2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കശ്മിരിന്റെ മണ്ണും മനസും

സിദ്ദീഖ് നദ്‌വി ചേരൂര്‍ 9497289151

 

 

രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലും ശത്രുതയിലുമായാല്‍ അതിന്റെ നേട്ടം ആര്‍ക്കാണു ലഭിക്കുക. മറ്റാര്‍ക്കു ലഭിച്ചാലും ആ രണ്ടു രാജ്യങ്ങള്‍ക്കുമല്ലെന്നുറപ്പ്. സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും താല്‍പ്പര്യമുള്ളവരാരും അയല്‍രാജ്യവുമായി തര്‍ക്കവും ശത്രുതയും തുടരാന്‍ ആഗ്രഹിക്കില്ല. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിച്ചു സ്വസ്ഥവും സമാധാനപൂര്‍ണവുമായ അന്തരീക്ഷം നിലനിര്‍ത്താനാണു രാജ്യസ്‌നേഹികള്‍ ശ്രമിക്കുക.
യുദ്ധാന്തരീക്ഷം സൃഷ്ടിച്ച്, ശത്രുവിനെ ഉടനെ തവിടുപൊടിയാക്കിക്കളയുമെന്നു വീമ്പിളക്കുന്നവര്‍ ഒന്നുകില്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന ധാരണയില്ലാത്തവരാണ്. അതല്ലെങ്കില്‍, രാജ്യമെന്തായാലും കുഴപ്പമില്ല, തങ്ങള്‍ക്കു ഭരണത്തുടര്‍ച്ച ഉറപ്പായാല്‍ മതിയെന്നു ചിന്തിക്കുന്നവരാണ്.
ഇനി, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എതിര്‍പ്പും ശത്രുതയും ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കു നല്‍കുന്നതു നേട്ടമോ കോട്ടമോയെന്നു വിലയിരുത്തി നോക്കൂ. 2018-19 വര്‍ഷത്തെ പാകിസ്താന്‍ പ്രതിരോധ ബജറ്റ് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. 9.6 ബില്യന്‍ ഡോളറാണു പാകിസ്താന്റെ പുതിയ വര്‍ഷത്തെ പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് മുന്‍ വര്‍ഷങ്ങളേക്കാള്‍ അഞ്ചിരട്ടി വര്‍ധിച്ച്, 50.7 ബില്യന്‍ ഡോളറായി. ഇത് കഴിഞ്ഞ വര്‍ഷം 46.6 ബില്യന്‍ ഡോളര്‍ ( 295 ലക്ഷം കോടി രൂപ) ആയിരുന്നെന്ന് ഓര്‍ക്കണം.
അടുത്തു തന്നെ ഇന്ത്യ പ്രതിരോധാവശ്യത്തിന് ഏറ്റവും കൂടുതല്‍ ചെലവാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറുമെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ സഊദി, യു.എസ്, ചൈന, യു.കെ എന്നിവ കഴിഞ്ഞ് അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. സമീപഭാവിയില്‍ ഇക്കാര്യത്തില്‍ നാം ബ്രിട്ടനെ പിന്നിലാക്കുമെന്നര്‍ഥം.
അപ്പോള്‍, പ്രതിരോധച്ചെലവിലെ ഈ ‘പുരോഗതി ‘ ഇന്ത്യക്കാര്‍ക്ക് എന്തു നേട്ടമാണു നല്‍കുകയെന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആയുധവ്യാപാരികള്‍ക്കും ഇടനിലക്കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിക്കുക. ഇന്ത്യക്കാരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവയ്‌ക്കേണ്ട വന്‍ തുകയാണു ശത്രുതയുടെ എരിതീയില്‍ എണ്ണയൊഴിക്കാനായി തുലച്ചുകളയുന്നത്.
2018ലെ ബജറ്റിലെ ഇന്ത്യയുടെ വിദ്യാഭ്യാസ വിഹിതം 79,685.95 കോടിയായിരുന്നു. തൊട്ടുമുമ്പത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 81,868 കോടിയേക്കാള്‍ 2,185.05 കോടി രൂപ കുറവ്. ആരോഗ്യരംഗത്തു ചെലവഴിക്കാന്‍ നീക്കിവച്ചത് 52,800 കോടി രൂപ മാത്രം. 2017-18ല്‍ അത് 50,079 കോടിയായിരുന്നു. നിസ്സാര വര്‍ധന മാത്രം. പ്രതിരോധത്തിനായാണ് ദൈനംദിന ജീവിതത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വന്‍തുക മാറ്റിവയ്ക്കുന്നത്. അതിന്റെ ഗുണഭോക്താക്കള്‍ ആയുധക്കമ്പനികള്‍ മാത്രം.
ഇനിയൊരു യുദ്ധമുണ്ടായാല്‍ എന്തായിരിക്കും നമ്മുടെ സമ്പദ്ഘടനയുടെയും സാമൂഹികജീവിതത്തിന്റെയും അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയും പാകിസ്താനും അണ്വായുധ രാജ്യങ്ങളാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. യുദ്ധംതുടങ്ങുന്നതു നാമാണെങ്കിലും അതവസാനിപ്പിക്കുന്നതു നമ്മളായിരിക്കില്ലെന്ന വാക്കുകള്‍ക്ക് ഇവിടെ വലിയ അര്‍ഥവും പ്രസക്തിയുമുണ്ട്.
ലോകത്ത് വിവിധഘട്ടങ്ങളില്‍ വിഭജിക്കപ്പെട്ട പല രാജ്യങ്ങളുമുണ്ട്. അങ്ങനെ വേര്‍പിരിഞ്ഞുണ്ടായ രാജ്യങ്ങള്‍ തമ്മിലൊന്നും ഇന്ത്യ- പാക് ബന്ധങ്ങിലുള്ളപോലെ യുദ്ധവെറിയും പരസ്പരവിദ്വേഷവും നിലനില്‍ക്കുന്നില്ല. പല രാജ്യങ്ങളും പതിറ്റാണ്ടുകള്‍ക്കു ശേഷമാണെങ്കിലും ഒന്നായിട്ടുപോലുമുണ്ട്. രണ്ടു യമനുകള്‍ കടുത്ത ശത്രുതയില്‍ കഴിഞ്ഞശേഷം ഒന്നായി. ഇരു ജര്‍മനികളും ഒന്നാവുകയും ബര്‍ലിന്‍ മതില്‍ തകര്‍ന്നടിയുകയും ചെയ്തു. കഠിനശത്രുതയില്‍ കഴിഞ്ഞ ഉത്തര- ദക്ഷിണ കൊറിയകളുടെ അതിര്‍ത്തിയില്‍ പോലും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വെള്ളപ്പുകയാണുയരുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ മാത്രം മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ അപൂര്‍വമായി മാത്രമേ ദൃശ്യമാകാറുള്ളൂ. അതുതന്നെ ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്നതാണു നില. സമാധാനത്തിന്റെ മേഘങ്ങള്‍ തെളിഞ്ഞു വരുന്നുവെന്നു തോന്നുമ്പോഴേയ്ക്കും അതിര്‍ത്തിക്കപ്പുറത്തോ ഇപ്പുറത്തോ വെടി പൊട്ടും, അല്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകും. അതോടെ രംഗം ചൂടുപിടിക്കും. വാക്കേറ്റം, കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍. അതോടെ മാനസികമായി അകലും. പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കും. ആയുധങ്ങളുടെ എണ്ണവും വണ്ണവും കൂട്ടും. ഇതൊക്കെ ആരുടെ ആവശ്യമാണ് .
ഇന്ത്യ-പാക് ഭിന്നതയുടെ അടിവേര് കശ്മിരിലാണ്. കശ്മിര്‍ രണ്ടു രാജ്യത്തിന്റെയും തൊണ്ടയില്‍ കുരുങ്ങിയ മുള്ളാണ്. കശ്മിര്‍ പ്രശ്‌നം രമ്യമായും മാന്യമായും പരിഹരിക്കണമെന്ന് ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമില്ലാത്തതുപോലെയാണു തോന്നുന്നത്. കശ്മിര്‍ പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ ഇരു രാജ്യത്തെയും ഭരണാധികാരികളുടെ പാളിച്ചകളും നയവൈകല്യങ്ങളും വലിയൊരളവു വരെ പങ്കു വഹിച്ചുവെന്നതും സത്യമാണ്. അതിന് ഏറ്റവും കനത്ത വില നല്‍കേണ്ടി വരുന്നത് ഇന്ത്യക്കാര്‍, വിശേഷിച്ചു കശ്മിര്‍ ജനതയാണ്.
കശ്മിരിനെ രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ഉപാധിയാക്കുന്നവര്‍ക്കൊന്നും കശ്മിര്‍ ജനതയുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരമുണ്ടാക്കാന്‍ താല്‍പ്പര്യമില്ല. മുട്ടുശാന്തിയും തൊലിപ്പുറത്തെ ചികിത്സയും കൊണ്ട് ഇവിടെയൊരു കാര്യവുമില്ല.
കശ്മിരിന്റെ പ്രത്യേകതയോ കശ്മിര്‍ ഇന്ത്യയുടെ ഭാഗമായതിനു പിന്നിലെ ചരിത്രപരവും രാഷ്ട്രീയവുമായ കരുനീക്കങ്ങളോ മനസ്സിലാക്കാതെ, അക്കാലത്ത് ഇരുപക്ഷത്തെയും നേതാക്കളും മധ്യസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചകളോ ധാരണകളോ ഒന്നുമറിയാതെ ഉപരിപ്ലവമായി ഈ വിഷയത്തെ സമീപിക്കുന്നവര്‍ നടത്തുന്ന ലാഘവബുദ്ധിയോടെയുള്ള നടപടികളും പ്രതികരണങ്ങളുമാണു കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നത്.
സങ്കീര്‍ണത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണില്‍ കശ്മിര്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരാണ്. പാകിസ്താനിലും അതേ മതത്തില്‍പ്പെട്ടവര്‍ക്കാണ് വന്‍ഭൂരിപക്ഷം. ആ മനസ്സോടെ നോക്കുന്നവര്‍ പോരാടുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഒരേ വൈകാരികഭാവവും ഒരു മതതാല്‍പ്പര്യവും കല്‍പ്പിച്ചു നല്‍കും. അതാണ് കശ്മിര്‍ പ്രശ്‌നത്തെയും പാകിസ്താനുമായുള്ള അയല്‍ബന്ധത്തെയും സ്‌ഫോടനാത്മകമായി നിലനിര്‍ത്തുന്നത്. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയപശ്ചാത്തലത്തില്‍ ചിലര്‍ അത്തരം വൈജാത്യങ്ങളെ വളച്ചൊടിച്ചു തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചയ്ക്കു വളമാക്കി മാറ്റി.
കശ്മിര്‍ പ്രശ്‌നം ചര്‍ച്ചയ്ക്കു വരുമ്പോഴെല്ലാം ചിലര്‍ ആവേശപൂര്‍വം നടത്തുന്ന പ്രതികരണം, കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതാണ്. ‘ദേശഭക്തി ‘യുടെ പുതിയ അവതാരങ്ങള്‍ക്കു ജമ്മുകശ്മിരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 വകുപ്പ് ഉള്‍ക്കൊള്ളാനാവുന്നേയില്ല. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആ വകുപ്പ് എടുത്തുകളയുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.
കശ്മിരിനെ സംബന്ധിച്ച ശരിയായ വസ്തുതയെന്താണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജെ. രാജശേഖരന്‍ നായര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്:
‘ഉത്തര്‍പ്രദേശ് പോലെയോ ഡല്‍ഹി പോലെയോ കേരളം പോലെയോ ഇന്ത്യയുടെ അവിഭാജ്യഘടകമാണോ കശ്മിര്‍. ഉത്തരം അല്ല എന്നാണ്. ഇതിനു കാരണം ഭരണഘടനയുടെ 370 അനുച്ഛേദമാണ്. ഇതനുസരിച്ചു പ്രതിരോധം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ മൂന്നു മേഖലകളൊഴിച്ചു മറ്റൊന്നിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമം ജമ്മുകശ്മിരിനു ബാധകമല്ല. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍, വ്യതിരിക്തമായ ഭരണഘടനയും വ്യത്യസ്തമായ പതാകയുമുള്ള ഒരേയൊരു സംസ്ഥാനം ജമ്മുകശ്മിരാണ്. ഇന്ത്യയുടെ രാഷ്ട്രപതിക്കുപോലും ജമ്മുകശ്മിരില്‍ ഭൂമി വാങ്ങാന്‍ അനുവാദമില്ല. ഈ പ്രത്യേക പദവി ഇന്ത്യാ ഗവണ്മെന്റ് ജമ്മുകശ്മിരിനു നല്‍കിയ ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല. മറിച്ച്, ജമ്മുകശ്മിരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കല്‍ മാത്രമാണ്. ‘

(ജെ. രാജശേഖരന്‍ നായര്‍ അഴിമുഖം സൈബര്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.)

കശ്മിരിന്റെ ചരിത്രം സംഭവബഹുലവും സങ്കീര്‍ണവുമാണ്. 5000 വര്‍ഷത്തെ ചരിത്രപാരമ്പര്യം അതിനുണ്ട്. ഒന്നാം സഹസ്രത്തിന്റെ ആദ്യപകുതിവരെ ഹിന്ദുമതത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ബുദ്ധമതക്കാരുടെ ആധിപത്യമായി. ക്രി. 1339 ലാണു ശംസുദീന്‍ ശാഹ്മീറിന്റെ നേതൃത്വത്തില്‍ മുസ്‌ലിംഭരണം നിലവില്‍ വരുന്നത്.
പില്‍ക്കാലത്ത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ കശ്മിര്‍ പിടിച്ചടക്കി. 1586 മുതല്‍ 1751 വരെ മുഗള്‍ഭരണത്തിന്‍ കീഴിലായിരുന്നു. തുടര്‍ന്ന് 1820 വരെ അഫ്ഗാനിലെ ദുര്‍ റാനി ഭരണത്തിന്‍ കീഴിലായി. പിന്നീട് സിഖ് ഭരണത്തിലേയ്ക്ക്. 1846ല്‍ ബ്രിട്ടിഷുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആംഗ്ലോ- സിഖ് യുദ്ധത്തില്‍ സിഖുകാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു പ്രദേശം ബ്രിട്ടിഷ് ആധിപത്യത്തിലായി. പഞ്ചാബിലെ മഹാരാജാവ് രഞ്ജിത് സിങ്ങിനു വേണ്ടി ജമ്മു രാജാവ് ഗുലാബ് സിങ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കശ്മിര്‍ ഗുലാബ് സിങ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നു വിലയ്ക്കു വാങ്ങി. അന്നത്തെ 75 ലക്ഷം രൂപയായിരുന്നു വില. അങ്ങനെയാണു ജമ്മുവും കശ്മിരും ഒരേ ഭരണത്തിന്‍ കീഴിലാകുന്നത്.
പിന്നീട്, ഹിന്ദു ഭരണത്തിന്‍ കീഴിലേയ്ക്കു വഴിമാറി. 1931ല്‍ ദോഗ്ര വംശജനായ രാജാവ് ഹരിസിങ്ങിന്റെ കാലത്ത് മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിവേചനവും ക്രൂരതകളുമുണ്ടായി. ദുര്‍റാനി ഭരണകാലത്തും സിഖ് ഭരണകാലത്തും കടുത്ത അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നടന്നിരുന്നെങ്കിലും അതെല്ലാം മുസ്‌ലിംകള്‍ സഹിക്കുകയായിരുന്നു.
ഇത്തവണ പക്ഷേ, പ്രതിഷേധവും ചെറുത്തുനില്‍പ്പുമുണ്ടായി. ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു ചെറുത്തുനില്‍പ്പ്. പ്രതിഷേധത്തിനായി അദ്ദേഹം ‘കശ്മിര്‍ മുസ്‌ലിം കോണ്‍ഫ്രന്‍സ് ‘ എന്ന സംഘടന രൂപീകരിച്ചു. കടുത്ത പോരാട്ടങ്ങളിലൂടെ ശൈഖ് അബ്ദുല്ല നാട്ടുകാരുടെ വീരപുരുഷനായി. ‘ശേര്‍ എ കശ്മിര്‍’ (കശ്മിരിന്റെ സിംഹം) എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചു. 1939 ഓടെ സംഘടന കശ്മിരിലെ പൊതു പ്ലാറ്റ് ഫോമായി. നാഷനല്‍ കോണ്‍ഫ്രന്‍സ് എന്നു പുനര്‍നാമകരണം നടത്തി.
ആ പ്രക്ഷോഭത്തെ തുടര്‍ന്നു ബ്രിട്ടനും മറ്റും ഇടപെട്ടു. മുസ്‌ലിംകള്‍ക്കു ഭരണത്തിലും ഉദ്യോഗരംഗത്തും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനമുണ്ടായി. അതനുസരിച്ചു കരാറുമുണ്ടായി. പക്ഷേ, പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഹരിസിങ്ങിനെതിരേ ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ‘ക്വിറ്റ് കശ്മിര്‍’ സമരം ആരംഭിച്ചത്.
തുടര്‍ന്ന് ശൈഖ് അറസ്റ്റിലായി. 1946ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 47 സപ്റ്റംബര്‍ 29നാണു ജയില്‍ മോചിതനാകുന്നത്. അതിനിടയില്‍ ഇന്ത്യ- പാക് വിഭജനം നടക്കുകയും ഇരു രാജ്യങ്ങളും ബ്രിട്ടിഷ് ഭരണത്തില്‍ നിന്നു മോചനം നേടുകയും ചെയ്തിരുന്നു.
(തുടരും)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.