2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മിരിലെ രാഷ്ട്രീയ ചൂതാട്ടം

പി. ഇസ്മായില്‍ 9895730301

 

കശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം പാര്‍ലമെന്റ് സമ്മേളനത്തില്‍ കശ്മിര്‍ സംവരണ ദേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വീണ്ടുവിചാരമില്ലാത്ത പ്രസംഗമാണ് വിഷയം സജീവമാക്കിയത്. കശ്മിരിനു സ്വയംഭരണം നല്‍കുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരവും പ്രത്യേക പദവി അനുവദിക്കുന്നത് 35 എ വകുപ്പ് മുഖാന്തരവുമാണ്. എന്നാല്‍ ഇതു താല്‍ക്കാലികം മാത്രമാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞുവച്ചത്.
കശ്മിരിനു പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമല്ലെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെക്കുറിച്ച് അജ്ഞാത നടിച്ചും മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ കശ്മിര്‍ വിഷയത്തില്‍ കുറ്റപ്പെടുത്തിയും ആഭ്യന്തര മന്ത്രി നടത്തിയ പ്രസംഗം ഗൗരവതരമാണ്. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മു കശ്മിര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം കാലം അവിടം നടപ്പാക്കാന്‍ കഴിയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലും മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ ഘടകങ്ങളിലും അഞ്ചു വര്‍ഷത്തെ കാലാവധിയാണെങ്കില്‍ കശ്മിരില്‍ ആറു വര്‍ഷമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ക്രമസമാധാന തകര്‍ച്ചയുടെയും മറ്റും കാരണങ്ങളാല്‍ നിയമസഭ പിരിച്ചുവിടുന്ന സമയം രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്താറുള്ളത്. കശ്മിരില്‍ അത്തരം സാഹചര്യത്തില്‍ ആദ്യത്തെ ആറുമാസം ചുമതല ഗവര്‍ണര്‍ക്കായിരിക്കും. ആറുമാസ കാലയളവില്‍ തെരഞ്ഞെടുപ്പ് നടക്കാതെ വന്നാല്‍ മാത്രമായിരിക്കും കശ്മിരില്‍ രാഷ്ട്രപതി ഭരണം. ഇതെല്ലാമാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ രത്‌നച്ചുരുക്കം.
കശ്മിര്‍ പൗരത്വവും ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വിസുകളില്‍ തൊഴിലവകാശവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും കശ്മിര്‍ നിവാസികള്‍ക്ക് മാത്രമായിരിക്കും. കശ്മിര്‍ വനിതയെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ വിവാഹം ചെയ്യുന്നതോടെ സ്വത്തിന്‍മേലുള്ള അവകാശമില്ലാതാവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കും കശ്മിരില്‍ ഒരു തുണ്ട് ഭൂമി വാങ്ങിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ മറ്റു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവില്ല. 35 എ വകുപ്പിലാണ് ഇതെല്ലാം പരാമര്‍ശിച്ചിട്ടുള്ളത്. 1927ല്‍ കശ്മിരിലെ ഹരി സിങ് രാജാവിന്റെ ഉത്തരവ് പ്രകാരം വര്‍ഷങ്ങളായി നിലനിന്നുപോന്ന അവകാശങ്ങളാണ് 35 എയില്‍ പറഞ്ഞിട്ടുള്ളതില്‍ ഭൂരിപക്ഷവും. ഒരേ രാജ്യത്തിനകത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്ന വാദം നിരത്തി ആര്‍ട്ടിക്കിള്‍ 370ഉം ഇന്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഉള്‍ച്ചേര്‍ത്ത 35 എ വകുപ്പും റദ്ദ് ചെയ്യണമെന്നാണ് ബി.ജെ.പി നിരന്തരമായി ആവശ്യപ്പെടുന്നത്.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കശ്മിരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുമെന്നത് ബി.ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ്.

കശ്മിര്‍ ജനതയെ വിശ്വാസത്തിലെടുക്കുംവിധം ഒരു നിയമനിര്‍മാണം സ്വതന്ത്ര്യാനന്തരം നടത്തിയില്ലായിരുന്നുവെങ്കില്‍ കശ്മിര്‍ പാകിസ്താന്റെ ഭാഗമായിട്ടുണ്ടാകുമെന്ന ചരിത്രസത്യത്തെ മറച്ചുപിടിച്ചാണ് സംഘ്പരിവാരങ്ങള്‍ പ്രചാരണം നടത്താറുള്ളത്. 1947ല്‍ ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യത്തോടൊപ്പം പാകിസ്താന്‍ എന്ന ഗര്‍ഭഛിദ്രവും പേറേണ്ടി വന്നിരുന്നു. 522 നാട്ടുരാജ്യങ്ങളാണ് അന്നു നിലവിലുണ്ടായിരുന്നത്. ഇന്ത്യയിലോ പാകിസ്താനിലോ ലയിക്കുക എന്നതു മാത്രമായിരുന്നു നാട്ടുരാജ്യങ്ങളുടെ മുന്നിലുള്ള മാര്‍ഗം. ഹൈദരാബാദ്, കശ്മിര്‍, തിരുവതാംകൂര്‍, ജൂനഗഢ് എന്നീ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്ര്യ രാജ്യങ്ങളായി നിലകൊള്ളാനുള്ള ശ്രമങ്ങളാണ് അവസാനം വരെയും നടത്തിയത്. ജൂനഗഢും കശ്മിരും ഇന്ത്യക്കുണ്ടാക്കിയ തലവേദന ചെറുതല്ല.

ജമ്മു കശ്മിരില്‍ ഭൂരിപക്ഷം ജനവിഭാഗങ്ങള്‍ മുസ്‌ലിംകളും രാജാവ് ഹൈന്ദവ വിശ്വാസിയുമായിരുന്നു. ഗുജറാത്തിലെ ജൂനഗഢിലെ അവസ്ഥ കശ്മിരില്‍നിന്ന് നേര്‍വിപരീതമായിരുന്നു. ജനങ്ങള്‍ ഭൂരിപക്ഷം ഹൈന്ദവരും രാജാവ് ഇസ്‌ലാം മതവിശ്വാസിയുമായിരുന്നു. ജൂനഗഢ് പാകിസ്താനോടൊപ്പം ചേരാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ അംഗീകരിച്ചില്ലെന്നു മാത്രമല്ല, പാകിസ്താനോട് കരാറില്‍നിന്ന് പിന്മാറാനും ആവശ്യപ്പെട്ടു. തീരുമാനത്തില്‍ ഇരുരാജ്യങ്ങളും ഉറച്ചുനിന്നപ്പോള്‍ സൈനികനീക്കത്തിലൂടെ ഇന്ത്യ ജൂനഗഢ് കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് നടന്ന ഹിതപരിശോധനയില്‍ ജനങ്ങളും ഇന്ത്യയില്‍ നിലയുറപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുകയുണ്ടായി. പാകിസ്താനൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കശ്മിരില്‍ പ്രക്ഷോഭം നടത്തിയവരെ നിറതോക്കുകളോടെയായിരുന്നു ഹരി സിങ് രാജാവ് നേരിട്ടത്. ആയിരക്കണക്കിനാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. പതിനായിരങ്ങള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. പാകിസ്താന്റെ സഹായത്തില്‍ പഠാന്‍ ഗോത്രക്കാര്‍ കശ്മിരിനെ ആക്രമിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കശ്മിര്‍ രാജാവ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ രാജ്യം കൈമലര്‍ത്തി. പ്രത്യേക നിബന്ധനകളോടെ ഇന്ത്യയില്‍ ലയിക്കാന്‍ കശ്മിര്‍ തയാറായി. പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നിവയില്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും കശ്മിരിനായിരിക്കും അധികാരം എന്നതായിരുന്നു കരാറിലെ വ്യവസ്ഥകള്‍.
1947 ഒക്ടോബര്‍ 26ന് കശ്മിരിലെ ഹരി സിങ് രാജാവും ബ്രട്ടീഷ് ഗവര്‍ണര്‍ ലോഡ് മൗണ്ടനും തമ്മില്‍ ഒപ്പിട്ട ഇന്‍സ്ട്രുമെന്റ് ഓഫ് അസഷനാണ് പിന്നീട് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370ല്‍ ഇടംപിടിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലും വി.പി മേനോനും പ്രകടിപ്പിച്ച ധീരതയും നയതന്ത്രജ്ഞതയും അവിസ്മരണീയമായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് കശ്മിരിനു നല്‍കിയ പദവി താല്‍ക്കാലികമല്ലെന്നാണ് സുപ്രിംകോടതി വിധികളില്‍ പറയുന്നത്. 1961ലാണ് കശ്മിര്‍ വിഷയം സുപ്രിംകോടതി ആദ്യമായി കേട്ടത്. പുരന്‍ലാല്‍ ലഖന്‍ പാലും പ്രസിഡന്റും തമ്മിലുള്ള കേസിലും 1968ല്‍ സമ്പത്ത് പ്രകാശും ജമ്മു കശ്മിര്‍ സ്റ്റേറ്റും തമ്മിലുള്ള കേസിലും 35 എ വകുപ്പ് നീക്കം ചെയ്യണമെന്ന വാദത്തെ സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. 1957ല്‍ ജമ്മുവും കശ്മിരും ലയിച്ചതിനാല്‍ കശ്മിരിനുള്ള പ്രത്യേക പദവി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 2014ല്‍ കുമാരി വിജയലക്ഷ്മി ഝാ നല്‍കിയ ഹരജിയിലും തുടര്‍ന്നുള്ള അപ്പീലിലും സുപ്രിംകോടതി മുന്‍പ് പറഞ്ഞ വിധിയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ കോടതിവിധി മാനിക്കാന്‍ നിര്‍ബന്ധിതനായ ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ വിധിയെ തള്ളിപ്പറഞ്ഞിട്ടുള്ളത്. ഭൂമിയിലെ സ്വര്‍ഗമെന്ന് കശ്മിരിനെ വിശേഷിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്താന്‍ പോലും അമിത് ഷാക്ക് ഒട്ടും ലജ്ജയുണ്ടായില്ല. നെഹ്‌റുവിന്റെ തന്ത്രപ്രധാന നീക്കങ്ങളാണ് കശ്മിരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതില്‍ നിര്‍ണായകമായതെന്ന ചരിത്രം പോലും ഇവര്‍ മനപൂര്‍വം മറക്കുകയാണ്.

കശ്മിരിനെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി മുന്നില്‍നിന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഷേഖ് അബ്ദുല്ലയും നെഹ്‌റുവും തമ്മില്‍ നിലനിന്ന സൗഹൃദം ഹിതപരിശോധനയില്‍ പ്രതിഫലിക്കും. അതു പാകിസ്താനു പ്രതികൂലമായി ബാധിക്കും. അക്കാരണത്താല്‍ അന്താരാഷ്ട്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തണമെന്നാണു പാകിസ്താന്‍ പോലും ഐക്യരാഷ്ട്രസഭയില്‍ പരാതി ഉന്നയിച്ചത്. സ്വന്തം ജന്മനാടായ കശ്മിരിനെ നെഹ്‌റു പാകിസ്താന് വേണ്ടി വിട്ടുകൊടുക്കാന്‍ തയാറായിരുന്നുവെന്ന അമിത് ഷായുടെ വാദം ഒരുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി മോദിയും ഉന്നയിച്ചിരുന്നു. ചരിത്ര പണ്ഡിതരോ രാഷ്ട്രീയ രംഗത്തെ പ്രമുഖരോ ഫോര്‍ത്ത് എസ്റ്റേറ്റിലെ തലതൊട്ടപ്പന്മാരോ ഈ വാദം മുഖവിലക്കെടുക്കാതെ തള്ളുകയായിരുന്നു.

കശ്മിരിനു പുറത്തുള്ള സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ഉത്തരഖാണ്ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോഴും പ്രത്യേക പദവിയുടെ ആനുകൂല്യം പറ്റുന്നവരാണ്. ചരിത്രപരവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ നല്‍കുന്ന പദവിയാണ് സ്‌പെഷല്‍ കാറ്റഗറി (എസ്.വി.എസ്) എന്നത്. കുറഞ്ഞ വരുമാനമുള്ളതും കുറവ് ജനസാന്ദ്രതയുള്ളതും മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും ദുര്‍ഘടമായ മലനിരകളുള്ളതുമായ സംസ്ഥാനങ്ങളെയാണ് രാജ്യം പ്രത്യേക പദവി നല്‍കി തലോടുന്നത്. ഈ സംസ്ഥാനങ്ങളില്‍ വികസനങ്ങള്‍ക്കായി അധിക കേന്ദ്ര ഫണ്ടും പ്രത്യേക നികുതി ഇളവും ലഭിക്കാറുണ്ട്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം തുടങ്ങിയ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ മാത്രം മതിയാകില്ല. താല്‍ക്കാലികമായി പ്രവേശനാനുമതി വാങ്ങിക്കൊണ്ടുള്ള ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സിസ്റ്റവും നിര്‍ബന്ധമാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലും മറ്റുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിന് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. പ്രത്യേക പദവി എടുത്തുമാറ്റിയാല്‍ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ തലപൊക്കും. അതിര്‍ത്തി രാജ്യങ്ങള്‍ അതിലൂടെ മുതലെടുപ്പ് നടത്തും. അങ്ങിനെയുള്ള സാഹചര്യങ്ങള്‍ മുന്നില്‍കണ്ടാണ് കാശ്മിരിനടക്കം സ്‌പെഷല്‍ പദവി നല്‍കിയിട്ടുള്ളത്.

ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രവാക്യം മുഴക്കി കശ്മിരിന്റെ കാര്യത്തില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു പ്രത്യേക അവകാശങ്ങള്‍ വകവച്ചു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 എ മുതല്‍ ഐ വരെയയുള്ള വകുപ്പുകളുടെ കാര്യത്തില്‍ അവര്‍ മൗനികളുമാണ്. കശ്മിരില്‍ കുടിയേറ്റം നടത്തി അധീശത്വം സ്ഥാപിക്കാന്‍ കഴിയാത്തതിന്റെയും കോര്‍പറേറ്റുകള്‍ക്ക് അവിടം സ്ഥലം കൈയടക്കാന്‍ കഴിയാത്തതിന്റെയും നിരാശയാണ് കശ്മിര്‍വിരുദ്ധ മുറവിളിക്കു പിന്നിലെ ചേതോവികാരം. സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതായാല്‍ അവിടം അശാന്തി പടരും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയ്ക്കും അതു സാരമായ പരുക്കേല്‍പ്പിക്കും. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് തുടങ്ങി കശ്മിരില്‍ വേരോട്ടമുള്ള പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീ കൊള്ളികൊണ്ട് തലചൊറിയുന്നതിലെ അപകടം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ മൃഗീയ ഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയചൂതാട്ടം കളിക്കുകയാണ്. പാര്‍ലമെന്റ് ഇലക്ഷനും പഞ്ചായത്ത് തെരഞ്ഞെടുപ്പും സമാധാനപരമായി നടന്ന കശ്മില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു പകരം രാഷ്ട്രപതി ഭരണത്തിന് ആറുമാസം കൂടി ആയുസ് നീട്ടിക്കൊടുത്തത് രാഷ്ട്രീയ കളമൊരുക്കലിന്റെ ഭാഗമാണ്. കശ്മിരിനെ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും എറിഞ്ഞുകൊടുക്കുന്ന അപക്വമായ രാഷ്ട്രീയത്തെ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.