‍മാന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആശയവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി മേഖലയിലെ ജനജീവിതം തകര്‍ത്തെന്ന് സമിതി വിലയിരുത്തി. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ നീക്കാന്‍ സമയമായിരിക്കുന്നു. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും സൗകര്യങ്ങളും ജമ്മുകശ്മിര്‍ നിവാസികള്‍ക്കും ലഭ്യമാക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു. പാമ്പുകടിയേറ്റ 22 കാരന്‍ 16 മണിക്കൂറോളം യാതൊരു വൈദ്യസഹായവും ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ച ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്ത പങ്കുവച്ച് ഹൗസ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കശ്മിരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് തടങ്കലിലാണ്. സംസ്ഥാനത്തെ ജനജീവിതവും സ്തംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ലഭിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കുമെന്നും ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. വിദേശകാര്യ കമ്മിറ്റിയുടെ ഏഷ്യ ഉപസമിതി തലവന്‍ കൂടിയായ ബ്രാഡ് ഷെര്‍മന്‍ ഡമോക്രാറ്റ് നേതാവാണ്.
കശ്മിരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തില്‍ ഈ വിഷയത്തില്‍ വാദംകേള്‍ക്കാന്‍ യു.എസ് ജനപ്രതിനിധിസഭ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 22ന് ദക്ഷിണേഷ്യയിലെ മനുഷ്യാവകാശം സംബന്ധിച്ച് നടത്തുന്ന വാദംകേള്‍ക്കലിലെ സുപ്രധാന അജണ്ട കശ്മിര്‍ ആയിരിക്കുമെന്നും സമിതി അറിയിച്ചു. അമേരിക്കയുടെ വിദേശകാര്യനയം സംബന്ധിച്ച ബില്ലുകളിലും അന്വേഷണങ്ങളിലും ജനപ്രതിനിധിസഭയുടെ വിദേശകാര്യം സംബന്ധിച്ച സമിതിക്ക് നിയമപരമായ അധികാരമുണ്ട്. ദക്ഷിണേഷ്യ സംബന്ധിച്ച യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നയങ്ങള്‍ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സും ഡെമോക്രസി ബ്യൂറോ അസിസ്റ്റന്റ് സെക്രട്ടറി സ്‌കോട്ട് ബുസ്ബിയുമാണ് കശ്മിര്‍ വിഷയത്തില്‍ വാദംകേള്‍ക്കുക. യു.എസ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും സമിതി മുന്‍പാകെ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്തിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.