2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മിരില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: കശ്മിരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ അര്‍വാനിയില്‍ ആറു മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷമാണ് ഇവരെ വധിച്ചത്. അതേസമയം കശ്മിരിലെ ദക്ഷിണ താഴ്‌വരയില്‍ ഇതേ തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ അഭ്യൂഹങ്ങള്‍ പടരുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇവിടങ്ങളിലെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരെല്ലാം ലഷ്‌കറിന്റെ പ്രാദേശിക സംഘടനയില്‍പ്പെട്ട ഭീകരരാണെന്ന് കശ്മിര്‍ പൊലിസ് വ്യക്തമാക്കി. ആക്രമണം നടന്ന പ്രദേശങ്ങളില്‍ തെരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കശ്മിര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതോടെ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേരാണ് സംഭവം നടന്ന അനന്ത്‌നാഗിലെ അര്‍വാനി ഗ്രാമത്തിലേക്കെത്തിയത്. ഇവര്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞു.
സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ ഭീകരര്‍ക്കൊപ്പം പ്രമുഖ ലഷ്‌കര്‍ നേതാവായ അബു ദുജാനയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സേന ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ദക്ഷിണകശ്മിരിലെ ബാങ്കില്‍ തോക്കുചൂണ്ടി എട്ടു ലക്ഷം രൂപ തട്ടിയെടുത്തു. സംഘത്തില്‍ നാലു തോക്കുധാരികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തിലുള്ള ബാങ്കില്‍ എത്തിയ തോക്കുധാരികള്‍ അധികൃതരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണം കവരുകയായിരുന്നു. ഇവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലിസ് വ്യക്തമാക്കി. നേരത്തെ ലഷ്‌കര്‍ ഭീകരര്‍ സമാന ആക്രമണത്തിലൂടെ പണം കവര്‍ന്നിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.